Asianet News MalayalamAsianet News Malayalam

കണ്ണ് വേദന കൊവിഡ് 19 ലക്ഷണമോ? പുതിയ സാധ്യതകള്‍...

തൊണ്ടവേദന, പനി, വരണ്ട ചുമ, തലവേദന, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ കൊവിഡ് 19ന്റെ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടനയടക്കം നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് വിശപ്പില്ലായ്മ, ദഹനപ്രശ്‌നം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അടുത്ത ഘട്ടമായപ്പോഴേക്ക് ഗന്ധവും രുചിയും അറിയാതിരിക്കുന്ന അവസ്ഥയും കൊവിഡ് 19 ലക്ഷണമാകാം എന്ന നിഗമനം വന്നു
 

eye pain and conjunctivitis may be symptom of covid 19
Author
Trivandrum, First Published Apr 6, 2020, 7:05 PM IST

ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപനം തുടരുന്നത്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളെ സംബന്ധിച്ച് പുതുതായി വരുന്ന വിവരങ്ങളുടെ കാര്യത്തില്‍ ഏവര്‍ക്കും വളരെയധികം ആകാംക്ഷയുണ്ട്.

തൊണ്ടവേദന, പനി, വരണ്ട ചുമ, തലവേദന, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ കൊവിഡ് 19ന്റെ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടനയടക്കം നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് വിശപ്പില്ലായ്മ, ദഹനപ്രശ്‌നം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 

അടുത്ത ഘട്ടമായപ്പോഴേക്ക് ഗന്ധവും രുചിയും അറിയാതിരിക്കുന്ന അവസ്ഥയും കൊവിഡ് 19 ലക്ഷണമാകാം എന്ന നിഗമനം വന്നു. കൊറോണ വൈറസ് വ്യാപകമായതിന് ശേഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പ്രശ്‌നങ്ങളായിരുന്നു ഇവ രണ്ടും.

ഒരു പരിധി വരെ ഈ സെര്‍ച്ച് റിസള്‍ട്ടുകളെ അടിസ്ഥാനമാക്കിയായിരുന്നു ആരോഗ്യവിദഗ്ധര്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡ് 19 ലക്ഷണമാണെന്ന നിഗമനത്തിലേക്കെത്തിയത്. സമാനമായി മറ്റൊരു പ്ര്ശ്‌നം കൂടി ഇപ്പോള്‍ കൊവിഡ് 19 ലക്ഷണമാണെന്ന തരത്തിലുള്ള സൂചനകള്‍ വരികയാണിപ്പോള്‍.

കണ്ണുവേദനയാണ് ഇത്തരത്തില്‍ അപൂര്‍വ്വം കൊവിഡ് 19 കേസുകളില്‍ ലക്ഷണമായി വരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ കണ്ണുവേദനയെക്കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചവരുടെ എണ്ണം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് സഹായകമാകുമെന്ന് പ്രമുഖ ഡാറ്റാ സയിന്റിസ്റ്റായ സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിട്‌സ് പറയുന്നു. 

ആളുകള്‍ തങ്ങളില്‍ കാണുന്ന ശാരീരികമായ മാറ്റങ്ങളെക്കുറിച്ച് ഇപ്പോള്‍ ആദ്യം അന്വേഷണം നടത്തുന്നത് ഗൂഗിളിലാണെന്നും ഈ വിവരങ്ങള്‍ കൊവിഡ് 19 പ്രതിരോധത്തിനും പഠനത്തിനും നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പറയുന്നു. 

ഇതിന് പുറമെ കണ്ണിനെ ബാധിക്കുന്ന വൈറസ് രോഗമായ ചെങ്കണ്ണ് (Conjunctivitis) കൊവിഡ് 19 ലക്ഷണമാകാന്‍ സാധ്യതയുള്ളതായി 'ദ അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി'യും റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ലക്ഷണങ്ങളുടെ കാര്യത്തില്‍ ഉള്ളത് പോലെ തന്നെ കണ്ണിന്റെ കാര്യത്തില്‍ അസ്ഥിരതയുണ്ട്. അതായത്, വൈറസ് ബാധയുള്ള എല്ലാവരിലും ഈ ലക്ഷണം കണ്ടേക്കില്ലെന്ന് സാരം. എങ്കിലും വൈറസ് ശരീരത്തിലെത്തി പതിനാല് ദിവസം കടക്കുന്നതിനിടെ എപ്പോഴെങ്കിലും ഈ പ്രശ്‌നം പുറത്തുകണ്ടേക്കാം. 

അതിനാല്‍ത്തന്നെ ചുമ, പനി, തലവേദന, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രധാന ലക്ഷണങ്ങള്‍ക്കൊപ്പം കണ്ണ് വേദന, കണ്ണിന് കലക്കം എന്നിവ നേരിടുന്നവരും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് 'ദ അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി' നിര്‍ദേശിക്കുന്നത്. കൂടാതെ ചൈനയിലെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു പഠനവും ഇതേ സൂചന തന്നെ പങ്കുവയ്ക്കുന്നു. 'ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്.

Follow Us:
Download App:
  • android
  • ios