ഫെബ്രുവരി 20നുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്

ലക്നൗ: നോമ്പ് തുറന്നതിന് ശേഷം മുസ്ലിം പള്ളിക്ക് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്. ഫെബ്രുവരി 20നുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. പത്തുവയസ് പ്രായമുള്ള ആൺകുട്ടിയെ കഴുത്തിന് പിടിച്ച് ഉയ‍ർത്തിയ ശേഷം സമീപത്തെ സിമന്റ് ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വസീർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. നോമ്പ് തുറന്നതിന് ശേഷം പള്ളിക്ക് പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു കുട്ടി. ഈ സമയം അവിടെയെത്തിയ 22 വയസുകാരനാണ് അക്രമം നടത്തിയത്. കുട്ടിയെ കഴുത്തിലും കാലുകളിലും പിടിച്ചുയർത്തി തലയ്ക്ക് മുകളിലൂടെ ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി അബോധാവസ്ഥയിലായി. എന്നാൽ അക്രമി യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവിടെനിന്നും നടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.

കളിക്കിടെ വീണതാണ് കുട്ടിക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് പ്രതിയുടെ വീട്ടുകാർ കുട്ടിയുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ കൂടെ കളിച്ചിരുന്ന കുട്ടികളാണ് സംഭവം മനപൂർവം ചെയ്തതാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ സഹിതം കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം