തിരുവനന്തപുരം: ജോജു ജോർ‌ജ്ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജോസഫിലെ ​ആദ്യഗാനം പുറത്തിറങ്ങി. കവി അജീഷ് ദാസനാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ​ഗാനം നടൻ കുഞ്ചാക്കോ ബോബന്റ ഔദ്യോ​​ഗിക ഫേസ്ബുക്ക് പേജിലാണ്  റിലീസ് ചെയ്തിരിക്കുന്നത്. ''പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ'' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് നിരഞ്ച് സുരേഷാണ്. രഞ്ജിൻ രാജ് ഈണം നൽകിയിരിക്കുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് ​​പാട്ട് പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ പാട്ട്. 

'ജോസഫ് എ മാൻ വിത്ത് എ സ്കാർ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാ​ഗ് ലൈൻ. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.

റിട്ടയേർഡ് പൊലീസ് ഓഫീസറായിട്ടാണ് ജോജു ഈ ചിത്രത്തിന്റെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും. ഇരുപത്തഞ്ച് വർഷത്തിലധികമായി വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും സിനിമയില്‍ സജീവമായ ജോജുവിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരിക്കും ഈ സിനിമ.