തൃശൂർ അതിരപ്പിള്ളിയിൽ ഹർത്താൽ. കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൈകിട്ട് ആറുമണിവരെ ആണ് ഹർത്താൽ. പ്രതിഷേധത്തിന്റെ ഭാഗമായി ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കും.
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കും. വൈകിട്ട് ആറുമണിവരെ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ചത്.
പുലർച്ചെ 2:45ഓടെയാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മോഹനൻ മുന്നിൽപെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനയെ ഓടിക്കാനായി പന്തം കത്തിച്ച് ഇറങ്ങിയതിന് പിന്നാലെ ആന പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. മോഹനനെ തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞ നാല് ദിവസമായി കാട്ടാന ഇറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
കാട്ടാന ആക്രമണം പതിവായിരിക്കുകയാണെന്നും ഇതേ ആന മുൻപും പലരെയും ആക്രമിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടിൻ്റെ ഉമ്മറത്താണ് ഒരു മനുഷ്യൻ്റെ ജീവൻ പിടിഞ്ഞുവീണത്. എവിടെയാണ് നമ്മൾ ജീവിക്കുക. തങ്ങളെ സംബന്ധിച്ച് ജീവിക്കാൻ മറ്റൊരു ഇടമില്ല. വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.


