കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിതമേഖലകളില്‍നിന്നും 418 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. കഴിഞ്ഞ കാലവർഷത്തില്‍ ദുരന്തങ്ങള്‍ സംഭവിച്ച പ്രദേശങ്ങളിൽ രണ്ടാമതും പരിശോധന നടത്തി തയാറാക്കിയ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. നീർച്ചാലുകള്‍ വ്യാപകമായി കൈയേറിയതാണ് ജില്ലയിലെ മഴക്കാലദുരന്തങ്ങളുടെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.

വയനാട്ടില്‍ ഈ വർഷം പ്രളയ ദുരന്തമുണ്ടായ വിവിധ പ്രദേശങ്ങളില്‍നിന്നായി 3000ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഇതുവരെയുള്ള കണക്ക്. കഴിഞ്ഞ സെപ്റ്റംബറില്‍ തയ്യാറാക്കിയ ആദ്യഘട്ട പരിശോധനാ റിപ്പോർട്ട് പ്രകാരം ജില്ലയില്‍ ചെറുതും വലുതുമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ 170 ഇടങ്ങള്‍ ഇനി വാസയോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. ഇത് ജില്ലയിലെ പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.

തുടർന്നാണ് ദുരന്തഭൂമികള്‍ എത്രത്തോളം വാസയോഗ്യമാണെന്ന് വീണ്ടും പരിശോധന നടത്താന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ജില്ലാ ജിയോളജിസ്റ്റുമടങ്ങുന്ന വിദഗ്ധ സമിതിയെ കളക്ടർ ചമുതലപ്പെടുത്തിയത്. ഈ പരിശോധനാ റിപ്പോർട്ടിലാണ് ജില്ലയിലാകെ 418 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചാല്‍ മതിയാകുമെന്ന് പറയുന്നത്. അതിവർഷമുണ്ടാകുമെന്ന സാഹചര്യമായാല്‍ മാറ്റി പാർപ്പിക്കേണ്ട 500 കുടുംബങ്ങളേതൊക്കെയാണെന്നും റിപ്പോർട്ടിലുണ്ട്.

ജില്ലയില്‍ കാലവർഷത്തെത്തുടർന്നുണ്ടായ ദുരന്തങ്ങളുടെയെല്ലാം പ്രധാന കാരണം നീർച്ചാലുകള്‍ തടസപ്പെടുത്തിയുള്ള നിർമാണമോ കൈയേറ്റമോ ആണ്. പുത്തുമല, കുറിച്യാർമല, അന്‍പുകുത്തിമല, എടക്കല്‍ഗുഹ തുടങ്ങിയ ഏഴ് പ്രദശങ്ങളില്‍ ഇനിമുതല്‍ നിർമാണ പ്രവർത്തനങ്ങള്‍ക്കും മറ്റും കർശന നിയന്ത്രണം വേണം. കുന്നിന്‍ പ്രദേശങ്ങളിലൂടെയുള്ള റോഡ് നിർമ്മാ
ണങ്ങള്‍ക്കും ചെങ്കുത്തായ ഇടങ്ങളിലെ വീട് നിർമ്മാണങ്ങള്‍ക്കും കർശന നിയന്ത്രണം വേണമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കളക്ടർക്ക് കൈമാറിയ റിപ്പോർട്ട് ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പുനർനിർമ്മാണ പ്രവർത്തനങ്ങളില്‍ നിർണായകമാണ്.