തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകരുടെ തർക്കം. യൂണിവേഴ്സിറ്റി കോളേജിലേക്ക് സ്ഥലംമാറിയെത്തിയ, ഇവിടെ മുൻപ് ജോലി ചെയ്തിരുന്ന ഒരദ്ധ്യാപികയുടെ പരാതിയാണ് ഇപ്പോൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മുന്നിലെത്തിയിരിക്കുന്നത്.

താൻ മുൻപ് ഇവിടെ ജോലി ചെയ്തിരുന്നപ്പോൾ ഉപയോഗിച്ച അതേ കസേരയും മേശയും തന്നെ വേണമെന്ന്, സ്ഥലംമാറിയെത്തിയ അദ്ധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കങ്ങളുടെ തുടക്കം. വകുപ്പ് മേധാവിയോടാണ് ഇവർ ഈ കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ ഈ ഇരിപ്പിടം മറ്റൊരു അദ്ധ്യാപിക ഉപയോഗിക്കുന്നതിനാൽ അത് നൽകാനാവില്ലെന്ന് നിലപാടെടുത്തു. സ്ഥലംമാറിപ്പോയ അദ്ധ്യാപകന്റെ ഇരിപ്പിടം ഉപയോഗിക്കാനായിരുന്നു വകുപ്പ് മേധാവിയുടെ നിർദ്ദേശം.

എന്നാൽ ഇത് അംഗീകരിക്കാൻ അദ്ധ്യാപിക തയ്യാറായില്ല. ഇരിപ്പിടത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായ അദ്ധ്യാപിക ഭക്ഷണം കഴിക്കാൻ പോയ ഇടവേളയിൽ ഈ മേശ കൈയ്യേറാൻ ഇവർ ശ്രമിച്ചു. ഇക്കാര്യം ഉടമസ്ഥയായ അദ്ധ്യാപിക അറിയുകയും അവർ ഓടിയെത്തുകയും തന്റെ എതിർപ്പ് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് തനിക്ക് ഇരിപ്പിടവും മേശയും ഇല്ലെന്ന് താൻ പടിക്കെട്ടിലാണ് ഇരിക്കുന്നതെന്നും അറിയിച്ച് അദ്ധ്യാപിക പ്രിൻസിപ്പാളിന് പരാതി നൽകി. ഈ പരാതി പ്രിൻസിപ്പാൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ചു.

സ്ഥലംമാറിയെത്തിയ അദ്ധ്യാപിക തന്റെ കസേരയും മേശയും കൈയ്യേറിയെന്നും തനിക്ക് ഇരിപ്പിടമില്ലെന്നും വ്യക്തമാക്കി അടുത്ത അദ്ധ്യാപികയും പ്രിൻസിപ്പാളിനെ സമീപിച്ചു. എന്നാൽ ഇവരുടെ പരാതി സ്വീകരിക്കാൻ പ്രിൻസിപ്പാൾ തയ്യാറായില്ല എന്നാണ് വിവരം.