​ഗ്രൂപ്പുകൾ കടുത്ത സമ്മ‍ർദ്ദം ചെലുത്തിയിട്ടും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പരാതിയറിയിച്ചിട്ടും പുനസംഘടനയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയാണ് കെപിസിസി നേതൃത്വത്തിന് കോൺ​ഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. 

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ പരാതിയുമായി ഉമ്മൻ ചാണ്ടി തന്നെ ദില്ലിയിലെത്തിയതിന് പിന്നാലെ ഇടപെടലുമായി ഹൈക്കമാൻഡ്. പുനസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കമാൻഡ് എന്നാൽ വിശ്വാസത്തിലെടുക്കണമെന്നും ഒപ്പം നിർത്തി മാറ്റങ്ങൾ നടപ്പാക്കണമെന്നും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. അംഗത്വവിതരണം പൂർത്തിയാക്കും വരെ പുനസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2022 മാർച്ച് 31-നാണ് കോൺ​ഗ്രസിൻ്റെ അം​ഗത്വവിതരണം പൂ‍ർത്തിയാവുക.

 ​ഗ്രൂപ്പുകൾ കടുത്ത സമ്മ‍ർദ്ദം ചെലുത്തിയിട്ടും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പരാതിയറിയിച്ചിട്ടും പുനസംഘടനയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയാണ് കെപിസിസി നേതൃത്വത്തിന് കോൺ​ഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. എന്നാൽ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ഒപ്പം നി‍ർത്തേണ്ടത് അനിവാര്യമാണെന്നും കെപിസിസിയെ ഹൈക്കമാൻഡ് ഓ‍ർമ്മിപ്പിക്കുന്നു. എല്ലാവരേയും ഒപ്പം നി‍ർത്തി പുനസംഘടനയുമായി മുന്നോട്ട് പോകുക എന്നതാണ് കേന്ദ്രനേതൃത്വം നൽകുന്ന സന്ദേശം.

പുനസംഘടന വേണ്ടി വന്നാൽ നടക്കുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവ‍ർ പറഞ്ഞു. രാഷ്ട്രീയകാര്യസമിതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർ്ടിയുടെ ഉപദേശകസമിതി എന്ന റോളിലാവും രാഷ്ട്രീയകാര്യസമിതി പ്രവർത്തിക്കുക. മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ താരീഖ് അൻവർ എന്നാൽ എല്ലാ ആവശ്യങ്ങളും നടപ്പാക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. കൊവിഡ് കാരണം പല സംസ്ഥാനങ്ങളിലും പുനസംഘടന നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരത്തെ പ്രമുഖ എ ​ഗ്രൂപ്പ് നേതാവായ ലത്തീഫിനെ പാ‍ർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുള്ള കെപിസിസി ഉത്തരവിന് പിന്നാലെയാണ് ഉമ്മൻചാണ്ടി തന്നെ നേരിട്ട് ദില്ലിയിലെത്തി പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ പരാതി പ്രളയം തന്നെയുണ്ടായി. പാ‍ർട്ടിയിൽ സ്വന്തം ആളുകളെ മാത്രം നിലനി‍‌ർത്താനും മക്കളെ വള‍ർത്തി കൊണ്ടു വരാനും മാത്രമാണ് ഇരുവ‍ർക്കും താത്പര്യമെന്നായിരുന്നു പരാതികളിലെ പ്രധാന ആരോപണം.