കോട്ടയം: ചരിത്രത്തിലാദ്യമായി പാലാ മുൻസിപ്പാലിറ്റിയിൽ ഭരണം ഉറപ്പിച്ച് ഇടതുമുന്നണി. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. പാലാ മുൻസിപ്പാലിറ്റിയിലെ 14 വാര്‍ഡിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾ ജയിച്ചു . യുഡിഎഫിന് എട്ട് വാര്‍ഡിൽ മാത്രമാണ് ജയിച്ച് കയറാൻ കഴിഞ്ഞത്. 

തദ്ദേശതെരെഞ്ഞെടുപ്പിൽപാലാ നഗരസഭയിൽ  16 സീറ്റിൽ  മത്സരിച്ച ജോസ് വിഭാഗം 5 ഇടത്ത് തോറ്റു . കഴിഞ്ഞ കൗൺസിലിലെ 11 സീറ്റുകൾ നില നിർത്തി. 13 ഇടത്ത് മത്സരിച്ച ജോസഫ് വിഭാഗം ജയിച്ചത് 3 ഇടത്ത് മാത്രം.

ജോസ് കെ മാണി വിഭാഗവുമായി യോജിച്ച് മത്സരത്തിനിറങ്ങിയ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ ഇടത് മുന്നണിക്ക് ആയിട്ടുണ്ട്. കോട്ടയം ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രകടവുമാണ്.