ഹാര്‍ദ്ദിക്കിന് പുറമെ ടീം അഗങ്ങളെല്ലാം ഓരോരുത്തരുടെയും മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണ് കുറവെങ്കില്‍ അത് പിഴയായി ഒടുക്കണമെന്നും മാച്ച് റഫറി വിധിച്ചു.

ലഖ്നൗ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കനത്ത പിഴ. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഹാര്‍ദ്ദിക്കിന് 24 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചത്. സീസണിൽ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിക്കുന്നത് എന്നതിനാലാണ് പിഴ 24 ലക്ഷമായി ഉയര്‍ന്നത്.

ഹാര്‍ദ്ദിക്കിന് പുറമെ ടീം അഗങ്ങളെല്ലാം ഓരോരുത്തരുടെയും മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണ് കുറവെങ്കില്‍ അത് പിഴയായി ഒടുക്കണമെന്നും മാച്ച് റഫറി വിധിച്ചു. ഇംപാക്ട് പ്ലേയറെയും പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇന്നലെ ലഖ്നൗവിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് മുംബൈ ഇന്ത്യന്‍സ് ഒരോവര്‍ കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. ഇത് മൂലം അവസാന ഓവറില്‍ മുംബൈക്ക് നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താനായുള്ളു.

അവനെ ഒഴിവാക്കിയിട്ടായാലും റിങ്കുവിനെ ടീമിലെടുക്കണമായിരുന്നു; തുറന്നു പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍

145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ സിംഗിളുമെടുത്ത നിക്കോളാസ് പുരാന്‍ അനായാസം ലഖ്നൗവിനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പത്ത് മത്സരങ്ങളില്‍ ഏഴാം തോല്‍വി വഴങ്ങിയ മുംബൈ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍. ആറ് പോയന്‍റ് മാത്രമുള്ള മുംബൈ നെറ്റ് റണ്‍റേറ്റിലെ നേരിയ മുന്‍തൂക്കത്തിലാണ് അവസാന സ്ഥാനത്തുള്ള ആര്‍സിബിക്ക് മുന്നില്‍ നില്‍ക്കുന്നത്.

സീസണില്‍ ശേഷിക്കുന്ന നാലു മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ മുംബൈക്ക് 14 പോയന്‍റുമായി പ്ലോ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ പോലും നിലനിര്‍ത്താനാവു. എല്ലാ മത്സരങ്ങളും ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചാണ് ഇനി മുംബൈയുടെ പ്ലേ ഓഫ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക