ക്രൈസ്റ്റ്‌ചര്‍ച്ച്: തുടര്‍ച്ചയായ 21-ാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ കോലി വെറും മൂന്ന് റണ്‍സില്‍ വീണു. ഒരു റിവ്യൂ പാഴാക്കിയാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. ഇതോടെ കടുത്ത വിമര്‍ശനമാണ് കിംഗ് കോലിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. 

Read more: 48 റണ്‍സിനിടെ ആറ് വിക്കറ്റ്; ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ പുറത്ത്; ജമൈസണ് അഞ്ച് വിക്കറ്റ്

ഒരിക്കല്‍ കൂടി ടിം സൗത്തിയാണ് കോലിക്ക് മടക്കടിക്കറ്റ് നല്‍കിയത്. പതിനഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് നില്‍ക്കേ കോലി എല്‍ബിയില്‍ കുടുങ്ങി. ഇന്ത്യ നായകന്‍ റിവ്യൂ ചെയ്‌തതോടെ ടീമിന്‍റെ റിവ്യൂകള്‍ തീര്‍ന്നു. നേരത്തെ, മായങ്ക് അഗര്‍വാള്‍ ഒരു റിവ്യൂ ഉപയോഗിച്ചിരുന്നു. ഇതോടെ കോലിക്കെതിരെ ആരാധകര്‍ തിരിയുകയായിരുന്നു. ഈ പര്യടനത്തില്‍ ഏഴാം തവണയാണ് കോലി 20 തികയ്‌ക്കാതെ മടങ്ങിയത്. അവസാന 21 ഇന്നിംഗ്‌സിലും കോലിക്ക് സെഞ്ചുറിയില്ല.

കോലിയടക്കമുള്ള മുന്‍നിര മികവിലേക്കുയരാതിരുന്ന മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 242 റണ്‍സില്‍ പുറത്തായി. 63 ഓവര്‍ മാത്രമേ ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കെയ്‌ല്‍ ജമൈസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. അഞ്ച് ബാറ്റ്സ്‌മാന്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. 

Read more: ഏകദിനശൈലിയില്‍ അര്‍ധ സെഞ്ചുറി; റെക്കോര്‍ഡ് ബുക്കില്‍ സച്ചിന് പിന്നിലെത്തി പൃഥ്വി ഷാ