Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി, വിഭജിക്കാൻ ബിൽ, താഴ്‍വര അശാന്തിയിലേക്കോ?

ജമ്മു കശ്മീർ ഇനി വെറും കേന്ദ്ര ഭരണപ്രദേശം മാത്രമാണ്. രണ്ടായി വിഭജിക്കാനുള്ള ബില്ലും രാജ്യസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തെ, ജമ്മു & കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കുകയാണ്. 

Kashmir's Special Status Article 370 Ends J&K A Union Territory
Author
New Delhi, First Published Aug 5, 2019, 1:33 PM IST

ദില്ലി: നാടകീയവും തീർത്തും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ, ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം രാഷ്ട്രപതി റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അത്തരം അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. 

1954 - ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഇത് പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്‍റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമ നിർമ്മാണസഭയുടെ അംഗീകാരം വേണം. ഈ അനുച്ഛേദമാണ് സർക്കാർ ശുപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീർ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്. 

ഇനി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും അമിത് ഷാ രാജ്യസഭയിൽ ഉന്നയിച്ചു. ജമ്മു & കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിക്കുന്നത്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണപ്രദേശത്തിന് ദില്ലി മാതൃകയിൽ നിയമസഭയുണ്ടാകും. ലഡാക്കിന് അതുണ്ടാകില്ല. പ്രത്യേക ഭരണ സംവിധാനത്തിന് കീഴിലാകും ലഡാക്ക്. 

നാടകീയതകളുടെ ഒരു ദിവസം

നേരത്തേ പാർലമെന്‍റിന്‍റെ അജണ്ടയിൽ ജമ്മു കശ്മീരിലെ സാമ്പത്തിക സംവരണബില്ലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ പാർലമെന്‍റ് ചേർന്നപ്പോൾ മറ്റ് രണ്ട് ബില്ലുകൾ കൂടി അടിയന്തര പ്രാധാന്യത്തോടെ അജണ്ടയിൽ ഉൾപ്പെടുത്തുകയാണെന്ന് ഉപരാഷ്ട്രപതി കൂടിയായ സഭാധ്യക്ഷൻ വെങ്കയ്യാ നായിഡു പറഞ്ഞു. രണ്ട് ബില്ലുകളാണ് അവതരിപ്പിക്കാനുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എഴുന്നേറ്റ് നിന്ന് സംസാരിച്ചപ്പോഴേക്ക് രാജ്യസഭയിൽ ബഹളമായി.

നേരത്തേ അംഗങ്ങൾക്കൊന്നും ഇത്തരമൊരു ബില്ലുകൾ വരുന്നുവെന്ന് അജണ്ടയിൽ ഒരു സൂചനയും നൽകിയിരുന്നില്ല. അതിനാൽ തന്‍റെ സവിശേഷ അധികാരം ഉപയോഗിച്ച്, ഈ രണ്ട് ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകുന്നെന്ന് വെങ്കയ്യ നായിഡു. ജമ്മു കശ്മീർ & ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങൾ രൂപീകരിക്കാൻ രണ്ട് ബില്ലുകൾ വരുമെന്നാണ് അമിത് ഷാ പറഞ്ഞത്. 

കശ്മീർ സ്വദേശി കൂടിയായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീരിപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് ആരോപിച്ചു. ഇതിന് പിന്തുണയുമായി മറ്റ് പ്രതിപക്ഷ നേതാക്കളും എഴുന്നേറ്റു. രാജ്യസഭ അടുത്ത കാലത്തെങ്ങും കാണാത്ത വൻ പ്രതിഷേധം സഭയിൽ അലയടിച്ചു. പിഡിപി എംപിമാർ കയ്യിൽ കറുത്ത ബാഡ്ജ് കെട്ടിയാണ് സഭയിലെത്തിയത് തന്നെ. അവരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം, ആഞ്ഞടിച്ച വൻ പ്രതിഷേധം. 

ഈ ബഹളങ്ങൾക്കെല്ലാമിടയിലാണ് അമിത് ഷാ ആ നിർണായക പ്രഖ്യാപനം നടത്തിയത്. ഭരണഘടനയുടെ 370 അനുച്ഛേദം ബില്ലായി അവതരിപ്പിക്കേണ്ടതില്ല. അത് രാഷ്ട്രപതിയുടെ പ്രത്യേക വിജ്ഞാപനം വഴി ഇറക്കി പാസ്സാക്കിക്കഴിഞ്ഞു. വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവച്ചു കഴിഞ്ഞെന്നും ഗസ്റ്റ് നോട്ടിഫിക്കേഷനായി ഇറങ്ങിയാൽ നിയമമായെന്നും അമിത് ഷാ. ഞെട്ടിത്തെറിച്ച പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം അതിരുവിട്ടു.

പിഡിപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി ഭരണഘടന തന്നെ കീറിയെറിഞ്ഞു. രണ്ട് പിഡിപി എംപിമാരോടും ഇറങ്ങിപ്പോകാൻ സ്പീക്കറുടെ കർശന നിർദേശം. മുദ്രാവാക്യം വിളിച്ച് പാർലമെന്‍റ് ഇടനാഴികളിലൂടെ വികാരപ്രകടനം നടത്തി പിഡിപി അംഗങ്ങൾ. 

സൂചനകൾ നേരത്തേ എത്തി ..

