Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി ബിൽ; അസമിലും ത്രിപുരയിലും പ്രതിഷേധം ഇരമ്പുന്നു, മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

മുസ്ലീംലീഗിന്‍റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹർജി ഫയൽ ചെയ്യുക. അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്.

protests harden in northeaster states over  citizenship amendment bill Muslim league to file petition in supreme court today
Author
Delhi, First Published Dec 12, 2019, 8:33 AM IST

ദില്ലി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നു. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 10 ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്. ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോർട്ടുകൾ പാടില്ലെന്ന് കേന്ദ്രം മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ  സോനോവാളിന്‍റെ വീടിനെതിരെ കല്ലേറ് നടന്നതായും റിപ്പോർട്ടുകളുണ്ട്. 

ഇന്നലെ രാജ്യസഭയിൽ കൂടി പാസായ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. മുസ്ലീംലീഗിന്‍റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹർജി ഫയൽ ചെയ്യുക. മറ്റ് പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന അവകാശമാണമെന്നും അതിന് വിരുദ്ധമാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്ലെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം സുപ്രീംകോടതിക്ക് അനുവദിക്കില്ലെന്നും പ്രതിപക്ഷം കണക്കാക്കുന്നു.

കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും പുറമേ ഇടതുപക്ഷവും കോടതിയെ സമീപിക്കും. പാര്‍ലമെന്‍റിൽ നിന്ന് മാർച്ച് നടത്തി സുപ്രീംകോടതിയിൽ ഹര്‍ജി നൽകുന്നതിനെ കുറിച്ചും പ്രതിപക്ഷ പാര്‍ടികൾ ആലോചിക്കുന്നുണ്ട്. ദില്ലിയിൽ പാര്‍ലമെന്‍റ് പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്. 

ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. നിരവധിയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് 12ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. ഗുവാഹത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അസം റൈഫിള്‍സിനെയും പ്രക്ഷോഭകാരികളെ നേരിടാന്‍ രംഗത്തിറക്കിയിട്ടുണ്ട്. ത്രിപുരയിലും കേന്ദ്ര സേനയെ വിന്യസിച്ചു. 

നാഗാലാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബില്ലിനെതിരെ രംഗത്തിറങ്ങി. അസമില്‍ കൃഷക് മുക്തി സന്‍ഗ്രം എന്ന സംഘടന അനിശ്ചിത കാലത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കികിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സൈനിക കേന്ദ്രം വ്യക്തമാക്കി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ  സോനോവാള്‍ ലോക്പ്രിയ ഗുവാഹത്തി അന്താരാഷ്ട്ര വിമാത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി. തെസ്പൂരിലേക്ക് പിന്നീട് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി തിരിച്ചത്. 

Follow Us:
Download App:
  • android
  • ios