ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കേന്ദ്രം പുതിയ നിയമം നടപ്പിലാക്കി. ഏപ്രിൽ 10 മുതൽ ഇരട്ടിപ്പണം പണമായി നൽകുന്നതിന് പകരം, സാധാരണ നിരക്കിനൊപ്പം 25% അധികം തുക യുപിഐ വഴി അടച്ചാൽ മതിയാകും.  

കൊച്ചി : ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപടി പ്രഖ്യാപിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും. ഉദാഹരണത്തിന്, ടോൾ നിരക്ക് 100 രൂപയായാൽ, യുപിഐ വഴി പണമടയ്ക്കുന്നവർ 125 രൂപ നൽകിയാൽ യാത്ര തുടരാൻ സാധിക്കും. ഇതുവരെ ഇത്തരം വാഹനങ്ങളിൽ നിന്ന് 200 രൂപ വരെ ഈടാക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിൽ കാഷ് ഇടപാടുകൾ കുറയ്ക്കുകയും ഗതാഗത തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഫാസ്റ്റാഗ് സംവിധാനം ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് പകരം ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിക്കാൻ ഇത് പ്രേരണയാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും സംബന്ധിച്ച 2008ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. ഏപ്രിൽ 2ന് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.