- Home
- Magazine
- Web Specials (Magazine)
- അന്നൊന്നും സംഭവിച്ചില്ല, ക്ലിന്റന്‍ ലൈംഗിക വിവാദത്തെക്കുറിച്ച് നിഗൂഢ ട്വീറ്റുമായി മോണിക്ക
അന്നൊന്നും സംഭവിച്ചില്ല, ക്ലിന്റന്‍ ലൈംഗിക വിവാദത്തെക്കുറിച്ച് നിഗൂഢ ട്വീറ്റുമായി മോണിക്ക
''തൊണ്ണൂറുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്താണ് മിസ് ചെയ്യുന്നത്?'' ട്വിറ്ററില്‍ കുറച്ചുകാലമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ ട്വീറ്റായിരുന്നു അത്. എന്നാല്‍, അത് റീ ട്വീറ്റ് ചെയ്ത് മോണിക്ക ലെവിന്‍സ്‌കി എഴുതിയപ്പോള്‍, അതിന് അസാധാരണമായ ഒരു തലം കൈവന്നു. ''അന്നൊന്നുമുണ്ടായില്ല.''എന്നായിരുന്നു അവരുടെ ട്വീറ്റ്. ആ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് സങ്കോചമാണ് എന്ന് രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നുപറഞ്ഞിരുന്ന അവര്‍ അതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. തൊണ്ണൂറുകളില്‍ ലോകമാകെ നിറഞ്ഞുനിന്ന ഒരു ലൈംഗിക വിവാദത്തിലെ നായികയായിരുന്ന മോണിക്ക ഇപ്പോഴെങ്ങനെയാണ് ആ സംഭവങ്ങളെ കാണുന്നത്? അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റിന് കാരണമായ വിവാദത്തിനു ശേഷം അവര്‍ എങ്ങനെയൊക്കെയാണ് ജീവിച്ചത്?

മോണിക്ക ലെവിന്‍സ്‌കിയെ ഓര്‍മ്മയില്ലേ? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി. 22 മുതല്‍ 24 വയസ്സുവരെയുള്ള കാലത്ത് നടന്നൊരു സംഭവത്തിന്റെ പേരില്‍ ലോകം മുഴുവനുമുള്ള മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട മോണിക്കയ്ക്ക് ഇപ്പോള്‍ 48 വയസ്സുണ്ട്. അന്നത്തെ ബ്ലിന്‍ ക്ലിന്റന്റെ അതേ പ്രായം.
അന്നത്തെ സംഭവങ്ങളോടെ ഇന്റര്‍നാഷനല്‍ സെലിബ്രിറ്റി ആയി മാറിയ മോണിക്ക പിന്നീട് പല ജോലികള്‍ ചെയ്തു. റിയല്‍ മോണിക്ക എന്ന പേരില്‍ ഒരു ബാഗ്കമ്പനി നടത്തി. ഒരു ഡയറ്റ്പ്ലാനിന്റെ ബ്രാന്റ് അംബാസഡറായി. ടെലിവിഷന്‍ അവതാരിക എന്ന നിലയിലും ശ്രദ്ധേയയായി.
പിന്നീട്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നും സൈക്കോളജിയില്‍ ബിരുദം നേടി. സ്ത്രീകള്‍ക്ക് എതിരെ ഓണ്‍ലൈനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ആയി മാറി അവര്‍. ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചലസിലും പോര്‍ട്‌ലാന്റിലും ലണ്ടനിലുമായി പിന്നെ അവരുടെ ജീവിതം.
അതിനിടെ അവരെക്കുറിച്ച് പല പുസ്തകങ്ങള്‍ വന്നു. ആദ്യം പുറത്തുവന്നത് അവരുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ മോണിക്കയുടെ കഥ എന്ന പുസ്തകം. പിന്നീട്, മറ്റു പലരും അവരുമായി സംസാരിച്ച് ആ കാലത്തെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതി. ലോകപ്രശസ്തമായ അനേകം മാധ്യമങ്ങളില്‍ ഇക്കാലയളവില്‍ അവരുടെ നീണ്ട അഭിമുഖങ്ങള്‍ വന്നു.
