നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയസൂര്യ(Jayasurya) ചിത്രം ‘ഈശോ‘ (Eesho) ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. നാദിർഷ(Nadirshah) സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലുടെയാണ് റിലീസ് ചെയ്യുക. ഒടിടിയിൽ ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഉയർന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

ഈ മാസം ആദ്യവാരം പുറത്തിറങ്ങിയ ഈശോയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് നിര്‍മ്മാണം. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നിരുന്നു. അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ആണ്. 

Read Also: 'ദൈവം വലിയവനാണ്'; 'ഈശോ' ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയില്‍ നാദിര്‍ഷ

ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിയിരുന്നു ചിത്രീകരണം. പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റീറെക്കോർഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് പി വി ശങ്കർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.