പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടർന്നാൽ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുമെന്നും ഇത് വിലക്കയറ്റത്തിനും സാമ്പത്തിക വളർച്ചാ നിരക്ക് കുറയുന്നതിനും കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് . ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിലേക്ക് ഉയർന്നേക്കാമെന്നും, പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവർക്കും ചെറുകിട സംരംഭകർക്കും സർക്കാർ സഹായം നൽകണമെന്നും നിർദ്ദേശിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ജൂണ്‍ മാസത്തിലും തുടര്‍ന്നാല്‍ ഇന്ത്യയില്‍ ഇന്ധനവില ഇനിയും കുതിച്ചുയര്‍ന്നേക്കുമെന്ന് മുന്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥ്. ഇത് രാജ്യത്ത് ഉയര്‍ന്ന വിലക്കയറ്റത്തിനും സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുന്നതിനും കാരണമായേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ പ്രതിസന്ധി കേവലം വിലവര്‍ധനവില്‍ ഒതുങ്ങുന്നില്ലെന്നും, ഇത് ആഗോളതലത്തില്‍ ഇന്ധനം, എല്‍പിജി, എല്‍എന്‍ജി, വളം എന്നിവയുടെ വിതരണത്തെത്തന്നെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് സാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ധനത്തിനായി മിഡില്‍ ഈസ്റ്റിനെ ഏറെ ആശ്രയിക്കുന്ന ഇന്ത്യയെ ഈ ക്ഷാമം കാര്യമായി ബാധിക്കുന്നുണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കങ്ങള്‍ കാരണം ആഗോള ഇന്ധന വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇത് പല രാജ്യങ്ങളെയും തങ്ങളുടെ കരുതല്‍ ശേഖരത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
ക്രൂഡ് ഓയില്‍ വില 140 ഡോളറിലേക്ക്?
നിലവിലെ സാഹചര്യത്തില്‍ വിതരണ തടസം ജൂണ്‍ മാസത്തിലും തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിരക്കിലാണ്. ഈ വിലയില്‍ തന്നെ തുടരണമെങ്കില്‍ പോലും വിപണിയില്‍ വലിയ തോതില്‍ ഡിമാന്‍ഡ് കുറയേണ്ടതുണ്ട്. എന്നാല്‍ ജൂണ്‍ മാസത്തോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 140 ഡോളറിനടുത്തേക്ക് ഉയരാനാണ് സാധ്യതയെന്ന് ഗീതാ ഗോപിനാഥ് വിലയിരുത്തുന്നു. അമേരിക്ക ഇടപെട്ട് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് പല രാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഒരു ധാരണയിലെത്തിയാല്‍ പോലും വിതരണം സാധാരണ നിലയിലാകാന്‍ രണ്ടോ മൂന്നോ മാസമെടുക്കും.
പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും
ഇന്ത്യയില്‍ ഇനിയും ഇന്ധനവില കൂടുമോ എന്ന ചോദ്യത്തിന്, ഇത് ഇന്ത്യയുടെ നിയന്ത്രണത്തിലല്ലാത്ത ബാഹ്യ പ്രതിസന്ധിയായതിനാല്‍ സര്‍ക്കാരിന് മറ്റ് വഴികളില്ലെന്നായിരുന്നു അവരുടെ മറുപടി. വില കൂടുന്നത് ആളുകളുടെ ഇന്ധന ഉപയോഗത്തില്‍ സ്വാഭാവികമായ മാറ്റം വരുത്താന്‍ സഹായിക്കും. എന്നാല്‍ ഈ പ്രതിസന്ധിയുടെ ഭാരം സര്‍ക്കാര്‍ മാത്രം ചുമക്കേണ്ടതില്ല. ഒരു വശത്ത് ധനക്കമ്മി അല്പം കൂടുന്നത് സഹിച്ചും, മറുവശത്ത് വിലവര്‍ധനവിന്റെ ഒരു പങ്ക് ജനങ്ങളിലേക്കും കമ്പനികളിലേക്കും പങ്കുവെച്ചും വേണം സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍. വരും മാസങ്ങളില്‍ വിലക്കയറ്റത്തിന്റെ നിരക്ക് രാജ്യത്ത് ക്രമേണ ഉയരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
രൂപയുടെ മൂല്യം 100 കടന്നാലും ഭയക്കേണ്ടതില്ല