ഈയടുത്ത്, അവരുടെ ജീവിതം ഒരു വെബ്‌സീരീസായി. അതും ഏറെ കോളിളക്കം സൃഷ്ടിച്ചു. എഫ് എക്‌സ് കേബിള്‍ നെറ്റ്വര്‍ക്ക് നിര്‍മിച്ച റയാന്‍ മര്‍ഫിയുടെ 'അമേരിക്കന്‍ ക്രൈം സ്റ്റോറി' പരമ്പരയുടെ മൂന്നാം പതിപ്പിലാണ് മോണിക്കയുമായുള്ള ബന്ധവും ബില്‍ ക്ലിന്റന്റെ ഇംപീച്ച്‌മെന്റും പ്രമേയമാകുന്ന സീരീസ് പുറത്തിറങ്ങിയത്.
ഇംപീച്ച്‌മെന്റ് എന്നാണ് പരമ്പരയുടെ പേര്. മോണിക്ക ലെവിന്‍സ്‌കിയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. മോണിക്കയായി ബീണി ഫെല്‍ഡ്‌സറ്റെയ്ന്‍ വേഷമിട്ടു. ഇരുവരുടെയും ബന്ധം പുറം ലോകത്തെയറിയിച്ച ലിന്‍ഡ ട്രിപ്പിന്റെ വേഷം എമ്മി അവാര്‍ഡ് ജേതാവായ സാറാ പോള്‍സണ്‍ ആയിരുന്നു. ജെഫ്രി തൂബിന്റെ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മിച്ചത്.
ലോകമെങ്ങും ആദരിക്കപ്പെടുന്ന സൈബറാക്രമണ വിരുദ്ധ ആക്ടിവിസ്റ്റാണ് മോണിക്ക ഇപ്പോള്‍. ഫേസ് ബുക്ക് അടക്കമുള്ള നിരവധി കമ്പനികളില്‍ അവര്‍ പ്രഭാഷണം നടത്തി ഇന്റനെറ്റിനെ ആക്രമണങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനുള്ള ബോധവല്‍കരണത്തിനായി ലോകമെങ്ങും പ്രഭാഷണം നടത്തുന്ന അവര്‍ ഇന്ത്യയിലും എത്തിയിരുന്നു.
ബൈ സ്റ്റാന്റര്‍ വെറല്യൂഷന്‍ പോലുള്ള സന്നദ്ധ സംഘടനകളില്‍ സജീവമായ മോണിക്ക ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കുള്ള കൗണ്‍സലിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്. ഈ വിഷയത്തില്‍ അവര്‍ നടത്തിയ ടെഡ് പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1995 ലാണ് മോണിക്ക ഇന്‍േറണായി വൈറ്റ് ഹൗസില്‍ എത്തിയത്. -നും 1997 -നുമിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം നിലനിന്നിരുന്നത്. എല്ലാം പുറത്തുവന്നതാവട്ടെ 1998 -ലും.
ഒരു കാന്‍സര്‍ രോഗ വിദഗ്ധന്റെയും എഴുത്തുകാരിയുടെയും മകളായി 1973-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച് ബെവര്‍ലി ഹില്‍സില്‍ വളര്‍ന്ന മോണിക്ക ബെവേര്‍ലി ഹില്‍സ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, ലൂയിസ് ആന്‍ഡ് ക്ലാര്‍ക്ക് കോളേജില്‍ നിന്നും മനഃശാസ്ത്രത്തില്‍ ബിരുദം നേടി.
അതിനുശേഷമാണ് 1995 -ല്‍ വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി ജോലിക്കു കയറുന്നത്. താമസിയാതെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി മോണിക്ക വൈറ്റ്ഹൗസില്‍ സ്ഥിരം ജീവനക്കാരിയായി.
പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പെട്ടെന്നുതന്നെ മോണിക്കയെ ശ്രദ്ധിച്ചു. അതൊരു പ്രണയമായി മാറി. പരിസരത്ത് മറ്റാരുംഇല്ല എന്ന മട്ടിലായിരുന്നു ക്ലിന്റന്റെ നോട്ടങ്ങള്‍ എന്ന് മോണിക്ക തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അവിവാഹിതയായിരുന്ന മോണിക്കയ്ക്ക് ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയോട് അടുപ്പം തോന്നാതിരിക്കാന്‍ കാരണമൊന്നുമുണ്ടായിരുന്നില്ല.
