ധനമന്ത്രി തോമസ് ഐസകിന്‍റെ അവതരിപ്പിച്ച ബജറ്റില്‍ 2020 -21 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ലക്ഷ്യം മൂന്ന് ശതമാനമാക്കി നിശ്ചയിച്ചു. കേരള സര്‍ക്കാരിന്‍റെ റവന്യു കമ്മി 2019 -20 ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തില്‍ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. 

2020 -21 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14, 635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചെലവ് 1,29,837 കോടിയും റവന്യു കമ്മിയും 15,201 കോടിയുമായേക്കും. 2020 -21 വര്‍ഷത്തിലെ ചെലവ് നടപ്പ് വര്‍ഷത്തെക്കാള്‍ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്‍റെ പൊതുകടം അടുത്ത സാമ്പത്തിക വര്‍ഷം 84,491 കോടിയായി ഉയരുമെന്നും ബജറ്റ് രേഖ പറയുന്നു. 

സംസ്ഥാനത്തിന്‍റെ വികസന ചെലവുകള്‍ക്കായി അടുത്ത സാമ്പത്തിക വര്‍ഷം 1,103 കോടിയുടെ അധിക വിഭവ സമാഹരണം ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം വികസന ചെലവിനത്തിലെ 19,987 കോടിക്ക് പുറമെയാണ് പുതിയ വിഭവ സമാഹരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരമുളള റവന്യു വരവ് 99,042 കോടിയും റവന്യു ചെലവ് 1,16,516 കോടി രൂപയുമായിരുന്നു. റവന്യു കമ്മി 17,474 കോടിയും. 

റവന്യു വരുമാന വളര്‍ച്ച 13 ശതമാനം മാത്രം !

2013-14നും  2018-19നും  ഇടയിൽ  സംസ്ഥാന സർക്കാരിന്‍റെ  ചെലവുകൾ  ശരാശരി 16.13 ശതമാനമാണ് വളർന്നത്. എന്നാൽ അതേ സമയം ഈ കാലയളവിൽ സർക്കാരിന്‍റെ റവന്യൂ വരുമാനം  13.26 ശതമാനം  മാത്രമേ വളർന്നുള്ളൂ. വരുമാനവും  ചെലവും  തമ്മിലുള്ള  ഈ  വിടവ് ധനപതിസന്ധിക്ക്  ആക്കം  കൂട്ടിയിരിക്കുകയാണ്.

കഴിഞ്ഞ  ഇടതുപക്ഷ  സർക്കാരിന്‍റെ  കാലത്തെന്നപാലെ റവന്യൂ വരുമാന വർദ്ധനവ് 18-20 ശതമാനമായി ഉയർത്തിക്കൊണ്ടു മാത്രമേ കമ്മി  കുറയ്ക്കുന്നതിനും  സുസ്ഥിര  ധനപാതയിലേയ്ക്ക്  സംസ്ഥാനത്തെ  നയിക്കുന്നതിനും കഴിയൂ എന്നും ബജറ്റ് രേഖ വ്യക്തമാക്കുന്നു.  ജിഎസ്ടിയിൽ  പ്രതീക്ഷിച്ച  നേട്ടം യാഥാർത്ഥ്യമായില്ലെന്നും രേഖ തുറന്നുപറയുന്നു.

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ജിഎസ്ടി ഗുണകരമാകേണ്ടതാണെന്നും എന്നാല്‍, അതുണ്ടായില്ലെന്നും തോമസ് ഐസക് സഭയെ അറിയിച്ചു. ഇ- വേ ബില്‍ നടപ്പായാല്‍ നികുതി വെട്ടിപ്പ് തടയാനാകും ഉയര്‍ന്ന വരുമാനവും ജിഎസ്ടി വഴി ഉറപ്പാക്കാനാകുമെന്നും ബജറ്റ് രേഖ പറയുന്നു.  

കഴിഞ്ഞ  ലോക്സഭാ തിരഞ്ഞെടുപ്പിന്  മുമ്പ്  ജിഎസ്ടി  നിരക്കുകൾ കുത്തനെ  വെട്ടിക്കുറച്ചത് വരുമാനം കുറയാന്‍ കാരണമായി. മാന്ദ്യവും  നികുതി  പിരിവിനെ  പ്രതികൂലമായി ബാധിച്ചു. ഈ  വർഷത്തെ പ്രതീക്ഷിത  നികുതി  വരുമാനത്തിൽ  10,113  കോടിയുടെ  കുറവുണ്ടാകുമെന്നാണ് കരുതുന്നത്. 

എന്നാൽ, ഈ ധന്രപതിസന്ധി സംസ്ഥാനത്ത് ഒരു വികസന  സ്തംഭനവും  ഉണ്ടാക്കാൻ  അനുവദിച്ചിട്ടില്ലെന്നും തോമസ് ഐസക് തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

പുനര്‍വിന്യാസങ്ങളിലൂടെയും ചിലവ് ചുരുക്കലുകളിലൂടെയും 2,500 കോടി രൂപയുടെ അധികച്ചിലവ് ഒഴിവാക്കാനാവുമെന്നും തോമസ് ഐസക് സഭയെ അറിയിച്ചു. കേന്ദ്രവിഹിതത്തില്‍ 8,330 കോടിയുടെ കുറവുണ്ടായി. പ്രളയ സഹായം കേന്ദ്ര സർക്കാർ കേരളത്തിന് നിഷേധിച്ചിക്കുകയാണ്. സംസ്ഥാനത്തിനുള്ള വിഹിതം എല്ലാത്തരത്തിലും വെട്ടിക്കുറയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുകളിലും കുറവുണ്ടായി, ജിഎസ്ടി നഷ്ടപരിഹാരം സമയത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.