Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ ലക്ഷ്യം ഭേദിച്ച് പിണറായി വിജയൻ; ആരോപണ ശരശയ്യയിൽ നിന്ന് ഉയര്‍ത്തെഴുന്നേൽപ്പ്

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനും എതിരെ സമാനതകളില്ലാത്ത ആരോപണങ്ങൾ നേരിട്ടാണ് ഇടത് മുന്നണി ജനവിധിക്ക് മുന്നിലെത്തിയത്. ആരോപണങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു പിണറായി വിജയനായിരുന്നു 

kerala local body election 2020 pinarayi vijayan factor
Author
Trivandrum, First Published Dec 16, 2020, 6:47 PM IST

തിരുവനന്തപുരം: പ്രളയം കണക്കെ വന്ന അപ്രതീക്ഷിതവും അതിശക്തവുമായ ആരോപണങ്ങൾ നേരിട്ട് നേടിയ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല. നാലര വര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജനവിധിക്ക് മുന്നിൽ നിന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സ്വര്‍ണക്കടത്ത് മുതൽ ലൈഫ് മിഷൻ അഴിമതി വരെയുള്ള ആയുധങ്ങളുമായാണ് പ്രതിപക്ഷ നിര നേരിട്ടത്. എന്നാൽ ആരോപണങ്ങളെല്ലാം ജനം പുച്ഛിച്ച് തള്ളിയെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്  പറയുമ്പോൾ  ചെറിയ ആശ്വാസമല്ല മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. 

സ്പ്രിംക്ലര്‍ കരാര്‍ ക്രമക്കേടിൽ തുടങ്ങി സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷൻ അഴിമതിയും അടക്കം ഗരുതര ആക്ഷേപങ്ങൾ ഉയരുമ്പോൾ ആരോപണങ്ങളുടെയെല്ലാം കേന്ദ്ര ബിന്ദുവായി മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിഷ്ഠിക്കാനായിരുന്നു യുഡിഎഫും ബിജെപിയും ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും ആരോപണങ്ങള്‍ക്ക് എരിവും പുളിയും കൂടിക്കൂടി വന്നു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നേറിയതോടെ പല ഘട്ടത്തിലും എല്‍ഡിഎഫ് പ്രതിസന്ധിയിലായി. സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളെ സംശയലിഴലിലാക്കിയുള്ള അന്വേഷണം,ദിവസേന പുറത്ത് വരുന്ന അന്വേഷണ വിവരങ്ങള്‍, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ഒരുപോലെയുള്ള വിമര്‍ശനം, നാലര വര്‍ഷത്തിനിടെ സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രചാരണ സമയത്ത് നേരിടേണ്ടി വന്നത്. 

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഉറച്ച വിശ്വാസത്തിലായിരുന്നു. വിശ്വസ്തരെല്ലാം വലയിലായിട്ടും അഴിമതിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച് നിന്നു. എത്ര ഉന്നതരായാലും കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കുമെന്ന് വാര്‍ത്താസമ്മേളനങ്ങളിൽ പല തവണ ആവര്‍ത്തിച്ച പിണറായി ജനങ്ങളോട് പറ‌ഞ്ഞത് അത്രയും ഭരണ നേട്ടങ്ങളാണ്. വൻകിട പദ്ധതികൾ മുതൽ ക്ഷേമ പെൻഷനും ക്ഷാമകാലത്തെ കിറ്റ് വിതരണവും അടക്കം ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളുമായിരുന്നു പിണറായി വിജയനെന്നും ആത്മവിശ്വാസം 

വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെ രാഷ്ട്രീയമായ സഖ്യനീക്കങ്ങളിലും സമാന്തര ശ്രമങ്ങൾ ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ജോസ് കെ മാണിയുടെ വരവ് മധ്യകേരളത്തിലെ രാഷ്ട്രീയ പരിതസ്ഥിതി ആകെ തകിടം മറിച്ചപ്പോൾ മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യം വച്ച് നീങ്ങിയ യുഡിഎഫിന് അടി പതറി. ജമാഅത്തൈ ഇസ്ലാമിയുള്ള സഖ്യം അവസാന ദിവസം വരെ യുഡിഎഫ് പക്ഷത്ത് ആശയക്കുഴപ്പമുണ്ടാക്കിയപ്പോള്‍ എല്‍ഡിഎഫ് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.കേന്ദ്രഭരണത്തിന്‍റെ പിന്തുണയില്‍ ബിജെപി സംസ്ഥാനത്ത് കരുത്ത് കാണിക്കുമ്പോള്‍ ബിജെപിയെ ചെറുക്കാന്‍ പിണറായി വിജയനും ഇടതുമുന്നണിക്കും കഴിയുമെന്ന എന്ന രാഷ്ട്രീയവും ഗുണമായി. 

ആരാണ് ഉലയുന്നതെന്നും ആരാണ് തളരുന്നതെന്നും കാത്തിരുന്ന് കാണാമെന്നാണ് മുഖ്യമന്ത്രി കണ്ണൂരില്‍ വോട്ട് ചെയ്ത ശേഷം പറഞ്ഞത്. മുഖ്യമന്ത്രി പ്രകടിപ്പിച്ച ആത്മവിശ്വാസം അതേപടി വിജയമായി. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും മുന്നണിക്കും ഇത് ആരോപണ ശരശയ്യയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പാണ്. അഞ്ച് മാസങ്ങള്‍ക്കപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പിണറായി വിജയന് കരുത്തോടെ നടന്ന് കയറാം.ആരോപണങ്ങളുടെ കറുത്ത കഥകളൊന്നും തല്‍ക്കാലം വേട്ടയാടില്ല. കാരണം അത്രമേലൊരു പോരാട്ടത്തിലാണ് പിണറായി സര്‍ക്കാരും മുന്നണിയും വിജയ ശ്രീലാളിതരായിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios