മാധവന്റെ ഓട്ടോഗ്രാഫ് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കിയിട്ട് ചിരിയോടെയായിരിക്കും അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കിയിട്ടുണ്ടാകുക. മാധവൻ തന്നെയാണ് ഇക്കാര്യം പറയുന്നത്. തന്റെ കുട്ടിക്കാലത്തെ ഒരു സംഭവമാണ് മാധവൻ ഇക്കാര്യത്തെ കുറിച്ച് പറയാൻ കാരണം. ഒരാള്‍ തനിക്ക് ഓട്ടോഗ്രാഫ് തന്നപ്പോള്‍ ആത്മാര്‍ഥതയുണ്ടായിരുന്നില്ല. താൻ ഓട്ടോഗ്രാഫ് നല്‍കുമ്പോള്‍ അങ്ങനെ ആയിരിക്കില്ല എന്ന് തീരുമാനിച്ചിരുന്നുവെന്ന് മാധവൻ പറയുന്നു.

എട്ട് വയസുകാരനായിരിക്കുമ്പോഴാണ് സംഭവം. ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങണം. താൻ ആണ് അതിന് ആദ്യം തയ്യാറായത്. സുഹൃത്തുക്കളെ പോലെ അദ്ദേഹം തന്നെയും ആകര്‍ഷിച്ചിരുന്നു. ആരോട് സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ അടുത്ത് എത്തി. അപോഴേക്കും തന്നെ അദ്ദേഹം കുറഞ്ഞത് ഒരു 50 ഓട്ടോഗ്രാഫ് എങ്കിലും നല്‍കിയിരുന്നു. അദ്ദേഹം തന്നെ നോക്കുക പോലും ചെയ്യാതെ ഒപ്പിട്ടുതന്നു. അദ്ദേഹം ചെയ്‍തത് ശരിയാണോ തെറ്റാണോ എന്ന് തനിക്ക് അറിയില്ല. പക്ഷേ അത് വേദനിപ്പിച്ചു. അന്ന് തീരുമാനമെടുത്തു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഓട്ടോഗ്രാഫ് നല്‍കുമെങ്കില്‍ ആളുടെ കണ്ണില്‍ നോക്കിയിട്ട് മാത്രമേ ഓട്ടോഗ്രാഫില്‍ ഒപ്പിടൂവെന്ന് എന്നും മാധവൻ പറയുന്നു. ഒരു ദേശീയ ക്രിക്കറ്റ് താരത്തില്‍ നിന്നായിരുന്നു അന്ന് മാധവൻ ഓട്ടോഗ്രാഫ് വാങ്ങിയിരുന്നത്.