2007-ൽ ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ലളിത് മോദി താരങ്ങളെ സമീപിച്ചത്. 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെയും ലോക ക്രിക്കറ്റിനെത്തന്നെയും മാറ്റിമറിച്ച സംഭവമായിരുന്നു 2007-ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് കിരീടനേട്ടം. എം.എസ് ധോണിയുടെ നേതൃത്വത്തിൽ യുവനിര ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയപ്പോൾ അത് ഐപിഎൽ ഉൾപ്പെടെയുള്ള വമ്പൻ മാറ്റങ്ങൾക്ക് വഴിവെച്ചു. എന്നാൽ, അന്ന് ആ ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിനെ അയക്കാൻ ബിസിസിഐയും മുതിർന്ന താരങ്ങളും കാണിച്ച വിമുഖതയെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ മുൻനിര താരങ്ങളോട് താൻ അന്ന് ടി20 കളിക്കാൻ 'കെഞ്ചിയ' കഥ ലളിത് മോദി പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2007-ൽ ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ലളിത് മോദി താരങ്ങളെ സമീപിച്ചത്. 2007-ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോൾ ഞാൻ ഡ്രെസ്സിംഗ് റൂമിൽ പോയി ഓരോ താരത്തെയും വ്യക്തിപരമായി കണ്ടിരുന്നു. ദയവുചെയ്ത് നിങ്ങൾ ടി20 ലോകകപ്പിൽ കളിക്കണം എന്ന് ഞാൻ അവരോട് കെഞ്ചി പറഞ്ഞു. എന്നാൽ അവരുടെ പ്രതികരണം മറ്റൊന്നായിരുന്നു. ലളിത്, നീ തമാശ പറയുകയാണോ? എന്തൊരു മണ്ടൻ കളിയാണിത്? ഞങ്ങൾക്ക് ഇത് കളിക്കേണ്ട' എന്നാണ് ഡ്രെസ്സിംഗ് റൂമിൽ വെച്ച് എല്ലാവരും എന്നോട് പറഞ്ഞത്. നീണ്ട ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്നത്തെ കാലത്ത് ഒരു ലോകകപ്പിൽ നിന്ന് ഏതെങ്കിലും ഒരു താരം ഇങ്ങനെ വിട്ടുനിന്നാൽ ആരാധകരും ബോർഡും മാധ്യമങ്ങളും അത് അംഗീകരിക്കുമോ എന്നും ലളിത് മോദി ചോദിച്ചു.

ധോണിയുടെ കീഴിൽ അയച്ചത് ഇന്ത്യയുടെ 'ബി ടീം'

മുതിർന്ന താരങ്ങൾ പിന്മാറിയതോടെ ബിസിസിഐ അന്ന് ഇന്ത്യയുടെ പ്രധാന ടീമിനെയല്ല ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചതെന്ന് ലളിത് മോദി പറഞ്ഞു. ബിസിസിഐ അന്ന് ഇന്ത്യയുടെ പ്രധാന ടീമിനെയല്ല അങ്ങോട്ട് അയച്ചത്. തികച്ചും പരിചയസമ്പന്നരല്ലാത്ത, യുവതാരങ്ങൾ അടങ്ങുന്ന ഒരു രണ്ടാം നിര ടീമിനെ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ അയക്കുകയായിരുന്നു. സച്ചിനോ, ദ്രാവിഡോ, ഗാംഗുലിയോ അന്ന് കളിച്ചതേയില്ല. ഇന്ന് ഏതെങ്കിലും ലോകകപ്പിന് ഇന്ത്യ ഒരു ബി ടീമിനെ അയച്ചാൽ പൊതുജനങ്ങളും ക്രിക്കറ്റ് ബോർഡും അത് സമ്മതിക്കുമോ? വലിയ പ്രതിഷേധം തന്നെ ഉണ്ടാകുമായിരുന്നു- ലളിത് മോദി കൂട്ടിച്ചേർത്തു. ആദ്യകാലങ്ങളിൽ ഇന്ത്യയിൽ ടി20 ക്രിക്കറ്റിന് യാതൊരുവിധ പിന്തുണയും ഉണ്ടായിരുന്നില്ലെന്നും കാണികൾ കുറവായതിനാൽ സ്പോൺസർമാരും പരസ്യക്കാരും ഇതിലേക്ക് വരാൻ മടിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ലോകകപ്പിന് തുടക്കത്തിൽ റേറ്റിംഗ്സ് വളരെ കുറവായിരുന്നു. എന്നാൽ ഒരു ഒറ്റ നിമിഷം കൊണ്ട് ടൂർണമെന്‍റിന്‍റെ വിധി മാറിമറിഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ 6 സിക്സറുകൾ അടിച്ചതോടെയാണ് ലോകകപ്പിന് ആഗോള ശ്രദ്ധ ലഭിച്ചതെന്ന് ലളിത് മോദി പറഞ്ഞു.ടി20 ഫോർമാറ്റ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ഇത്തരം അവിശ്വസനീയ പ്രകടനങ്ങൾ നടത്തുന്നവർക്ക് പ്രത്യേക പ്രോത്സാഹനം നൽകാൻ താൻ മുൻകൈ എടുത്തിരുന്നുവെന്നും ലളിത് മോദി പറഞ്ഞു. ഒരു ഓവറിൽ ആറ് സിക്സോ അല്ലെങ്കിൽ ആറ് വിക്കറ്റോ നേടുന്നവർക്ക് വലിയ പിന്തുണ നൽകുമെന്ന് താൻ പ്രഖ്യാപിച്ചിരുന്നു. ആരും വിശ്വസിക്കാതിരുന്ന ഒരു ഫോർമാറ്റിനെ വിജയിപ്പിക്കാൻ താൻ ലോകം മുഴുവൻ നടന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ലളിത് മോദി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക