ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആര്‍സിബിക്ക് ക്യാപ്റ്റന്‍ ഫാഫ് ഡപ്ലെസിയും വിരാട് കോലിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്
അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 35 റണ്‍സെടുത്ത രജത് പാടീദാറും 34 റണ്‍സെടുത്ത വിരാട് കോലിയും 32 റണ്‍സെടുത്ത മഹിപാല്‍ ലോംറോറുമാണ് ആര്‍സിബിക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ 44 റണ്‍സിന് മൂന്നും അശ്വിന്‍ 19 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.
നല്ലതുടക്കം പിന്നെ തകര്‍ച്ച
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആര്‍സിബിക്ക് ക്യാപ്റ്റന്‍ ഫാഫ് ഡപ്ലെസിയും വിരാട് കോലിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ട്രെന്‍റ് ബോള്‍ട്ട് ഒഴികെയുള്ള ബൗളര്‍മാരെയെല്ലാം തല്ലിപ്പരത്തിയ ഇരവരും 4.4 ഓവറില്‍ ആര്‍സിബിയെ 37 റണ്‍സിലെത്തിച്ചു. എന്നാല്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ ഡൂപ്ലെസിയെ(17) റൊവ്മാന്‍ പവല്‍ പറന്നു പിടിച്ച് ആര്‍സിബിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. വിരാട് കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ആര്‍സിബിയെ 50 കടത്തിയെങ്കിലും ചാഹലിനെ സിക്സ് പറത്താനുള്ള കോലിയുടെ(33)ശ്രമം ബൗണ്ടറിയില്‍ ഡൊണോവന്‍ ഫെരേരയുടെ കൈകളിലൊതുങ്ങി.
രാജസ്ഥാന് തിരച്ചടിയായി വീണ്ടും അമ്പയറിംഗ് അബദ്ധം, ഗോള്‍ഡൻ ഡക്കായ കാർത്തിനെ രക്ഷിച്ച് ടി വി അമ്പയർ
കാമറൂണ്‍ ഗ്രീന്‍(27) തകര്‍ത്തടിക്കാന്‍ തുടങ്ങുമ്പോഴേക്കും ആര്‍ അശ്വിന്‍ മടക്കി. അഞ്ച് റണ്‍സെടുത്ത് നില്‍ക്കെ അശ്വിന്‍റെ പന്തില്‍ ധ്രുവ് ജുറെല്‍ കൈവിട്ടതോടെ ജീവന്‍ ലഭിച്ച രജത് പാടീദാര്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബിക്ക് പ്രതീക്ഷയായി. എന്നാല്‍ ഗ്രീന്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍(0) ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയതോടെ ആര്‍സിബി പതിമൂന്നാം ഓവറില്‍ 97-4 എന്ന സ്കോറില്‍ പതറി. രജത് പാടീദാറും മഹിപാല്‍ ലോംറോറും പ്രതീക്ഷ നല്‍കിയെങ്കിലും ആവേശ് ഖാനെ സിക്സ് പറത്തിയതിന് പിന്നാലെ രജത് പാടീദാര്‍(22 പന്തില്‍ 34) അമിതാവേശത്തില്‍ വീണു. 122-5ലേക്ക് വീണ ആര്‍സിബി പകച്ചു നില്‍ക്കെ അടുത്ത പന്തില്‍ ദിനശ് കാര്‍ത്തിക് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അമ്പയറുടെ അബദ്ധത്തില്‍ ജീവന്‍ കിട്ടി. കാര്‍ത്തിക്കും ലോംറോറും ചേര്‍ന്ന് ആര്‍സിബിയെ പതിനെട്ടാം ഓവറില്‍ 150 കടത്തി.
പത്തൊമ്പാതം ഓവറില്‍ മഹിപാല്‍ ലോംറോറിനെയും(17 പന്തില്‍ 32) വീഴ്ത്തി ആവേശ് മൂന്ന് വിക്കറ്റ് തികച്ചു. അവസാവ രണ്ടോവറില്‍ 28 റണ്‍സ് കൂടി എടുത്ത് സ്വപ്നില്‍ സിംഗും കരണഅ ശര്‍മയും ചേര്‍ന്ന് ആര്‍സിബിയെ 172 റണ്‍സിലെത്തിച്ചു.