ക്ലിന്റണുമായി അടുക്കാന്‍ കിട്ടിയ ഒരവസരവും മോണിക്കയും പാഴാക്കിയില്ല. രണ്ടുവര്‍ഷത്തിലേറെ നീണ്ട ആ പ്രേമബന്ധത്തിനിടയില്‍ അവര്‍ വൈറ്റ്ഹൗസില്‍ വെച്ച് പലവട്ടം ശാരരികമായി ബന്ധപ്പെട്ടു. പരസ്പരം സമ്മാനങ്ങള്‍ കൈമാറി.
ഇതിനിടെയാണ് ലിന്‍ഡ ട്രിപ്പ് എന്ന പഴയൊരു സഹപ്രവര്‍ത്തകയോട് മോണിക്ക തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ലിന്‍ഡ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട് എന്നറിയാതെ മോണിക്ക ലൈംഗിക ബന്ധത്തിന്റെ ചൂടന്‍ വിശേഷങ്ങളടക്കം പലതും ലിന്‍ഡയോട് തുറന്നുപറഞ്ഞു. അതിനിടയ്ക്കാണ് പ്രസിഡന്റിന്റെ ശുക്ലം പടര്‍ന്ന തന്റെ നേവി ബ്ലൂ കോട്ടിനെക്കുറിച്ച് മോണിക്ക ലിന്‍ഡയോട് പറഞ്ഞത്.
അന്ന്, ലിന്‍ഡ മോണിക്കയോട് പറഞ്ഞു, 'മോണിക്ക...: നിനക്കുമുന്നില്‍ നീണ്ട ഒരു ജീവിതം ഇനിയും ബാക്കിയുണ്ട്. ആ കോട്ട് കഴുകാതെ അതേപടി സുരക്ഷിതമാക്കി വെക്കണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നിനക്ക് ഇനിയും ആവശ്യം വന്നേക്കും' ആ വാക്കുകള്‍ സത്യമായി.
ക്ലിന്റനെതിരെ അന്ന് മറ്റൊരു ലൈംഗികാരോപണ കേസ് കോടതിയില്‍ നടക്കുന്നുണ്ടായിരുന്നു. അര്‍ക്കന്‍സന്‍സില്‍ ഗവര്‍ണര്‍ ആയിരിക്കെ ക്ലിന്റന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ പൗളാ ജോണ്‍സ് കോടതിയില്‍ എത്തി.
ആരോപണം ക്ലിന്റണ്‍ കോടതിയില്‍ നിഷേധിച്ചു. കേസ് നീണ്ടുപോയി. അതിനിടെ മോണിക്കയുടെ കഥ പൗളാ ജോണ്‍സിന്റെ അഭിഭാഷകര്‍ അറിഞ്ഞു. ലിന്‍ഡ ആയിരുന്നു ആ വിവരം പുറത്തുപറഞ്ഞത്. അതോടെ ആ വിഷയം കോടതിയില്‍ എത്തി. ക്ലിന്റനോട് കോടതി മോണിക്ക ലെവിന്‍സ്‌കിയെപ്പറ്റി ചോദിച്ചു.
ആരോപണങ്ങള്‍ ടാബ്ലോയിഡുകളില്‍ വന്നുതുടങ്ങിയ അന്ന് മുതല്‍ക്കേ ക്ലിന്റണ്‍ നിഷേധിച്ചുകൊണ്ടിരുന്നു. 'ആ സ്ത്രീയുമായി ഒരു ബന്ധവുമില്ല' എന്നായിരുന്നു ക്ലിന്റന്റെ വാദം. പത്‌നി ഹിലാരി ക്ലിന്റണ്‍ ഭര്‍ത്താവിനെ പിന്തുണച്ചുകൊണ്ട കൂടെനിന്നു.
ഇതിനുപിന്നാലെ എഫ്ബിഐ മോണിക്കയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. പ്രസിഡന്റിനെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മോണിക്ക പൊട്ടിക്കരഞ്ഞു. തകര്‍ത്തുകൊണ്ട് എടുത്തുചാടി എല്ലാം അവസാനിപ്പിച്ചാലോ എന്നുവരെ ആലോചിച്ചതായാണ് മോണിക്ക പിന്നീട് പറഞ്ഞത്.