Asianet News MalayalamAsianet News Malayalam

പാർലമെന്‍റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും; സര്‍ക്കാരിന് നേട്ടമായി പൗരത്വഭേദഗതി ബിൽ

പൗരത്വനിയമഭേദഗതി ബിൽ പാസ്സാക്കാനായതാണ് സർക്കാരിൻറെ പ്രധാന നേട്ടം. 

parliament winter session ends today
Author
Delhi, First Published Dec 13, 2019, 5:22 AM IST

ദില്ലി: പാർലമെന്‍റിന്‍റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും. മഹാരാഷ്ട്രയിൽ രാത്രിനീക്കത്തിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചത് സമ്മേളനത്തെ തുടക്കത്തിൽ പ്രക്ഷുബ്ധമാക്കിയിരുന്നു. പൗരത്വനിയമഭേദഗതി ബിൽ പാസ്സാക്കാനായതാണ് സർക്കാരിൻറെ പ്രധാന നേട്ടം. രാജ്യസഭയിൽ നൂറ്റിയഞ്ചിനെതിരെ നൂറ്റിഇരുപത്തിയഞ്ച് വോട്ടുകൾക്കാണ് ബില്ല് പാസ്സായത്. ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യം ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയത്തിന് ലോക്സഭയിൽ കോൺഗ്രസ് നോട്ടീസ് നല്കി.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.  

അതേസമയം പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യം ആഭ്യന്തരമന്ത്രാലയം ഇന്ന് വിലയിരുത്തും. അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ദില്ലിയിൽ ചേരും. മേഘാലയ മന്ത്രിസഭയിലെ അംഗങ്ങളുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും എല്ലാ നേതാക്കൾക്കും ദില്ലിയിൽ എത്താനായിട്ടില്ല. ത്രിപുരയിലെ സംയുക്തസമരസമിതി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കു ശേഷം പ്രക്ഷോഭം പിൻവലിച്ചിരുന്നു. ബില്ലിനെതിരെ വിദ്യാർത്ഥിസംഘടനകൾ ദില്ലിയിൽ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ കർഫ്യു തുടരുകയാണ്. ഇന്നലെ കർഫ്യു ലംഘിച്ച് ആയിരങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. 

Follow Us:
Download App:
  • android
  • ios