അർധരാത്രി കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കിയപ്പോൾത്തന്നെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വലിയ നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന് വ്യക്തമായിരുന്നു. അമർനാഥ് യാത്രയുമായി ബന്ധപ്പെട്ടും, അതല്ലാതെയും, ഏതാണ്ട് 35,000 അർദ്ധസൈനികരെ കശ്മീരിൽ വിന്യസിച്ചതായി കേന്ദ്രസർക്കാർ ഔദ്യോഗികമായിത്തന്നെ സമ്മതിച്ചു. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമപ്രവർത്തകർ ഇത് ഏതാണ്ട് എഴുപതിനായിരം വരുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഓഗസ്റ്റ് 15- വരെ ജമ്മു കശ്മീരിൽ നിരോധിച്ചു. പലയിടത്തും ബ്രോഡ് ബാന്‍റ് സേവനങ്ങളും റദ്ദാക്കി. റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചു. അർധരാത്രി സൈന്യം തെരുവിലിറങ്ങി. ജനങ്ങളിൽ പരിഭ്രാന്തി പടർന്നു.

വൻസൈനിക വിന്യാസം കൊണ്ടുവന്നപ്പോൾത്തന്നെ ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ മണിക്കൂറുകൾ ക്യൂ നിന്നു. പെട്രോൾ പമ്പുകളിൽ ഡീസലിനും പെട്രോളിനും ഡിമാൻഡേറി. പല പമ്പുകളും സ്റ്റോക്ക് തീർന്ന് അടച്ചിട്ടു. തീവണ്ടികളിൽ ആളുകൾക്ക് മടങ്ങാൻ വൻ തിരക്ക്. വിമാനനിരക്കുകൾ കുത്തനെ ഉയർന്നു. യുകെ, ജർമനി പോലുള്ള രാജ്യങ്ങൾ കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് സ്വന്തം പൗരൻമാരോട് ആവശ്യപ്പെട്ടു. 

Read More: സൈനികവിന്യാസം,നിരോധനാജ്ഞ, നേതാക്കളുടെ വീട്ടുതടങ്കല്‍; പരിഭ്രാന്തിയില്‍ കശ്മീരിലെ ജനങ്ങള്‍

നിയമപരമായ ന്യായീകരണമെന്ത്?

ഭരണഘടനയുടെ 370 അനുച്ഛേദത്തിലോ 35 എയിലോ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കൂടി അനുമതി വേണമായിരുന്നു. J&K Constituent Assembly-യുടെ അനുമതി വേണമെന്നതായിരുന്നു 1954-ൽ ഉണ്ടാക്കിയ നിയമം. എന്നാൽ ആ Constituent Assembly-യുടെ കാലാവധി 1957-ൽ അവസാനിച്ചു. എന്നാൽ Constituent Assembly-യുടെ അധികാരങ്ങൾ ജമ്മു കശ്മീർ നിയമസഭയ്ക്കുണ്ട്. ആ നിയമസഭ ഇപ്പോൾ നിലവിലില്ല. സംസ്ഥാനത്ത് രാഷ്ട്രപതിഭരണമാണുള്ളത്. രാഷ്ട്രപതിക്കാണ് അതിനാൽ നിയമസഭയുടെ അധികാരങ്ങൾ. രാഷ്ട്രപതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച്, ഭരണത്തിന്‍റെ ആനുകൂല്യം കൂടി ചേർത്ത്, പുതിയ വിജ്ഞാപനം പുറത്തിറക്കുന്നു - എന്നാണ് അമിത് ഷാ അറിയിച്ചത്. 

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കം 

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഏറ്റവും നി‍ർണായകമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. ഇത് കശ്മീർ താഴ്‍വരയിൽ എളുപ്പത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ എന്തെല്ലാം നടപടികളെടുക്കുമെന്നത് നിർണായകമാകും. എണ്ണായിരം സൈനികരെക്കൂടി വിമാനത്തിൽ ജമ്മു കശ്മീരിൽ കൊണ്ടിറക്കാൻ തീരുമാനിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ നിർണായകമായ നീക്കങ്ങളിലൊന്നാണിത്. സംഘപരിവാറിന്‍റെ അടിസ്ഥാനശിലകളിലൊന്നാണ് 370 അനുച്ഛേദത്തോടുള്ള എതിർപ്പ്. ജനസംഘം രൂപീകരിക്കപ്പെട്ട് അത് പിന്നീട് ബിജെപിയായി മാറിയപ്പോഴും, ജമ്മു കശ്മീരിന് സവിശേഷ അധികാരങ്ങളുണ്ടായിരുന്നതിനോട് കടുത്ത എതിർപ്പ് തുടർന്നു. ഓരോ തെരഞ്ഞെടുപ്പിലും ഇതിനോടുള്ള എതിർപ്പ് സംഘപരിവാർ ഉയർത്തി. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി നേടി അധികാരത്തിലെത്തിയ മോദി സർക്കാർ സംഘപരിവാറിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് നടപ്പാക്കി നൽകുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇനി ബിജെപിക്ക് ഇതുപറഞ്ഞ് കിട്ടാൻ പോകുന്ന ആനുകൂല്യം ചെറുതാകില്ല. 

Read More: കശ്മീരിന് പ്രത്യേക പദവി എങ്ങനെ വന്നു? ആര്‍ട്ടിക്കിള്‍ 370, 35 എ; അറിയേണ്ടതെല്ലാം

Follow Us:
Download App:
  • android
  • ios