ബര്‍മിംഗ്‌ഹാം: ലോകകപ്പ് സെമിയില്‍ ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ പാളിപ്പോയ ഓസീസ് ബാറ്റിംഗ് നിരയെയാണ് കണ്ടത്. അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് ‌സ്മിത്തിന്‍റെ പോരാട്ടവും പരിക്കേറ്റിട്ടും ബാറ്റിംഗ് തുടര്‍ന്ന അലക്‌സ് ക്യാരിയുടെ ഹീറോയിസവുമാണ് ഓസീസിന് ഓര്‍മ്മിക്കാനുള്ളത്. എന്തായാലും ആദ്യ പകുതി മുന്‍ താരങ്ങള്‍ അടക്കമുള്ളവരെ ത്രസിപ്പിച്ചു.

ബര്‍മിംഗ്‌ഹാമില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സില്‍ പുറത്തായി. ഓസീസിന് 14 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ 100 റണ്‍സ് കൂട്ടുകെട്ടുമായി സ്‌മിത്ത്- ക്യാരി സഖ്യം കരകയറ്റി. 119 പന്തില്‍ 85 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്താണ് ടോപ് സ്‌കോറര്‍. ക്യാരി(46), സ്റ്റാര്‍ക്ക്(29), മാക്‌സ്‌വെല്‍(22) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. 

വാലറ്റത്തെ കൂട്ടുപിടിച്ച് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കാനുള്ള സ്മിത്തിന്‍റെ ശ്രമം ബട്‌ലറുടെ റണ്‍ഔട്ടിലൂടെ അവസാനിച്ചതോടെ ഓസീസ് പോരാട്ടം അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.