ദില്ലി: സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം സ്റ്റാർസ് പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ അം​ഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുതിയ ദേശീയ വിദ്യഭ്യാസ നയം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രക്രിയയുടെ ഭാ​ഗമായി ടീച്ചിം​ഗ് ലേണിം​ഗ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് പദ്ധതിക്ക് (സ്റ്റാർസ്)  അം​ഗീകാരം ലഭിച്ചതായി പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോ​ഗത്തിന് ശേഷം ജാവദേക്കർ മാധ്യമപ്രവർത്തകരെ അറിയിച്ചു. 

5718 കോടി ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റാർസ് പദ്ധതിക്ക് ലോകബാങ്കിന്റെ പിന്തുണയുണ്ട്. 3700 കോടി രൂപയുടെ സഹായമാണ് ലോകബാങ്കിൽ നിന്ന് ലഭിക്കുക. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് സ്റ്റാർസ് പദ്ധതി നടപ്പിൽ വരുത്തുന്നത്. പഠനത്തിനൊപ്പം തന്നെ അധ്യാപനവും ശക്തിപ്പെടുത്തുക എന്നതാണ് സ്റ്റാർസ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. കേരളത്തിന് പുറമെ ഹിമാചൽപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലാണ് സ്റ്റാർസ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ലെ ലക്ഷ്യങ്ങളോടു ചേർന്ന് പോകുന്ന വിധത്തിലാണ് സ്റ്റാർസ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുക, സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾക്ക് പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിനാണ് പദ്ധതി നടത്തിപ്പ് ചുമതല. ​ഗുണനിലവാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സ്റ്റാർസ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.