ദില്ലി: രാജ്യത്ത് കൊവിഡ് മരണം 83 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം 3577 ആയി. മര്‍ക്കസ് സമ്മേളനം കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രാലയം രോഗം വായുവിലൂടെ പകരില്ലെന്നും വ്യക്തമാക്കി. മുംബൈയിൽ ഇന്ന് 8 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന്‌ മാത്രം  103 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത് എത്തിയവരാണ്. തമിഴ്നാട്ടിൽ 86 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 85 പേരും നിസാമുദീൻ  തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് എത്തിയവരാണ്. കേരളത്തിൽ ഇത് വരെ രോഗം ബാധിച്ചത് 314 പേർക്കാണ്. ഇന്ന് മാത്രം 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതുമായ ഇരുപത്തിരണ്ടായിരം പേര്‍ നിരീക്ഷണത്തിലാണ്. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ നിരക്ക് കുത്തനെ കൂടാന്‍ സമ്മേളനം ഇടയാക്കിയെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.

 

രാജ്യത്തെ 274 ജില്ലകളെ കോവിഡ് ബാധിച്ചു കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും. തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും  റാപ്പിഡ് ടെസ്റ്റ് നടത്തണം. ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാം. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊവിഡ് വായുവിലൂടെ പകരുമെന്ന പ്രചരണം ഐസിഎംആര്‍ തള്ളി. സ്രവത്തിലൂടെ മാത്രമേ രോഗം പകരൂ.

ആരോഗ്യ പ്രവര്‍ത്തകരിലും രോഗം വ്യാപിക്കുകയാണ്. ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. രാജ്യത്ത് ഇതുവരെ അറുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് നിലവിൽ തടസങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.