ദില്ലിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാതെ മടങ്ങി. കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സുകളുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരുന്നെങ്കിലും, പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ വിജയ് വിമാനത്താവളത്തിലേക്ക് നേരെ പോകുകയായിരുന്നു. അടുത്തയാഴ്ച കൂടിക്കാഴ്ച നടക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ദില്ലി: കോൺഗ്രസ് നേതാക്കളെ കാണാതെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ദില്ലിയിൽനിന്നും മടങ്ങി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി വിജയ് കൂടികാഴ്ച നടത്തുമെന്നായിരുന്നു വിവരം. സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്ത് നിൽക്കുന്ന നിരവധി ഫ്ലക്സുകൾ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാൽ രാവിലെ തമിഴ്നാട് ഭവനിൽനിന്നും വിജയ് നേരെ വിമാനത്താവളത്തിലേക്കാണ് പോയത്.
രാഹുലുമായി കൂടികാഴ്ച നിശ്ചിയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടിയിരുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും കോൺഗ്രസിന്റെ സഖ്യകക്ഷിയായി ദേശീയ തലത്തിൽ അറിയപ്പെടാനും, സ്റ്റാലിനെപോലെ കേന്ദ്രവുമായി നേരിട്ട് ഉടക്കി വികസന പദ്ധതികൾക്ക് ഫണ്ട് നഷ്ടപ്പെടുത്താനും വിജയ് ആഗ്രഹിക്കുന്നില്ലെന്നാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്.
നേരത്തെ കേരളത്തിലെ യുഡിഎഫിന്റെ സത്യപ്രതിജ്ഞയ്ക്കും വിജയ് എത്തിയിരുന്നില്ല. ചടങ്ങുകളില്‍ തായ് വാഴ്ത്ത് ആദ്യം ആലപിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യമടക്കമാണ് വിജയ് ഉന്നയിച്ചത്. വമ്പന്‍ പദ്ധതികള്‍ക്ക് പിന്തുണ തേടി ധനമന്ത്രി നിര്‍മലാ സീതാരാമനെയും വിജയ് സന്ദര്‍ശിച്ചു. എന്നാല്‍ അടുത്തയാഴ്ച വിജയ് ദില്ലിയിലെത്തുമ്പോള്‍ സോണിയയെയും രാഹുലിനെയും കാണുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിജയ് കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണാതെ മടങ്ങിയതില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അടുത്തയാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്നും കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലക് പറഞ്ഞു.
