ബെംഗളൂരുവിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന പശുക്കിടാവിൻ്റെ ദൃശ്യം പകര്‍ത്തി വിദേശത്തു നിന്നുള്ള സഞ്ചാരി പാബ്ലോ ഗാർഷ്യ. 'ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്ന്' എന്ന കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കയാണ്.

തിരക്കേറിയ ബെംഗളൂരു നഗരം. എങ്ങും ചീറിപ്പായുന്ന വണ്ടികൾ... എന്നാൽ, വിദേശ സഞ്ചാരിയായ പാബ്ലോ ഗാർഷ്യയുടെ കണ്ണുകൾ ഉടക്കിയത് ആ കാഴ്ചയിലേക്കാണ്. ഓട്ടോറിക്ഷയിൽ സമാധാനമായി യാത്ര ചെയ്യുന്ന ഒരു പശുക്കിടാവ്. ഓട്ടോയിൽ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് പാബ്ലോ ഗാർഷ്യ തൻറെ സമീപത്തു കൂടി പോകുന്ന മറ്റൊരു ഓട്ടോ ശ്രദ്ധിച്ചത്. ആ ഓട്ടോറിക്ഷ ഗതാഗത കുരുക്കുകൾക്ക് ഇടയിലൂടെ മുന്നോട്ടു സഞ്ചരിക്കുകയാണ്. അതിനുള്ളിൽ ഒരു പശുക്കിടാവ് സാധാരണ യാത്രക്കാരനെ പോലെ ശാന്തമായി ഇരിക്കുന്നു. വിദേശ സഞ്ചാരിയായ പാബ്ലോയ്ക്ക് ഈ ദൃശ്യങ്ങൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷം പാബ്ലോ ഗാർഷ്യ ഇങ്ങനെ എഴുതി- 'ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്ന്'.

എന്തായാലും, രസകരമായ ഈ വീഡിയോ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റെടുത്തത്. ദൃശ്യങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ 40000 -ൽ അധികം ആളുകൾ ഇത് കണ്ടു. ഇത്തരം അസാധാരണവും എന്നാൽ രസകരവുമായ സംഭവങ്ങൾ ഇന്ത്യയിൽ പലയിടത്തും കാണാൻ സാധിക്കും. ഇവിടുത്തെ സാധാരണ ജീവിതത്തിൻറെ ഭാഗമാണിതെന്ന് ദൃശ്യങ്ങൾ കണ്ട് പലരും ഓർമ്മിപ്പിച്ചു. ചിലർ രാജ്യത്തുടനീളമുള്ള യാത്രകളിൽ നിന്നുള്ള സമാനമായ അനുഭവങ്ങളും പങ്കുവെച്ചു.

View post on Instagram

'ഒരു ക്ലാസിക് ബെംഗളൂരു രംഗമാണ് ഇത്' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പശുക്കിടാവ് ഒരു 'സവാരി വിളിച്ചതാണ്, പുതിയ സ്ഥലത്തേക്ക് ഇറക്കി വിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെ'ന്ന് മറ്റൊരാൾ എഴുതി. 'സ്വാഗതം ഇന്ത്യയിലേക്ക് സഹോദരാ...' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും പാബ്ലോ ഗാർഷ്യ പങ്കുവെച്ച ദൃശ്യങ്ങൾ തമാശയും സ്നേഹവും നിറഞ്ഞ കമന്റുകൾ കൊണ്ട് നിറഞ്ഞത് വളരെ പെട്ടെന്നാണ്.