മുംബൈ: എം എസ് ധോണിക്ക് ഒട്ടേറെ തവണ തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്നാല്‍ അത് അദേഹത്തോട് പറയാന്‍ പാടില്ലായിരുന്നുവെന്നും സ്‌പിന്നര്‍ കുല്‍ദീപ് യാദവ് പറഞ്ഞതായുള്ള വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. കുല്‍ദീപിന്‍റെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഒരു വാര്‍ത്താ ഏജന്‍സിയായിരുന്നു ആദ്യം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു.

ധോണിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും മഹി ഭായിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഇന്‍സ്റ്റാഗ്രാമില്‍ രംഗത്തെത്തി കുല്‍ദീപ് യാദവ്. കുല്‍ദീപിന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഇങ്ങനെ...'കാരണങ്ങളില്ലാതെ അഭ്യൂഹങ്ങള്‍ പരത്താന്‍ ഇഷ്ടപ്പെടുന്ന മാധ്യമങ്ങള്‍ സൃഷ്ടിച്ച മറ്റൊരു വിവാദം. വാര്‍ത്ത പൂര്‍ണമായും തെറ്റാണ്.  ഞാന്‍ ആരെയും കുറച്ച് അനാവശ്യ പ്രയോഗങ്ങള്‍ നടത്തിയിട്ടില്ല. മഹി ഭായിയെ ഏറെ ബഹുമാനിക്കുന്നു'.

ക്രിക്കറ്റിലെ തന്ത്രങ്ങളുടെ ആശാനായ ധോണിക്ക് പിഴച്ചിട്ടുണ്ടെന്നും അദേഹം കൂളല്ല എന്നും ഒരു ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങിനിടെ കുല്‍ദീപ് പറഞ്ഞതായായിരുന്നു നേരത്തെ വന്ന വാര്‍ത്ത. ധോണിയുടെ കൂള്‍ കൈവിട്ട സന്ദര്‍ഭങ്ങളും പലരും ചൂണ്ടിക്കാട്ടി. ഇതോടെ കുല്‍ദീപിനെതിരെ ആരാധക പ്രതിഷേധവും ആരംഭിച്ചു. സംഭവം വലിയ വിവാദമായതോടെയാണ് വിശദീകരണവുമായി കുല്‍ദീപ് രംഗത്തെത്തിയത്. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ പ്രാഥമിക സ്‌ക്വാഡില്‍ അംഗങ്ങളാണ് ധോണിയും കുല്‍ദീപും.