Asianet News MalayalamAsianet News Malayalam

രാഹുലിന് ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്ന് പോലും അറിയില്ല; കളിയാക്കി രാജ്നാഥ് സിംഗ്

മനുഷ്യത്വത്തെ തൊടാതെ മതവും ജാതിപരമായ മനോവികാരവും പറഞ്ഞ് വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു

rajnath singh mocks rahul gandhi
Author
Burhanpur, First Published Nov 21, 2018, 8:59 AM IST

ബൂര്‍ഹാന്‍പുര്‍: തെരഞ്ഞെടുപ്പ് പ്രചാരണം അരങ്ങ് തകര്‍ക്കുന്ന മധ്യപ്രദേശില്‍, ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തുന്ന രാഹുല്‍ ഗാന്ധിയെ കളിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നയാള്‍ക്ക് അവിടെ എങ്ങനെ ഇരിക്കണമെന്ന് പോലും അറിയില്ലെന്ന് രാഹുലിനെ കുറിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു.

ബൂര്‍ഹാന്‍പുരില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തെ തൊടാതെ മതവും ജാതിപരമായ മനോവികാരവും പറഞ്ഞ് വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത്.

എന്നാല്‍, ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. ചിലപ്പോള്‍ മുട്ടില്‍ കുത്തി ഇരിക്കുന്നു, ചിലപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്നു. ഇത്രയും നാള്‍ ഇവര്‍ എവിടെയായിരുന്നുവെന്നും രാജനാഥ് സിംഗ് ചോദിച്ചു. അത്തരക്കാര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് കൊണ്ട് ഒരിക്കലും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ പോകുന്നില്ല.

ബിജെപി മുഖ്യമന്ത്രിയായി ശിവ്‍രാജ് സിംഗ് ചൗഹാനെ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍, പ്രതിപക്ഷത്തിന് ഇതുവരെ അങ്ങനെ ഒരാളെ ഉയര്‍ത്തി കാട്ടാനായിട്ടില്ല. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നുളളത് നിഗൂഢമായ കാര്യമാണ്. ഒരു വിവാഹത്തോടെ അനുബന്ധിച്ച ആഘോഷമായുളള യാത്ര വരികയാണ്.

പക്ഷേ, ആര്‍ക്കും വരന്‍ ആരാണെന്ന് അറിയാത്ത അവസ്ഥ പോലെയാണ് ഈ കാര്യം. റിയാലിറ്റി ഷോ ആയ 'കോന്‍ ബനേഗാ ക്രോര്‍പതി' പോലെ കോണ്‍ഗ്രസ് 'കോന്‍ ബനേഗ മുഖ്യമന്ത്രി' കളിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ വികസനം കൊണ്ട് വന്ന ശിവ്‍രാജ് സിംഗ് ചൗഹാന്‍ മികച്ച ഭരണം നടത്തുന്നതിലെ ചാമ്പ്യന്‍ ആണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

നവംബർ 28നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനെ പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 

Follow Us:
Download App:
  • android
  • ios