Asianet News MalayalamAsianet News Malayalam

നീറ്റ് പരീക്ഷാ തട്ടിപ്പ്; ബംഗളൂരുവില്‍ ഒരാൾകൂടി പിടിയില്‍

നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്ത് ഷെഫീൻ എന്നയാളാണ് ബം​ഗളൂരുവിൽ പിടിയിലായത്.  

NEET scam man arrested from Bangalore
Author
Chennai, First Published Oct 3, 2019, 12:12 PM IST

ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഒരാൾകൂടി പിടിയിൽ. അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്ത് ഷെഫീൻ എന്നയാളാണ് പിടിയിലായത്. ബം​ഗളൂരുവിൽ നിന്നാണ് പ്രതിയെ സിബിസിഐഡി കസ്റ്റഡിയിലെടുത്തത്. റാഫിക്ക് ഇയാൾക്ക് ബംഗളൂരുവിൽ താമസം സൗകര്യം ഒരുക്കിയിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് റാഫി ബം​ഗളൂരുവിൽ എത്തിയിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

നീറ്റ് പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പടെ ഇതുവരെ പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി, ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി സേലം സ്വദേശി ഇര്‍ഫാൻ, പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി, ഉദിത് സൂര്യ, പിതാവ് സ്റ്റാലിൻ, ബംഗളൂരുവിലെ ഇടനിലക്കാരന്‍ റാഫി, ലക്നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ദീർഘകാലമായി അസുഖബാധിതനായതിനാൽ അഭിരാമിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് സിബിസിഐഡി വ്യക്തമാക്കിയിരുന്നു. 

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടിക്കിയതെന്നും വിദ്യാര്‍ത്ഥി മൊഴി നൽകിയിരുന്നു. രക്ഷിതാവിനെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് അന്തര്‍സംസ്ഥാന തട്ടിപ്പിന്റെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്ന് തുടങ്ങിയത്.

സെപ്തംബർ 30-നാണ് ഇര്‍ഫാനനെ സിബിസിഐഡി അറസ്റ്റ് ചെയ്തത്. ഇര്‍ഫാന്‍റെ പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇര്‍ഫാന്‍റെ പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വെല്ലൂര്‍, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ ഷാഫി മൂന്ന് ക്ലിനിക്കുകള്‍ നടത്തിയിരുന്നെങ്കിലും ഐഎംഎ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇയാള്‍ വ്യാജ ഡോക്ടര്‍ ആണോ എന്നും അന്വേഷണം സംഘം പരിശോധിച്ചുവരുകയാണ്.

Read More: ചെന്നൈയിലെ 'നീറ്റ്' ആൾമാറാട്ടം: അറസ്റ്റിലായവരിൽ മലയാളി വിദ്യാർത്ഥിയും അച്ഛനും

ഇര്‍ഫാന്‍റെ അറസ്റ്റോടെയാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 പേർ പിടിയിലാകുന്നത്. ആള്‍മാറാട്ടം നടത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പലരും പുതുച്ചേരിയിലെ സ്വകാര്യ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. കോളേജിന്‍റെ അഫിലിയേഷന്‍ നഷ്ടപ്പെട്ടതോടെ ഇവര്‍ പുതുച്ചേരിയിലെ പഠനം ഉപേക്ഷിക്കുകയായിരുന്നു. തമിഴ്നാട്ടിലെ നീറ്റ് പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ മോക്ക് ടെസ്റ്റുകളിലെ മാര്‍ക്കുകള്‍ പരിശോധിച്ച് വരുകയാണ്. ലക്നൗ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ വന്‍ശൃംഖല തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ബയോമെട്രിക്ക് വിവരങ്ങളും സിബിസിഐഡി ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.

Read More: നീറ്റ് പരീക്ഷാതട്ടിപ്പിൽ അറസ്റ്റ് തുടരുന്നു;പിടിയിലായവരുടെ എണ്ണം പത്തായി

ശനിയാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി രാഹുലിനെയും പിതാവ് ഡേവിസിനെയും പന്ത്രണ്ട് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ആള്‍മാറാട്ടത്തിന് ഇരുപത് ലക്ഷം രൂപ നല്‍കിയെന്ന് തൃശ്ശൂര്‍ സ്വദേശി രാഹുല്‍ കഴിഞ്ഞ ദിവസം പൊലീസിന് മാെഴി നല്‍കിയിരുന്നു. എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍. പകരക്കാരനെ വച്ച് പ്രവേശന പരീക്ഷ എഴുതാന്‍ ഇരുപത് ലക്ഷം രൂപ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫിന്, പിതാവ് ഡേവിസ് കൈമാറിയെന്നായിരുന്നു രാഹുല്‍ നൽകിയ മൊഴി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് ജോസഫ് മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ മലയാളിയായ ഇടനിലക്കാരന്‍ റഷീദിനായി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

വിദ്യാര്‍ത്ഥികളുടെ ആള്‍മാറാട്ടം സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയ തേനി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.രാജേന്ദ്രന്‍ ഫോണിലൂടെ വധഭീഷണി ലഭിച്ചിരുന്നതായി പരാതി നല്‍കിയിരുന്നു. അതേസമയം, തട്ടിപ്പില്‍ കോളേജ് അധികൃതര്‍ക്കും പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയടക്കം മൂന്ന് ഡീന്‍മാരെ സിബിസിഐഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇർഫാന് അധികൃതരുടെ സഹായം ലഭിച്ചെന്ന സംശയത്തിലാണ് ഡീൻ ഡോ. ശ്രീനിവാസ റാവുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. 

Read More: നീറ്റ് തട്ടിപ്പ്: കോളേജ് അധികൃതര്‍ക്കും പങ്കെന്ന് സംശയം, മൂന്ന് ഡീന്‍മാരെ ചോദ്യംചെയ്തു

മാര്‍ക്ക് ലിസ്റ്റില്‍ സംശയം പ്രകടിപ്പിച്ചതിന് ശേഷം ഇര്‍ഫാന്‍ കോളേജില്‍ എത്തിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ ഡോ. ശ്രീനിവാസ് റാവു മൊഴി നൽകിയിരുന്നു. ഇര്‍ഫാനെ ബന്ധപ്പെട്ടപ്പോള്‍ മൗറീഷ്യസിലെ മെഡിക്കല്‍ കോളേജില്‍  അഡ്മിഷന്‍ എടുത്തുവെന്നാണ് അറിയിച്ചതെന്നും കോളേജ് ഡീന്‍ പൊലീസിനോട് വ്യക്തമാക്കി. എസ്ആര്‍എം മെഡിക്കല്‍ കോളേജിലെയും, ശ്രീബാലാജി മെഡിക്കല്‍ കോളേജ് ഡീന്‍മാരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആള്‍മാറാട്ടം നടത്തി പ്രവേശന പരീക്ഷ എഴുതിയത് കൂടാതെ മാര്‍ക്ക് ലിസ്റ്റിലും കൃത്രിമം കാട്ടിയാണ് വിദ്യാര്‍ഥികള്‍ എംബിബിഎസ് പ്രവേശനം നേടിയത്.  

Follow Us:
Download App:
  • android
  • ios