പണം നൽകിയ വിദ്യാർഥികളോട് ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതരുതെന്ന് പരീക്ഷ കഴിഞ്ഞ് പേപ്പറുകൾ ശേഖരിച്ചുകഴിഞ്ഞാൽ തങ്ങൾ ഉത്തരമെഴുതാമെന്നുമായിരുന്നു പ്രതികളുടെ വാ​ഗ്ദാനം.

ഗോധ്ര: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്താൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ സ്‌കൂൾ അധ്യാപികയ്‌ക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയുമാണ് കേസ്. നീറ്റ് പരീക്ഷ എഴുതിയ ആറ് ഉദ്യോഗാർഥികളെ 10 ലക്ഷം രൂപ നൽകിയാൽ ഉത്തരമെഴുതാൻ സഹായിക്കാമെന്ന് വാ​ഗ്ദാനം നൽകിയ സംഭവത്തിലാണ് കേസ്. മെഡിക്കൽ കോളേജ് പ്രവേശനത്തിനായി ഞായറാഴ്ച നടന്ന നീറ്റ്-യുജി പരീക്ഷയുടെ കേന്ദ്രമായി നിയോഗിക്കപ്പെട്ട ഗോധ്ര സ്‌കൂളിൽ ചിലർ ക്രമക്കേട് നടത്തിയതായി ജില്ലാ കലക്ടർക്ക് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയത്. 

പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഭൗതിക ശാസ്ത്ര അധ്യാപകനായ തുഷാർ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവർക്കെതിരെയാണ് കേസെടുത്തു. ഒരുവിദ്യാർഥിയെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അഡ്വാൻസായി ആരിഫ് വോറ നൽകിയ 7 ലക്ഷം രൂപ ഭട്ടിൻ്റെ കാറിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പണം നൽകിയ വിദ്യാർഥികളോട് ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതരുതെന്ന് പരീക്ഷ കഴിഞ്ഞ് പേപ്പറുകൾ ശേഖരിച്ചുകഴിഞ്ഞാൽ തങ്ങൾ ഉത്തരമെഴുതാമെന്നുമായിരുന്നു പ്രതികളുടെ വാ​ഗ്ദാനം. ജില്ലാ അഡീഷണൽ കളക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അടങ്ങുന്ന സംഘം പരീക്ഷാ ദിവസം സ്‌കൂളിലെത്തി ഭട്ടിനെ ചോദ്യം ചെയ്തു.

Read More... മെമ്മറി കാര്‍ഡ് കാണാതായ കേസ്: കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയക്കും; യദുവിനെ പൊലീസ് ചോദ്യം ചെയ്യും

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, 16 ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും പരീക്ഷാ കേന്ദ്രങ്ങളും അടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു. ഈ വിവരം ഇയാൾ മറ്റൊരു പ്രതിക്ക് വാട്സ് ആപ് വഴി അയച്ചതായും കണ്ടെത്തി. ആറ് പേരുടെ ചോദ്യപേപ്പറുകളിൽ ഉത്തരമെഴുതാൻ 10 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തതായി ഇയാൾ സമ്മതിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കിരിത് പട്ടേൽ പറഞ്ഞു.

Asianet News Live