അവസാന ദിവസം 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ഷമര്‍ ബ്രൂക്സും(62), ജെര്‍മന്‍ ബ്ലാക്ക്‌വുഡും(55) സമനില സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
മാഞ്ചസ്റ്റര്‍: ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇംഗ്ലണ്ടിന്റെ ഏറ്റവും മൂല്യമേറിയ താരം ഇപ്പോള്‍ ബെന്‍ സ്റ്റോക്സ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകനായി അരങ്ങേറിയപ്പോള്‍ പരാജയ രുചിക്കേണ്ടിവന്നെങ്കിലും വ്യക്തിഗത പ്രകടനത്തില്‍ സ്റ്റോക്സ് അപ്പോഴും തല ഉയര്‍ത്തി നിന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ മൂലം ഒരു ദിവസം മുഴവുന്‍ നഷ്ടമായിട്ടും ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത് സ്റ്റോക്സിന്റെ ബാറ്റിംഗും ബൗളിംഗും തന്നെയായിരുന്നു. ഇതിനിടെ ആത്മസമര്‍പ്പണത്തിന്റെ തെളിവായി സ്റ്റോക്സിന്റെ ഫീല്‍ഡിംഗ് കൂടിയുണ്ടായിരുന്നു.
അവസാന ദിവസം 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ഷമര്‍ ബ്രൂക്സും(62), ജെര്‍മന്‍ ബ്ലാക്ക്‌വുഡും(55) സമനില സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ആദ്യ ടെസ്റ്റില്‍ തോറ്റതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനായി ഇംഗ്ലണ്ട് മിഡ് ഓണും മിഡ് ഓഫും ഒഴിച്ചിട്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് ചുറ്റും ഫീല്‍ഡൊരുക്കി അക്രമണാത്മക ഫീല്‍ഡൊരുക്കി വിന്‍ഡീസിന് കെണിയൊരുക്കി.
ഇതിനിടെ മത്സരത്തിന്റെ 43-ാം ഓവറില്‍ ബെന്‍ സ്റ്റോക്സ് എറിഞ്ഞ പന്ത് ഒഴിഞ്ഞു കിടന്ന മിഡ് ഓഫിലൂടെ ബ്ലാക്ക്‌വുഡ് ബൗണ്ടറിയിലേക്ക് പായിച്ചു. എന്നാല്‍ പന്തെറിയാന്‍ ഓടിയെത്തിയ അതേവേഗത്തില്‍ പന്തിന് പിന്നാലെ തിരിച്ചോടിയ സ്റ്റോക്സ് ബൗണ്ടറിക്ക് തൊട്ടരികെവെച്ച് ഡൈവ് ചെയ്ത് പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞു. അതേ ഓവറില്‍ തന്നെ ബ്ലാക്ക്‌വുഡിനെ പുറത്താക്കിയ സ്റ്റോക്സ് തന്നെ വിന്‍ഡീസിനെ പരാജയത്തിലേക്ക് തള്ളിയിടുകയും ചെയ്തു.
