- Home
- Magazine
- Web Specials (Magazine)
- പ്രസിഡന്റ് പേടിച്ചോടിയ നട്ടുച്ച; കാബൂളിലെ കൊട്ടാരത്തില്‍ അന്ന് നടന്നതെന്ത്?
പ്രസിഡന്റ് പേടിച്ചോടിയ നട്ടുച്ച; കാബൂളിലെ കൊട്ടാരത്തില്‍ അന്ന് നടന്നതെന്ത്?
ഓഗസ്റ്റ് 15, നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യദിനമാണ്. എന്നാല്‍ അഫ്ഗാന്‍ ജനതയ്ക്ക് ആ ദിനം അതല്ല. അവരുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായ ദിവസമാണ് അത്. 20 വര്‍ഷം മുമ്പ് ഇല്ലാതായെന്ന് കരുതിയ താലിബാന്‍ ഭീകരത കൂടുതല്‍ അക്രമാസക്തമായി അവരുടെ ജീവിതങ്ങളിലേക്ക് മടങ്ങിവന്ന ദിവസം. താലിബാന്‍ വരഞ്ഞുവെച്ച സ്വാതന്ത്ര്യത്തിന്റെ അതിരുകളിലേക്ക് ആ രാജ്യം ചുരുങ്ങിപ്പോയത് എങ്ങനെയാണ്? രണ്ട് പതിറ്റാണ്ട് അമേരിക്കന്‍ സൈന്യം പരിശീലിപ്പിച്ച കരുത്തുറ്റ സൈന്യം ശത്രുവിനെ കാണുമ്പോള്‍ ആയുധം ഉപേക്ഷിച്ച് പേടിച്ചോടിയത് എങ്ങനെയാണ്? ഓഗസ്ത് 15ന്, കാബൂളിന്റെ അതിര്‍ത്തി കവാടം കടന്ന് താലിബാന്‍ ഭീകരര്‍ എത്തുമ്പോള്‍, പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എന്തൊക്കെയാണ് നടന്നത്? ഒരു രാജ്യത്തിന്റെ ഭാവി കൈയില്‍നിന്നിറക്കി വെച്ച് പ്രസിഡന്റും പരിവാരങ്ങളും മൂന്ന് ഹെലിക്കോപ്റ്ററുകളിലായി കിട്ടിയതുമെടുത്ത് ഓടിപ്പോയതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?

വെറും പത്തു ദിവസം കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ പ്രവിശ്യകള്‍ ഓരോന്നായി കീഴടക്കിക്കൊണ്ട് കാബൂളിലേക്ക് ചെന്നെത്തിയത്. താലിബാനെ പ്രതിരോധിക്കാതെ അഫ്ഗാന്‍ സൈന്യം രാജ്യം അടിയറവെക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഒതുങ്ങിപ്പോയിരുന്ന താലിബാന്‍ അക്രമാസക്തരായി ഇരമ്പിയെത്തുമ്പോള്‍ നഗരങ്ങളും പ്രവിശ്യകളും ഒരെതിര്‍പ്പു പോലുമില്ലാതെ കീഴടങ്ങുകയായിരുന്നു.
എന്നാല്‍ കാബൂള്‍ പിടിച്ചുനില്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. അതാണ് താലിബാന്‍ പിടിച്ചെടുത്ത പവിശ്യകളില്‍നിന്നെല്ലാം ആയിരക്കണക്കിന് മനുഷ്യര്‍ സര്‍വ്വതും ഉപേക്ഷിച്ച് കുട്ടികളെയും വൃദ്ധരെയും കൂട്ടി കാബൂളിലേക്ക് ഒഴുകിയെത്തിയത്. തന്‍േറടത്തോടെ സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കേണ്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയും കൂട്ടരും സ്വന്തം കാര്യം നോക്കി പോയതോടെ ഒറ്റുകൊടുക്കപ്പെട്ടത് അവരായിരുന്നു.
എല്ലാമുണ്ടായിരുന്നു കാബൂളില്‍. ശക്തമായ സൈന്യം. കരയിലും ആകാശത്തിലും നിന്ന് ശത്രുവിനെ യുദ്ധം ചെയ്‌തോടിക്കാനുള്ള ആയുധങ്ങളും സൈനിക വാഹനങ്ങളും. സഹായത്തിന് ലോകത്തെ ഏറ്റവും കരുത്തുറ്റ യു എസ് സൈന്യവും. ലോകം മുഴുവന്‍ പിന്തുണയുമായി നില്‍പ്പുണ്ടായിരുന്നു. എന്നിട്ടും അഷ്‌റഫ് ഗനിയും കൂട്ടരും താലിബാനെ കണ്ട് പേടിച്ചോടുകയായിരുന്നു.
