യുഎസ് സൈനിക വിമാനങ്ങൾക്ക് ഇന്ധനം നൽകുന്ന ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ ഖത്തറിന് മുകളിൽ കാണാതായി. ഇറാന് സമീപം പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ ദുരന്ത സിഗ്നൽ നൽകിയ വിമാനം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനിടെയാണ് അപ്രത്യക്ഷമായതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് കാണാതായത്.
യുഎസ് സൈനിക വിമാനങ്ങൾക്ക് വേണ്ടി പറക്കുന്ന ഗ്യാസ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഒരു ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ ഖത്തറിന്‍റെ ആകാശത്ത് വച്ച് കാണാതായി. ഇറാന് സമീപം പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന ദുരന്ത സിഗ്നൽ പുറപ്പെടുവിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷത്തിന് ആക്കം കൂട്ടി ഇറാൻ, യുഎഇയ്ക്ക് നേരെ ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ച് അക്രമണം നടത്തിയതിനിടെയാണ് സംഭവമെന്നത് വലിയ ആശങ്കയാണ് ഉയർത്തി. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതായിരുന്നു വിമാനം.
അപ്രത്യക്ഷമാകും മുമ്പ് അടിയന്തര സന്ദേശം
വിമാനം ലാൻഡിംഗിനായി ഇറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് കുറച്ചുനേരം വായുവിൽ വൃത്താകൃതിയിൽ പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. അതേസമയം വിമാനം എന്തുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നതിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല, അതേസമയം വിമാനത്തിനെതിരെ ഒരു ആക്രമണം നടന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമൊന്നും ഉണ്ടായിട്ടുമില്ല. ഫ്ലൈറ്റ്റാഡാർ 24 -ൽ നിന്നുള്ള വിവരങ്ങൾ പങ്കുവച്ച് കൊണ്ട് ഇറാന്‍റെ അർദ്ധ - ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് വിമാനം കാണാതായതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വിമാനം അപ്രത്യക്ഷമായതിന് ഇറാന് പങ്കുള്ളതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം.
ഇറാൻ യുദ്ധത്തിനിടെ രണ്ടാമത്തെ നഷ്ടം
കഴിഞ്ഞ മാർച്ചിലെ യുദ്ധത്തിനിടെ ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിനിടെ യുഎസ് സേനയ്ക്ക് ഒരു കെസി-135 നഷ്ടപ്പെട്ടിരുന്നു. അന്ന് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇറാൻ പിന്തുണയുള്ള സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ഏറ്റെടുത്തിരുന്നു. ഇറാന്‍റെ പരമാധികാരത്തെയും വ്യോമാതിർത്തിയെയും പ്രതിരോധിക്കാൻ വിമാനം വെടിവച്ചിട്ടെന്നായിരുന്നു അന്ന് അവകാശപ്പെട്ടത്. എന്നാൽ ഇത്തവണ അത്തരമൊരു അവകാശവാദം ഇറാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതേസമയം യുഎസും വിമാനത്തെ കുറിച്ച് യാതെരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
യുദ്ധ വിമാനങ്ങൾക്ക് വായുവിൽ വച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്നതരം വിമാനമാണ് കെസി -135. ഈ വിമാനങ്ങൾക്ക് മുകളിൽ ഒരു കാർഗോ ഡക്കുണ്ട്. ഇത് വഴി സൈനീകരെയും സൈനിക ഉപകരണങ്ങളെയും യുദ്ധമുഖത്തേക്കെത്തിക്കാൻ സാധിക്കുന്നു. ഏതാണ്ട് 60 വർഷമായി യുഎസ് സൈന്യത്തിനൊപ്പമുള്ള വിമാനമാണ് ഇപ്പോൾ അപ്രത്യക്ഷമായത്. ഈ വിമാനത്തിന്‍റെ സഹായത്തോടെ യുദ്ധവിമാനങ്ങൾ, ബോംബറുകൾ, മറ്റ് സൈനിക വിമാനങ്ങൾ എന്നിവയ്ക്ക് കൂടുതൽ സമയം വായുവിൽ തങ്ങി നിന്ന് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നു.





