ലഖ്‌നൗ: രാജ്യത്തെ കൊറോണ വൈറസിന്റെ വ്യാപനം എല്ലാവരേയും ഭീതിയിലാഴ്ത്തുന്നതാണ്. കൊറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. അതിനിടെ കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്ന് അറിയാത്തവര്‍ അബദ്ധങ്ങളിലും വ്യാജ പ്രചരണങ്ങളിലും ചെന്നു ചാടുന്നു. അത്തരമൊരു സംഭവം ആണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട വ്യാജ ആള്‍ ദൈവത്തെ അറസ്റ്റ് ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശമുള്ള മാന്ത്രിക കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കല്ലിനായി ഇയാള്‍ ഭക്തരില്‍ നിന്നം വാങ്ങുന്നത് 11 രൂപയാണ്. കൊറോണ വൈറസിനെ മറികടക്കാന്‍ തന്‍റെ കയ്യില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്നാണ് 'കൊറോണ വാല ബാബ' എന്ന് അറിയപ്പെടുന്ന ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്.

നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും തന്‍റെ കൈവശമുള്ള മാന്ത്രികകല്ലുകള്‍ ധരിച്ചാല്‍ മതിയെന്നുമാണ് ഇയാളുടെ വാദം. ഇത് വിശ്വസിച്ച് നൂറ് കണക്കിന് ആളുകളാണ് ഇയാളുടെ കടയില്‍ എത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.