കാബൂള്‍ വീഴുന്നതിനു തലേന്ന് ഓഗസ്റ്റ് 14-ന് എന്നാല്‍ ഇതായിരുന്നില്ല അവസ്ഥ. ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പരിഭ്രാന്തരായിരുന്നില്ല അഫഗാന്‍ ഭരണകൂടമെന്ന് അധികാര കേന്ദ്രങ്ങളിലുണ്ടായിരുന്ന നിരവധി പേരുമായി സംസാരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാനെ അടുപ്പിക്കാതെ, കാബൂളിനെ സംരക്ഷിക്കാനുള്ള സമഗ്രമായ സൈിക പദ്ധതി ആവിഷ്‌കരിച്ചിരുന്നു. സൈനിക മേധാവിയായ ജനറല്‍ ഹൈബത്തുല്ലാ അലിസായിയോടും അഫ്ഗാനിലെ യു എസ് സൈനിക മേധാവി അഡ്മിറല്‍ പീറ്റര്‍ വാസ്‌ലിയുമായും വിശദമായി പ്ലാന്‍ ചര്‍ച്ച ചെയ്തിരുന്നു. താലിബാനെ തറപറ്റിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു.
എന്നാല്‍, ഗനി ഭരണകൂടത്തിന് താല്‍പര്യം ഏറ്റുമുട്ടലായിരുന്നില്ല. താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി കാബൂള്‍ ആക്രമണം തടയുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ഹെല്‍മന്ദിലെ സൈനിക കമാണ്ടര്‍ സാമി സാദത്തിന്റെ നേതൃത്വത്തില്‍ കാബൂള്‍ സംരക്ഷിക്കാനുള്ള പുതിയ സൈനിക സംഘത്തെ തയ്യാറാക്കിയിരുന്നു. താലിബാനുമായി അനൗദ്യോഗിക സമാധാന ചര്‍ച്ചകള്‍ നടത്തുക. വിജയം കണ്ടില്ലെങ്കില്‍, സൈനികമായി നേരിടുക. അതും നടന്നില്ലെങ്കില്‍, എല്ലാവെരയും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള സമയം താലിബാനില്‍നിന്നും നേടിയെടുക്കുക ഇതായിരുന്നു ഗനി ഭരണകൂടത്തിന്റെ പദ്ധതി.
എന്നാല്‍, ലഫ്. ജനറല്‍ സാമി സാദത്ത് തന്റെ അംഗങ്ങളെ കാണുന്നതിനു മുമ്പു തന്നെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ മസാറെ ഷെരീഫ് താലിബാന്‍ പിടിച്ചടക്കിയിരുന്നു. അവിടെനിന്നുമവര്‍ കിഴക്കന്‍ നഗരമായ ജലാലാബാദിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഒരു െചറുത്തുനില്‍പ്പു പോലുമില്ലാതെയാണ് ഈ നഗരങ്ങള്‍ താലിബാനു കീഴടങ്ങിയത്.
ബാക്കിയുണ്ടായിരുന്നത് കാബൂള്‍ മാ്രതമായിരുന്നു. അവര്‍ ഏതു സമയവും കാബൂളിലേക്ക് വരുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.2014 സെപ്തംബര്‍ മുതല്‍ അഫ്ഗാന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച മുന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥനും സാമ്പത്തിക വിദഗ്ധനുമായ അഷ്‌റഫ് ഗനി എന്നാല്‍, താലിബാന്റെ ഭീഷണിയുടെ ഗൗരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നില്ലെന്ന് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നുണ്ടായിരുന്നു.
എന്നാല്‍, അദ്ദേഹത്തിന്റെ ഉള്ളില്‍ വലിയ ഒരു ഭീതിയുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് നജീബുല്ലയുടെ വിധി. സോവിയറ്റ് പിന്തുണയോടെ അഫ്ഗാനിസ്താന്‍ ഭരിച്ച നജീബുല്ലയെ, സോവിയറ്റ് പിന്‍മടക്കത്തിനു പിന്നാലെ അധികാരം പിടിച്ചെടുത്ത താലിബാന്‍ പീഡിപ്പിച്ചശേഷം പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു.
1996-ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തശേഷം നജീബുല്ല അഭയം തേടിയിരുന്ന യു എന്‍ ആസ്ഥാനത്തിനു പുറത്തേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. കൊന്നശേഷം അദ്ദേഹത്തിന്റെ മൃതദേഹം പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്തുള്ള ഒരു ട്രാഫിക് പോസ്റ്റില്‍ തൂക്കിയിട്ടു.
സമാനമായ സാഹചര്യത്തില്‍ താലിബാന്‍, തന്നെയും അതുപോലെ കൊന്ന് കെട്ടിത്തൂക്കുമെന്നായിരുന്നു പ്രസിഡന്റ് ഗനിയുടെ ഭയം. ഇതാണ്, സത്യത്തില്‍ കാബൂള്‍ പിടിച്ചടക്കാന്‍ താലിബാനെ ഏറ്റവും സഹായിച്ചത്. രാജ്യം വിട്ടോടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ഭയമാണ്.
