ക്രൈസ്റ്റ്‌ചര്‍ച്ച്: ക്രൈസ്റ്റ്‌ചര്‍ച്ച് ടെസ്റ്റില്‍ ആദ്യദിനം പിടിമുറുക്കി ന്യൂസിലന്‍ഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 242 റണ്‍സ് പിന്തുടര്‍ന്ന കിവീസ് 23 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 60 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ടോം ലാഥമും(27*), ടോം ബ്ലന്‍ഡലും(29*) ആണ് ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താല്‍ കിവികള്‍ക്ക് 179 റണ്‍സ് കൂടി വേണം. 

ജമൈസണിന് മുന്നില്‍ ഇന്ത്യ തരിപ്പണം

നേരത്തെ, കെയ്‌ല്‍ ജമൈസണിന്‍റെ അഞ്ച് വിക്കറ്റിന് മുന്നില്‍ പതറിയ ഇന്ത്യ 60 ഓവറില്‍ 242 റണ്‍സില്‍ പുറത്താവുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മായങ്ക് ഏഴ് റണ്‍സേ നേടിയുള്ളൂ. മൂന്ന് റണ്‍സെടുത്ത കോലി വീണ്ടും സൗത്തിക്ക് മുന്നില്‍ അടിയറവുപറഞ്ഞു. ഉപനായകന്‍ അജിങ്ക്യ രഹാനെ ഏഴ് റണ്‍സില്‍ മടങ്ങി. അഞ്ച് ബാറ്റ്സ്‌മാന്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് വന്‍തകര്‍ച്ചയിലും ചെറിയ ആശ്വാസമായത്.

Read more: വീണ്ടും കുഞ്ഞന്‍ സ്‌കോര്‍, റിവ്യൂ പാഴാക്കി; കോലിക്കെതിരെ ആളിക്കത്തി ആരാധകരോക്ഷം
 
വെറും 48 റണ്‍സിനിടെ അവസാന ആറ് വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത് കനത്ത പ്രഹരമായി. ഋഷഭ് പന്ത്(12), രവീന്ദ്ര ജഡേജ(9), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(16) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ജസ്‌പ്രീത് ബുമ്ര 10 റണ്‍സുമായി പുറത്താകാതെ നിന്നു. ജമൈസണ്‍ 14 ഓവറില്‍ 45 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടുവീതവും നീല്‍ വാഗ്‌നര്‍ ഒരു വിക്കറ്റും നേടി. 

ഉമേഷ് യാദവ് ഇശാന്തിന് പകരവും രവീന്ദ്ര ജഡേജ അശ്വിന് പകരവുമാണ് ടീമിലെത്തിയത്. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 

Read more: 48 റണ്‍സിനിടെ 6 വിക്കറ്റ്; ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ പുറത്ത്