ദില്ലി: മാധ്യമപ്രവര്‍ത്തകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ബോളിവുഡ് നടി കങ്കണ റണൗട്ട് വീണ്ടും വിവാദത്തില്‍. കങ്കണ അഭിനയിക്കുന്ന പുതിയ ചിത്രമായ ജഡ്ജ്മെന്‍റല്‍ ഹൈ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം. കങ്കണയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഉറി ആക്രമണത്തിന് ശേഷം ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച താങ്കള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ചിത്രം മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്. നിങ്ങള്‍ എന്‍റെ സിനിമയെ മന:പൂര്‍വം അധിക്ഷേപിക്കുകയാണെന്ന് കങ്കണ ആരോപിച്ചു. 'മണികര്‍ണിക: ദ ക്വീന്‍ ഓഫ് ത്സാന്‍സി എന്ന ചിത്രത്തെ നിങ്ങള്‍ വിമര്‍ശിച്ചു. ഒരു സിനിമ നിര്‍മിക്കുന്നത് കുറ്റമാണോ. ദേശീയത വിഷയമാക്കി ഒരു ചിത്രമെടുത്തപ്പോള്‍ നിങ്ങള്‍ എന്നെ തീവ്രദേശീയ വാദിയെന്ന് വിളിച്ചു'.-കങ്കണ ആരോപിച്ചു. 

കങ്കണയുടെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും പ്രതികരിച്ചു. നിങ്ങളുടെ പെരുമാറ്റം അനീതിയാണെന്നും നിങ്ങള്‍ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു. എന്നാല്‍, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കങ്കണ പറഞ്ഞു.