ഓഗസ്റ്റ് 15-ന് വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. താലിബാന്‍ കാബൂളിന്റെ കവാടത്തിലെത്തിയിരിക്കുന്നു. അതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. ബാങ്കുകള്‍ക്കു മുന്നില്‍ സ്വന്തം പണം പിന്‍വലിക്കാന്‍ എല്ലാ തരത്തിലും പെട്ട ജനങ്ങള്‍ ക്യൂ നിന്നു. വിമാനത്താവളത്തില്‍, വിദേശത്തു കടക്കാനുള്ള വിമാന ടിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടി. എന്നാല്‍, കാബൂള്‍ നിലം പതിക്കാന്‍ പോവുകയാണെന്ന സത്യം അംഗീകരിക്കാന്‍ പ്രസിഡന്റും സംഘവും തയ്യാറായില്ല.
അതിനു കാരണം, പിന്‍വാതിലിലൂടെ താലിബാനുമായി ഗനി നടത്തിയ സമാധാന ചര്‍ച്ചകളായിരുന്നു. പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകരിലൊരാളായ സലാം റഹീമി താലിബാന്‍ നേതൃത്വവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തലേ ദിവസം താലിബാനുമായി അദ്ദേഹം ഒരു അനൗദ്യോഗിക കരാറിലെത്തിയിരുന്നു. അധികാരത്തില്‍ താലിബാന് പങ്കാളിത്തം നല്‍കും. പകരമായി, കാബൂള്‍ പിടിച്ചടക്കില്ലെന്ന് താലിബാന്‍ വാക്കുനല്‍കും. ഇതായിരുന്നു കരാര്‍. താലിബാന്‍ ഇത് അംഗീകരിച്ചതിനാല്‍ ഗനിയും കൂട്ടരും ആത്മവിശ്വാസത്തിലായിരുന്നു.
ഖത്തറില്‍ ഇതിനകം നടക്കുന്ന ചര്‍ച്ചകളും ആ വഴിക്കാണ് പോയിക്കൊണ്ടിരുന്നത്. സര്‍ക്കാറില്‍ താലിബാന് പങ്കാളിത്തം നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു ഗനിയുടെ നീക്കം. താലിബാന്‍ പിടിക്കില്ലെന്ന താലിബാന്റെ ഉറപ്പ് കിട്ടിയതോടെ, ഭരണമാറ്റം വന്നാല്‍ പോലും വിദേശസൈനികരെയും ഉന്നതെരയും അമേരിക്കയ്ക്കു താല്‍പ്പര്യമുണ്ടായിരുന്ന അഫ്ഗാനികളെയും പുറത്തേക്ക് കടത്താനുള്ള സമയം കിട്ടുമെന്ന് ഗനിയും സംഘവും വിശ്വസിച്ചു.
ഇൗ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആളുകളെ സമാധാനിപ്പിക്കുന്നതിനു വേണ്ടി അന്ന് ഗനി തന്റെ ഔദ്യോഗിക പേജിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഒരു ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുമായും സുരക്ഷാ മേധാവികളോടും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന ഗനിയുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ ഫേസ്ബുക്കിലൂടെ കണ്ടു.
പ്രസിഡന്റിന്റെ കൊട്ടാരത്തിലെ വലിയൊരു ഡെസ്‌ക്കിനു സമീപമിരുന്ന് ശാന്തമായി മന്ത്രിസഭയിലെ അംഗങ്ങളോട് ഫോണില്‍ സംസാരിക്കുന്ന ഗനിയുടെ ദൃശ്യങ്ങള്‍ ലോകമെങ്ങും കണ്ടു. താലിബാനുമായി കരാര്‍ ഉറപ്പായെന്നും കാബൂള്‍ വീഴില്ലെന്നുമുള്ള അമിതമായ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.
എന്നാല്‍, ജനങ്ങളെ പോയിട്ട് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ പോലും ഇക്കാര്യം വിശ്വസിപ്പിക്കാന്‍ ഗനിക്കായില്ല. അവരെല്ലാം പ്രസിഡന്റുമായി ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യസമുള്ളവരായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ വൈസ് പ്രസിഡന്‍് അംറുല്ലാ സാലിഹ് പഞ്ച്ഷീറിലെ തന്റെ സുരക്ഷിത താവളത്തിലേക്ക് ഇതിനകം സ്ഥലം വിട്ടുകഴിഞ്ഞിരുന്നു.
പ്രസിഡന്റിന്റെ വാക്കുകളില്‍ കഴമ്പില്ലെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നത്. പഞ്ച്ഷീറില്‍ രൂപം കൊണ്ടിരുന്ന ദേശീയ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന അദ്ദേഹം കാബൂള്‍ വീണതിനു പിന്നാലെ, സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചതും ലോകം കണ്ടു.
പ്രതിരോധ മന്ത്രിയായ ബിസ്മില്ലാ ഖാനായിരുന്നു കാബൂള്‍ പ്രതിരോധത്തിന്റെ ചുമതല. ഓഗസ്റ്റ് 15-ന് അദ്ദേഹത്തെ പെട്ടെന്ന് കാണാതായി. ഫോണ്‍ വഴിയും അദ്ദേഹത്തെ കിട്ടുന്നില്ലായിരുന്നു. അതോടെ, കാബൂള്‍ പ്രതിരോധ പദ്ധതി തന്നെ ചീറ്റിപ്പോയി.