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡോളറിനെതിരെ 91 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം ഇപ്പോള്‍ 97-ന് അടുത്തെത്തിയിരിക്കുകയാണ്. എന്നാല്‍ രൂപയുടെ മൂല്യം 100 തൊടുമോ എന്ന കാര്യത്തില്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. വിനിമയ നിരക്കിന്റെ കൃത്യമായ സംഖ്യയല്ല പ്രധാനം. മറിച്ച് രാജ്യത്തെ തൊഴിലവസരങ്ങള്‍, വിലക്കയറ്റം, ഉല്‍പ്പാദനം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അവർ പറയുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ സാധനങ്ങളുടെ വില കൂട്ടുമെങ്കിലും, അത് ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും. വിപണിയില്‍ ആര്‍ബിഐ അമിതമായി ഇടപെടുന്നത് നല്ലതല്ല. ഇന്ത്യയ്ക്ക് നിലവില്‍ 70,000 കോടി ശക്തമായ വിദേശനാണ്യ കരുതല്‍ ശേഖരമുണ്ടെങ്കിലും അത് പരിമിതമാണ്. വിപണി നിലനിര്‍ത്താന്‍ ഡോളര്‍ അമിതമായി ഒഴുക്കിയാല്‍ കരുതല്‍ ശേഖരം നഷ്ടപ്പെടുകയേ ഉള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
പാവപ്പെട്ടവര്‍ക്കും ചെറുകിട സംരംഭകര്‍ക്കും സഹായം നല്‍കണം
പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുമ്പോഴും, ഇതിന്റെ മുഴുവന്‍ ഭാരവും സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഗീതാ ഗോപിനാഥ് ഓര്‍മ്മിപ്പിച്ചു. പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും നേരിട്ട് പണം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം. ഉയര്‍ന്ന ഇന്ധനച്ചെലവ് കാരണം പ്രതിസന്ധിയിലായ ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഗ്യാരന്റിയുള്ള വായ്പകളും നല്‍കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
ഇന്ത്യയ്ക്ക് കരുത്തുണ്ട്; പരിഭ്രാന്തി വേണ്ട
വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടെങ്കിലും ഇന്ത്യ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് പോവുകയാണെന്ന വാദങ്ങളെ ഗീതാ ഗോപിനാഥ് തള്ളി. ഇന്ത്യയില്‍ ഇപ്പോഴും ആഭ്യന്തര ആവശ്യങ്ങള്‍ ശക്തമാണ്. പൊതു അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള ചെലവഴിക്കലുകളും വലിയ വിദേശനാണ്യ ശേഖരവും ഇന്ത്യയുടെ കരുത്താണ്. എങ്കിലും, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ ഇപ്പോഴും ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധികളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് പൂര്‍ണമായും തെറ്റാണെന്ന് പറയാനാകില്ല. എണ്ണവില 140 ഡോളറില്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ വലിയ പ്രതിസന്ധിയാണ്. എങ്കിലും നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, പ്രധാനമന്ത്രി പറഞ്ഞതുപോലെ മാറ്റങ്ങളോട് പൊരുത്തപ്പെടേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരാണ് ഗീതാ ഗോപിനാഥ്?
ആഗോള തലത്തില്‍ അറിയപ്പെടുന്ന മലയാളിയായ സാമ്പത്തിക വിദഗ്ധയാണ് ഗീതാ ഗോപിനാഥ്. ഹാര്‍വാര്‍ഡ് പ്രൊഫസറായ ഗീത മുന്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമാണ്. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശകയായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടിരുന്നു. ആഗോളതലത്തിലുള്ള സാമ്പത്തിക വികസന മാതൃകകള്‍ കേരളത്തിന് അനുയോജ്യമായ രീതിയില്‍ നടപ്പിലാക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഈ പദവിയിലൂടെ ലക്ഷ്യമിട്ടത്. രണ്ട് വര്‍ഷത്തോളം അവര്‍ ഈ പദവിയില്‍ തുടര്‍ന്നു. 2018 ഒക്ടോബറില്‍ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായതിനെ തുടര്‍ന്ന് അവര്‍ കേരള മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു.


