പഠനവഴിയിൽ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് തണലൊരുക്കാൻ വേറിട്ടൊരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് പെരുവന്താനം പൊലീസ്. സ്റ്റേഷൻ പടിക്കൽ സ്ഥാപിച്ചിട്ടുള്ള ‘കരുതൽ പെട്ടിയിലൂടെ’ നാട്ടുകാരുടെ സഹായത്തോടെ പഠനോപകരണങ്ങൾ സമാഹരിച്ച് അർഹരായ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഇവർ.
പഠനവഴിയിൽ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് തണലൊരുക്കാൻ വേറിട്ടൊരു പദ്ധതിയുമായി പെരുവന്താനം പൊലീസ്. സ്റ്റേഷൻ പടിക്കൽ സ്ഥാപിച്ചിട്ടുള്ള ‘കരുതൽ പെട്ടിയിലൂടെ’ നാട്ടുകാരുടെ സഹായത്തോടെ പഠനോപകരണങ്ങൾ സമാഹരിച്ച് അർഹരായ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഈ കാക്കിപ്പട.
സാധാരണ ഗതിയിൽ പോലീസ് സ്റ്റേഷനിൽ കാണാൻ കഴിയുന്നത് പരാതിപ്പെട്ടിയാണ്. എന്നാൽ പെരുവന്താനം പോലീസ് സ്റ്റേഷനിലേക്കെത്തുന്നവർ ആദ്യം കാണുന്നത് ഈ പെട്ടിയാണ്. ഇതെന്തിനാണെന്നുള്ള ഉത്തരവും പെട്ടിയിൽ എഴുതി വച്ചിട്ടുണ്ട്. വായിച്ചറിയുന്നതോടെ മിക്കവരും സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോയി പുസ്തകങ്ങളും ബാഗും പേനയുമടക്കമുള്ള പഠനോപകരണങ്ങൾ വാങ്ങി ഇതിൽ നിക്ഷേപിക്കും. ഇതിനായി പൊലീസ് ആരെയും നിർബന്ധിക്കാറില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്റ്റേഷൻ പരിധിയിൽ വരുന്ന കൊക്കയാർ പെരുവന്താനം പഞ്ചായത്തുകളിലെ സ്ക്കൂളുകളിലുള്ള കുട്ടികൾക്കാണിവ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വർഷമാണിത് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. പത്തു സ്ക്കൂളികളിലെ അർഹരായ കുട്ടികൾക്ക് എല്ലാ സാധനങ്ങളും കൈമാറാൻ കഴിഞ്ഞു. തങ്ങൾ നൽകുന്ന സഹായങ്ങൾ അർഹതപ്പെട്ട കൈകളിൽ തന്നെ കൃത്യമായി എത്തിച്ചേരുമെന്ന ഉറപ്പുള്ളതിനാൽ വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും പദ്ധതിക്ക് ലഭിക്കുന്നത്. സ്ക്കൂൾ തുറന്നാലുടൻ ഇവ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കൈകളിലെത്തും.


