വാർത്ത വായിക്കുമ്പോൾ ഇത്തരം വസ്ത്രം അനുചിതമാണ് എന്നും ക്ലീവേജ് കാണിച്ചുകൊണ്ട് വസ്ത്രം ധരിക്കുന്നത് നിശാക്ലബ്ബിന് ചേർന്നതാണ് എന്നുമായിരുന്നു പ്രേക്ഷകന്റെ പ്രതികരണം.

എല്ലാം വിമർശിക്കപ്പെടുകയും ചർച്ചകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. അതുപോലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ഒരു പ്രേക്ഷകന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക. നരേൽഡ ജേക്കബ്സ് എന്ന വാർത്താ അവതാരികയാണ് പ്രേക്ഷകന്റെ ഈമെയിൽ പങ്കുവച്ചത്. 

നരേൽഡയുടെ വസ്ത്രധാരണത്തെ വിമർശിച്ചായിരുന്നു ഈമെയിൽ. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് നരേൽഡാ മെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം വാർത്ത വായിക്കുന്ന തന്റെ ഒരു ചിത്രവും അവർ പോസ്റ്റ് ചെയ്തതിലുണ്ട്. വിമർശനത്തിന് കാരണമായ വസ്ത്രമാണ് അവർ അതിൽ ധരിച്ചിരിക്കുന്നത്. 

വാർത്ത വായിക്കുമ്പോൾ ഇത്തരം വസ്ത്രം അനുചിതമാണ് എന്നും ക്ലീവേജ് കാണിച്ചുകൊണ്ട് വസ്ത്രം ധരിക്കുന്നത് നിശാക്ലബ്ബിന് ചേർന്നതാണ് എന്നുമായിരുന്നു പ്രേക്ഷകന്റെ പ്രതികരണം. 'അതേ, ഞങ്ങൾക്ക് ഇപ്പോഴും ഇതുപോലുള്ള ഇമെയിലുകൾ ലഭിക്കാറുണ്ട്. അതേ, അത് മുഴുവൻ ന്യൂസ് റൂമിലേക്കും പോയിട്ടുണ്ട്. അതേ, ആ സമയത്ത് ഞാൻ എയറിൽ ആയിരുന്നു. ഇത് എന്നെ അപമാനിക്കാനും ലജ്ജിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഞാനെന്താണ് ധരിക്കുന്നത് എന്നതല്ല അനുചിതം. നിങ്ങളുടെ ഇത്തരം മെയിലുകളാണ് അനുചിതം' എന്നാണ് അവർ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 

View post on Instagram

വളരെ പെട്ടെന്നാണ് നരേൽഡയുടെ പോസ്റ്റ് വൈറലായിത്തീർന്നത്. നിരവധിപ്പേരാണ് വാർത്താ അവതാരികയ്ക്ക് പിന്തുണയുമായി കമന്റുകളിട്ടത്. ഈ ലോകത്തിന് ഒരു മാറ്റവുമില്ല എന്നാണ് പലരുടേയും അഭിപ്രായം. മാധ്യമപ്രവർത്തകരായ സ്ത്രീകൾ ഇതുപോലെയുള്ള മെയിലുകൾ തങ്ങൾക്കും കിട്ടാറുണ്ട് എന്നും അം​ഗീകരിച്ചു. 

'നല്ലതൊന്നും ചെയ്യാനാവാത്ത, ഇടുങ്ങിയ ചിന്താ​ഗതിക്കാരായ ആളുകളാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. ഒപ്പം വാർത്താ അവതാരികയുടെ വസ്ത്രവിധാനത്തിലും രൂപത്തിലും ഒരു പ്രശ്നവുമില്ലെന്നും ഇതുപോലെ തന്നെ വാർത്ത അവതരിപ്പിച്ചാൽ മതി എന്നും കമന്റ് നൽകിയവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം