ശ്രീനഗര്‍: അമര്‍നാഥ് യാത്ര റദ്ദാക്കാനുള്ള നിര്‍ദ്ദേശത്തിനും വന്‍ സൈനികവിന്യാസത്തിനും പിന്നാലെ നിരോധനാജ്ഞയും നിലവില്‍ വന്നതോടെ ആകെ പരിഭ്രാന്തിയിലാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍. പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാകുക കൂടി ചെയ്തതോടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ ഭയചകിതരായിരിക്കുകയാണ് ജനങ്ങളെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും തിരികെപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍  നിര്‍ദ്ദേശിച്ചതുമുതല്‍ ജമ്മു കശ്മീരില്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു. വന്‍ തോതിലുള്ള സൈനികവിന്യാസം സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമാണെന്നൊക്കെയുള്ള വിശദീകരണമൊന്നും അവരുടെ ആശങ്കയകറ്റാന്‍ പര്യാപ്തമായിരുന്നില്ല. അതിനു പിന്നാലെ അര്‍ധരാത്രിയിലെ നിരോധനാജ്ഞ പ്രഖ്യാപനം കൂടിയായതോടെ സ്ഥിതി വഷളായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ റാലികളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

സംസ്ഥാനത്ത് മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം തടഞ്ഞുവച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനവും നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 15 വരെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞുവയ്ക്കുമെന്നാണ് വിവരം.

അമര്‍നാഥ് യാത്ര റദ്ദാക്കിയതിനു പിന്നാലെ തുടങ്ങിയ യാത്രക്കാരുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. ട്രാവല്‍ ഏജന്‍സികളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചു. കശ്മീരിന് പുറത്തുള്ളവര്‍ക്ക് തിരികെപ്പോകാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കശ്മീര്‍ സര്‍വ്വകലാശാല ഈ മാസം പത്ത് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

എടിഎമ്മുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും മുമ്പില്‍ ജനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാത്തതിന്‍റെ ആശങ്കയില്‍ അവശ്യസാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനുള്ള മുന്‍കരുതലിലാണ് ജനങ്ങള്‍.

പെട്രോള്‍ പമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങളിലും കാല്‍നടയായും എത്തി ഇന്ധനം വാങ്ങുന്നവരുടെ തിരക്ക് പലയിടങ്ങളിലും നിയന്ത്രണാതീതമാണെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍  ഗതാഗതക്കുരുക്കും ദൃശ്യമാണ്. 

നിലവില്‍ കര്‍ശന സുരക്ഷയിലാണ് സംസ്ഥാനം. 35,000ത്തോളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാനറോഡുകളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് പുറത്തേക്ക് പോകുന്ന ഇടങ്ങളിലെല്ലാം ശക്തമായ പരിശോധന നടത്തുന്നുണ്ട്. തെരുവുകളിലെ സൈനികസാന്നിധ്യം  പരിചിതമാണെങ്കിലും നിലവിലെ സൈനികവിന്യാസത്തെ പരിഭ്രാന്തിയോടെയാണ് ജനം വീക്ഷിക്കുന്നത്. 

ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദം 370, ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരായ പൗരൻമാർക്ക് ഭൂമി വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അവകാശങ്ങൾ ഉറപ്പാക്കുന്ന അനുച്ഛേദം 35 എ എന്നിവ പിൻവലിക്കുന്നതിനുള്ള ബില്ലുകൾ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തേ നിയമോപദേശം തേടിയിരുന്നു. പാർലമെന്‍റ്  സമ്മേളനം ബുധനാഴ്ച അവസാനിക്കാനിരിക്കെ, ഇതിന് മുമ്പ്, ബില്ലുകൾ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം, ഇതിനെതിരെയുള്ള പ്രതിഷേധം തടയാനാണ് ജമ്മു കശ്മീരിൽ വ്യാപകമായി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്.