കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക് കൂടി നീളുമെന്ന് ഉറപ്പായി. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി ഡാക് പരിശോധിച്ച് വരികയാണെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. വിദേശത്ത് നിന്ന് നയതന്ത്രബാഗിൽ എത്തിയ ഖുറാൻ പുറത്ത് വിതരണം ചെയ്തതിൽ കോൺസുലേറ്റിനെ എതിർ കക്ഷിയായി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് എൻഐഎ നിലപാട് വ്യക്തമാക്കുന്നത്.

പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: വിദേശത്ത് നിന്ന് പല തവണയായി വലിയ അളവിൽത്തന്നെ സ്വർണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികൾ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയായിരുന്നു പ്രധാനമായും കടത്ത്. ഇന്ത്യയിലും വിദേശത്തുമുള്ള, വൻസ്വാധീനമുള്ള ആളുകളുൾപ്പെട്ട വിശാലമായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയിട്ടുള്ളത്. ഇത് പലർക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതിൽ നിന്ന് പ്രതികൾക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, ഈ കടത്ത് തീവ്രവാദഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും വെളിവായി.

ഇതിന്‍റെ തുടർന്നുള്ള ഘട്ടങ്ങളിലെ അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികൾക്കും, കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും ഇതിലെ ഗൂഢാലോചനയിൽ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം. സ്വർണക്കടത്തിനുള്ള ഗൂഢാലോചന വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നടന്നത്. ഇതിന്‍റെ തെളിവുകൾ ശേഖരിക്കാൻ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തിരുവനന്തപുരത്തെ സി- ഡാക് ഓഫീസിൽ സൈബർ ഫൊറൻസിക് അനാലിസിസിനായി നൽകിയിട്ടുണ്ട്. ഇവയുടെ എല്ലാം Mirror images എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച് വരികയാണ്. ഡിജിറ്റൽ തെളിവുകളുടെ ശേഖരണം പൂർത്തിയായി വരുന്നതേയുള്ളൂ. അത് ലഭിക്കുന്ന പക്ഷം, ഡിജിറ്റൽ തെളിവുകൾ കൂടി മുൻനിർത്തി, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അത് ഈ കേസിൽ നിർണായകവുമാണ്. മാത്രമല്ല, നിലവിൽ ലഭിച്ചിട്ടുള്ള ഡിജിറ്റൽ തെളിവുകൾ തന്നെ, പ്രതികൾ എൻഐഎ കസ്റ്റഡിയിൽ തുടരേണ്ടതുണ്ട് എന്ന് തെളിയിക്കുന്നതാണ്. 

വിദേശത്ത് നിന്ന് വലിയ തോതിൽ സ്വർണം കടത്തിയതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ പണം തീവ്രവാദപ്രവർത്തനങ്ങൾക്കും മറ്റ് നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ നീക്കം നടന്നിരുന്നു. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി, യുഎഇ എന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെത്തന്നെ തകർക്കാവുന്ന പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. ഈ പണം ആരിലേക്ക് എങ്ങനെയാണ് എത്തിയിരുന്നതെന്നതടക്കം ഇനിയും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. ഇത് ആഴത്തിൽ അന്വേഷിക്കേണ്ടതാണ്. അന്വേഷണം പുരോഗമിക്കുന്നു. 

എന്നിങ്ങനെയാണ് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

സ്വപ്ന സുരേഷ് അടക്കമുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇവരെ കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കിയിരുന്നു. ശാരീരിക അവശതകളുണ്ട്, ജാമ്യം തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടെങ്കിലും, കോടതി ഇത് തള്ളി. 

Read more at: ശാരീരികപ്രയാസം ഉണ്ട്, ജാമ്യം തരണമെന്ന് സ്വപ്ന, തള്ളി കോടതി, റിമാൻഡ് നീട്ടി