കൊല്ലം: കൊവിഡ് പരിശോധനയ്ക്കുള്ള സ്രവ ശേഖരണത്തിനുള്ള  മാർഗനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. നഴ്സുമാർക്കും ലാബ് ടെക്നീഷ്യൻമാർക്കും മാത്രമല്ല പരിശീലനം ലഭിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും ഇനി കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കാം. 

അലോപ്പതി,  ദന്തൽ ഡോക്ടർമാർ ഇപ്പോൾ സ്രവം എടുക്കുന്നുണ്ട്. അതിനിയും തുടരണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. സ്രവം എടുക്കുന്ന വ്യക്തി ഒരു ഡോക്ടറിൽ നിന്നു പരിശീലനം ലഭിച്ച ആൾ ആണെന്ന്
ലാബ് ഇൻ ചാർജ് അല്ലെങ്കിൽ ഡോക്ടർ ഉറപ്പാക്കണം.

ആദ്യത്തെ ഇരുപത് സ്രവം എടുക്കുന്നത് പൂർണമായും ഡോക്ടറുടെ മേൽനോട്ടത്തിൽ ആയിരിക്കണം. പരിശോധന കേന്ദ്രമോ അല്ലെങ്കിൽ ജില്ല ആരോഗ്യ വകുപ്പോ ചേർന്ന് ഉചിതമായ ഒരു സംഘത്തെ നിയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെ ഇറക്കിയ ഉത്തരവിനെതിരെ നഴ്സുമാരിൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഇന്ന് വിശദമായ ഉത്തരവ് ഇറക്കിയത്.