ഷില്ലോങ്: ആരോഗ്യപരമായ കാരണങ്ങളാല്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മദ്യ വിതരണത്തിന് മറ്റൊരു ഉത്തരവിറക്കി മേഘാലയ സംസ്ഥാനം. കൊവിഡ് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മേഘാലയയില്‍ നാളെമുതല്‍ അഞ്ച് ദിവസത്തേക്ക് വൈന്‍ ഷോപ്പുകളും സംഭരണശാലകളും തുറക്കാന്‍ സർക്കാർ അനുമതി നല്‍കി. ഏപ്രില്‍ 13 മുതല്‍ 17 വരെ ദിവസവും ഏഴ് മണിക്കൂർ നേരമാണ് മദ്യ വിതരണം.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം കൂടാതെ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ മാത്രമേ മദ്യം വാങ്ങാന്‍ അനുവദിക്കൂ. ഇയാള്‍ മദ്യം തിരക്കി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനൊപ്പം സാനിറ്റൈസറുകള്‍ നല്‍കണമെന്നും കടയുടമകള്‍ക്ക് നിർദേശമുണ്ട്. 

Read more: ഓണ്‍ലൈന്‍ മദ്യവില്‍പനക്ക് അനുമതി നല്‍കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി കമ്പനികള്‍

ആരോഗ്യപരമായ കാരണങ്ങളാല്‍ നിയന്ത്രിത അളവില്‍ മദ്യം നല്‍കുമെന്ന ഉത്തരവ് മേഘാലയ സർക്കാർ മാർച്ച് 30ന് പുറത്തിറക്കിയെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ എതിർപ്പിനെ തുടർന്ന് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ, മദ്യക്കടകളും സംഭരണശാലകളും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീലർമാർ മുഖ്യമന്ത്രിയെ സമീപിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക