ഒരു പെണ്ണാകാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ വാപ്പ കരഞ്ഞത് ഇന്നും വേദനയാണെന്നും കുടുംബം ഇപ്പോഴും തന്നെ നജീബ് എന്ന് വിളിക്കുന്നതിൽ വിഷമമില്ലെന്നും നാദിറ പറഞ്ഞു. Nadira Mehrin on her sexuality, Family, and Coming out as a Transgender
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെക്കുറിച്ചും കുട്ടിക്കാലത്തക്കുറിച്ചുമൊക്കെ സംസാരിക്കുന്ന നാദിറയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''വാപ്പയും ഉമ്മയും അനിയത്തിയുമാണ് വീട്ടിലുള്ളത്. ജനിച്ചത് കാസർഗോഡാണ്. ഉമ്മയുടെ നാടാണ് കാസർഗോഡ്. ഉപ്പ തിരുവനന്തപുരംകാരനും. മൂന്നുനാലു വയസു വരെ ഞങ്ങൾ കാസർഗോഡ് ആയിരുന്നു. പിന്നീടാണ് തിരുവനന്തരപുരത്തേക്ക് താമസം മാറിയത്. പഠിച്ചതെല്ലാം തിരുവനന്തപുരത്താണ്. ദിവസക്കൂലിക്ക് പണിക്കു പോകുന്നയാളായിരുന്ന വാപ്പ. ഒരു മഴ പെയ്താൽ പോകാൻ പറ്റില്ല. ഷീറ്റിട്ട, ഒരു ചോരുന്ന വീടായിരുന്നു അത്. അതുകൊണ്ടുതന്നെ മഴ എനിക്കൊരു നെഗറ്റീവ് വികാരമാണ് കൊണ്ടുവരുന്നത്. അത്രയും ദരിദ്രമായ സാഹചര്യത്തിലാണ് വളർന്നത്. ഇപ്പോഴും 10 രൂപക്കു പോലും എനിക്ക് വിലയുണ്ട്. ബന്ധുക്കളൊക്കെ ഞങ്ങളെക്കാൾ നല്ല നിലയിലായിരുന്നു. കസിൻസൊക്കെ ക്രീം ബിസ്ക്കറ്റ് വാങ്ങിക്കഴിക്കുമ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു, വലുതാകുമ്പോൾ ഒരുപാട് ക്രീം ബിസ്ക്കറ്റ് വാങ്ങിക്കഴിക്കണമെന്ന്. ബൂസ്റ്റൊക്കെ കഴിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു. ബൂസ്റ്റിന്റെ പൊടി വെറുതേ കഴിക്കുന്നതൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു.
എന്റെ വിഷമങ്ങളൊന്നും വീട്ടുകാരെ അറിയിക്കാറില്ല. അവരുടെ സമാധാനമാണ് എനിക്ക് വലുത്. പക്ഷേ, വീട്ടുകാരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനാകാത്തതിൽ എനിക്ക് സങ്കടമുണ്ട്. അവർക്കെന്നെ ഉസ്താദ് ആക്കണം, നല്ലൊരു ജോലിക്കു പോകണം എന്നൊക്കെയുണ്ടായിരുന്നു. എനിക്കൊരു പെണ്ണാകാൻ ആഗ്രഹമുണ്ടെന്ന കാര്യം അറിഞ്ഞപ്പോളാണ് വാപ്പ ആദ്യമായി എന്റെ മുന്നിൽ നിന്ന് കരഞ്ഞത്. ആ മനുഷ്യനെ കരയിപ്പിച്ചു എന്നുള്ളത് എനിക്ക് ഇപ്പോഴും ഭയങ്കര ബുദ്ധിമുട്ടാണ്. വീട്ടുകാർ ആഗ്രഹിച്ചതുപോലുള്ള ഒരാളാകാൻ ഇനിയെനിക്ക് പറ്റുമോ എന്നുപോലും അറിയില്ല. എന്നെ നജീബ് എന്നു വിളിച്ചാൽ മതി എന്ന് ഞാൻ തന്നെ പറഞ്ഞിട്ടുള്ളത്. അവർ അങ്ങനെ തന്നെയാണ് വിളിക്കാറ്. നജീ എന്നാണ് അനിയത്തി വിളിക്കാറ്. എന്റെ കുടുംബത്തിൽ ഞാൻ അവരുടെ മകൻ തന്നെയാണ്. കളിയാക്കുന്നവർ പോലും എന്നെ നജീബ് എന്നു വിളിച്ചാൽ വിഷയം തോന്നാറില്ല'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.



