രോഹിത്തിനെ ഓപ്പണറായി നിലനിര്‍ത്തിയതോടെ 2027 ഏകദിന ലോകകപ്പിനുള്ള ബിസിസിഐയുടെ പദ്ധതികളെന്താണെന്നും മഞ്ജരേക്കര്‍ ചോദിച്ചു.

മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയിട്ടും യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്. ഫോമും ഫിറ്റ്‌നസും സംശയത്തിലായിട്ടും 39-കാരനായ രോഹിത് ശർമ്മയെ ടീമിൽ നിലനിർത്താൻ 24-കാരനായ ജയ്‌സ്വാളിനെ പുറത്താക്കിയ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നടപടിയെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ മഞ്ജരേക്കർ രൂക്ഷമായി ചോദ്യം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ തെറ്റായ തീരുമാനത്തിന് സെലക്ടർമാർ ജയ്‌സ്വാളിനെ വിളിച്ച് മാപ്പ് പറയണമെന്നാണ് മഞ്ജരേക്കർ ആവശ്യപ്പെട്ടു. രോഹിത്തിനെ ഓപ്പണറായി നിലനിര്‍ത്തിയതോടെ 2027 ഏകദിന ലോകകപ്പിനുള്ള ബിസിസിഐയുടെ പദ്ധതികളെന്താണെന്നും മഞ്ജരേക്കര്‍ ചോദിച്ചു. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിന്‍റെ പേരിലാണ് രോഹിതിനെ ടീമിലെടുത്തതെങ്കിൽ ജയ്‌സ്വാളിനോട് അഗാര്‍ക്കര്‍ ക്ഷമ ചോദിക്കണമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഏതെങ്കിലും പ്രത്യേക കാരണങ്ങളാലോ സമ്മർദ്ദങ്ങളാലോ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്താൻ നിങ്ങൾ നിർബന്ധിതരായതാണെങ്കിൽ, സെലക്ടർമാർ ആദ്യം ചെയ്യേണ്ടത് ഫോണെടുത്ത് ജയ്‌സ്വാളിനെ വിളിച്ച് മാപ്പ് പറയുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കഠിനമായ ടെസ്റ്റ് ക്രിക്കറ്റിൽ പോലും അതിശയകരമായ പ്രകടനം കാഴ്ചവെച്ച യുവതാരമാണവൻ. വെറും 24 വയസ്സ് മാത്രം പ്രായമുള്ള, കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ഒരു കളിക്കാരനോടാണ് നിങ്ങള്‍ ഈ വിവേചനം കാണിക്കുന്നത്. തന്‍റെ അവസാന ഏകദിന ഇന്നിങ്സിൽ പുറത്താകാതെ 116 റൺസ് നേടിയിട്ടും ജയ്‌സ്വാളിനെ മാറ്റിയതിലെ യുക്തിയെയും മഞ്ജരേക്കർ ചോദ്യം ചെയ്തു.

അവസാന ഏകദിന ഇന്നിങ്സിൽ ജയ്‌സ്വാൾ 116 നോട്ടൗട്ട് ആയിരുന്നു. എന്നിട്ടും അവൻ ഇന്ത്യൻ ടീമിലില്ല. പകരം, ഫിറ്റ്‌നസ് ചോദ്യചിഹ്നമായ, നിലവിൽ ഫോമിലല്ലാത്ത ഒരു സീനിയർ താരത്തിന് പിന്നാലെയാണ് സെലക്ടർമാർ പോകുന്നത്. ഇതിന്‍റെ പിന്നിലെ ലോജിക് എന്താണെന്ന് എനിക്ക് ഒന്ന് വിശദീകരിച്ചു തരൂ? എന്താണ് നിങ്ങളുടെ ദീർഘവീക്ഷണമെന്നും മ‍ഞ്ജരേക്കര്‍ ചോദിച്ചു.വിരാട് കോഹ്‌ലിയെ ടീമിൽ നിലനിർത്തിയതിന് പിന്നിൽ ചില ന്യായീകരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ രോഹിത് ശർമ്മയുടെ കാര്യത്തിൽ അതില്ല. അജിത് അഗാർക്കർ ചിന്തിക്കുന്നത് ഇതാണ് ശരിയായ വഴിയെന്നാണോ?. ഇനിയൊരു രണ്ടു വർഷം കഴിയുമ്പോൾ രോഹിത് ശർമ്മ തന്നെയായിരിക്കുമോ നിങ്ങളുടെ പ്രധാന ഓപ്പണര്‍. രോഹിതിന് പകരം ജയ്‌സ്വാളിനോ സായ് സുദർശനോ അല്ലേ കൂടുതൽ അവസരങ്ങൾ നൽകേണ്ടതെന്നും മഞ്ജരേക്കർ ചോദിച്ചു.

നിലവിലെ തീരുമാനപ്രകാരം ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും രോഹിത് ശർമ്മയും തന്നെയായിരിക്കും വരാനിരിക്കുന്ന പരമ്പരയിലും ഇന്ത്യയുടെ ഏകദിന ഓപ്പണിങ് സഖ്യം. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് വിലയിരുത്തപ്പെടുന്ന ജയ്‌സ്വാളിനെ ഏകദിനത്തിൽ നിന്ന് തഴഞ്ഞത് ആരാധകര്‍ക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക