തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറ്റിൻകരയിൽ വെച്ചാണ് ഇയാൾ കോടാലി ഉപയോഗിച്ച് ലിംഗത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾ തന്നെ തന്റെ ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഛത്തർപൂർ:ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ മഹാരാജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്.രാംമിലൻ യാദവ് എന്നയാളാണ് കടുംകൈ സ്വീകരിച്ചത്. തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറ്റിൻകരയിൽ വെച്ചാണ് ഇയാൾ കോടാലി ഉപയോഗിച്ച് ലിംഗത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾ തന്നെ തന്റെ ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ ബന്ധുക്കൾ ആദ്യം മഹാരാജ്പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പിന്നീട് പരിക്ക് ഗുരുതരമായതിനാൽ ഛത്തർപൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
ഒരു രാംലീല നാടകസംഘം നടത്തിവരികയായിരുന്ന രാംമിലൻ. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നു ഇയാളെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമത്തിൽ ഒരു വീഡിയോയിൽ തന്റെ ലൈംഗികാസക്തിയും ആഗ്രഹങ്ങളും അവസാനിപ്പിക്കാൻ വേണ്ടിയാണ് താൻ ഈ കടുംകൈ ചെയ്തതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന ജീവിതം പ്രാർത്ഥനകൾക്കും രാജ്യസേവനത്തിനുമായി സമർപ്പിക്കാനാണ് തന്റെ തീരുമാനമെന്നും ഇയാൾ പറയുന്നത്. രാംമിലന്റെ ഭാര്യ ദീർഘനാളായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. ഒരു മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഇതിൽ ഒരു മകളുടെ വിവാഹം വരാനിരിക്കുന്ന ജൂൺ 25ന് നിശ്ചയിച്ചിരിക്കുകയാണ്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ആശുപത്രി അധികൃതർ നൽകുന്ന വിവരമനുസരിച്ച് കോടാലി കൊണ്ടുള്ള മുറിവ് കാരണം ഇയാളുടെ ലിംഗത്തിന്റെ ഒരു ഭാഗം വേർപെട്ടുപോയിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സയിലാണ് ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, രേഖാമൂലം പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മഹാരാജ്പൂർ പൊലീസ് വ്യക്തമാക്കുന്നത്.


