'കൊറോണക്കാലത്ത് നിങ്ങളുടെ വിശ്വസ്തരായ പങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മടിച്ചു നിൽക്കേണ്ടതില്ല' എന്ന സന്ദേശവുമായി സ്വീഡന്റെ ആരോഗ്യ വകുപ്പ് രംഗത്ത്. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഒക്കെ മാനസിക സംഘർഷങ്ങളിൽ അയവുണ്ടാകാൻ വേണ്ടി തങ്ങളുടെ പൗരന്മാരോട് ദീർഘകാലമായി സമ്പർക്കത്തിലുള്ള വിശ്വസ്തരായ പങ്കാളികളുമായി ഒട്ടും സങ്കോചപ്പെടാതെ ബന്ധപ്പെട്ടുകൊള്ളാനാണ് സ്വീഡനിലെ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ളത്. 

'കൊറോണക്കാലത്ത് സുരക്ഷിതമായ ഡേറ്റിങ്/ലൈംഗിക ബന്ധങ്ങൾ എങ്ങനെ?' എന്നപേരിൽ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയ സർക്കുലറിലാണ് ഈ നിർദേശമുള്ളത്. സ്വന്തം ആരോഗ്യ ലക്ഷണങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ സത്യസന്ധത പുലർത്തുകയും, വ്യക്തി ജീവിതത്തിൽ സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന പങ്കാളികൾ കൊവിഡ് ബാധയുടെ പേരിൽ മാത്രം പരസ്പരം ലൈംഗികബന്ധം പുലർത്താൻ മടിക്കേണ്ടതില്ല എന്നതാണ് സ്വീഡനിലെ ആരോഗ്യവകുപ്പിന്റെ നയം.

"വ്യക്തികൾ തമ്മിലുള്ള അടുപ്പം, സ്നേഹപ്രകടനങ്ങൾ, സെക്സ്' എന്നിവ സമൂഹത്തിന്റെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും എന്നാണ് അവർ പറയുന്നത്. അതേ സമയം അപരിചിതരുമായി കാഷ്വൽ സെക്സിൽ ഏർപ്പെടുന്നത് ആരോഗ്യ വകുപ്പ് ശക്തമായി നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. പരിചയമില്ലാത്തവരുമായി താത്കാലികമായ ആനന്ദത്തിനു വേണ്ടി സെക്‌സിലേർപ്പെടുന്നത് കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ദോഷം ചെയ്യുമെന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്.

എന്തായാലും കൊവിഡ് കാലത്തെ രതി സംബന്ധിച്ച വിഷയത്തിൽ അമേരിക്ക/യുകെ എന്നീ രാജ്യങ്ങളെക്കാൾ തുറന്ന സമീപനമാണ് സ്വീഡനുള്ളത്. നെതർലൻഡ്സിനോഡ് സാമ്യമുള്ള നയമാണിത്. അവിടെയാണെങ്കിൽ സ്വീഡനെക്കാൾ ഒരുപടി കൂടി കടന്ന്, 'ദീർഘകാലമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പാർട്ണറിൽ നിന്ന് ലോക്ക് ഡൌൺ കാരണം അകന്നു കഴിയേണ്ടി വരുന്നവരോട്, താൽക്കാലത്തെ മാനസികോല്ലാസത്തിനായി താമസിക്കുന്ന ചുറ്റുപാടിൽ നിന്നുതന്നെ ഒരു 'സെക്സ് ബഡ്‌ഡി'യെ കണ്ടെത്തിക്കൊള്ളാനാണ് നെതർലൻഡ്സ്  ഗവണ്മെന്റ് ഉപദേശിക്കുന്നത്. 

പല രാജ്യങ്ങളും 'കൊവിഡ് കാലത്തെ സെക്സ്' എന്ന വിഷയത്തിൽ പല സമീപനങ്ങളാണ് വെച്ച് പുലർത്തുന്നത്. ലോക്ക് ഡൌൺ കാലത്ത്, സാമൂഹിക വ്യാപനത്തിന്റെ സാധ്യതയുള്ള പ്രദേശങ്ങളിൽ രതിയിലേർപ്പെടാൻ വേണ്ടി പുറത്തിറങ്ങി നടന്നാൽ അത് അസുഖത്തെ ക്ഷണിച്ചു വരുത്തുന്ന നടപടിയാകും എന്ന മുന്നറിയിപ്പാണ് മിക്ക രാജ്യങ്ങളും നല്കിക്കൊണ്ടിരിക്കുന്നത്.