ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

കുളിച്ചിയച്ചി 

പണ്ടൊക്കെയൊണ്ടല്ലോ  - 
പൊലരും മുമ്പന്നെ -
കായലിപ്പോയി കക്കാവാരിയേച്ച്
ദാണ്ടേ ആ കാണണ -
കള്ളത്തോട്ടില്‍ പോയി - 
കുളിയ്ക്കുമാരുന്ന്.

അതിയാനെന്നു കള്ള് മോന്തി തൊടങ്ങിയോ -
അന്ന് മൊതല് ഞാന്‍ -
പാതിരാത്രിയെ കുളിയ്ക്കത്തൊള്ള്.

അത് പിന്നെ വേറൊന്നുവല്ലന്നേ,
അല്ലേ പിന്നെ -
ഈ മേത്തു വീണ ശര്‍ദ്ദീം
അടിവയറ്റില്‍ പറ്റണ - 
അതിയാന്റെ കാലിമ്മേലെ - 
ആ ചെളീമൊക്കെ 
തിരുമ്പാനെ വല്യ പാടാ.
ഇതാമ്പോ മൂവന്തി കഴിഞ്ഞാ- 
തോട്ടുകരേപ്പോയി ഒറ്റക്കുളി -
കുളിച്ചാ മതീന്ന് .

ആദ്യവൊക്കെ ഞാന്‍ 
നിന്നുകൊള്ളുവാരുന്നു.

അങ്ങേര് വാളുവയ്ക്കണ മുഴോന്‍ നാറ്റവും 
കോരി കഴുകുമാരുന്ന്.

ചത്ത് തലയ്ക്ക് മോളില്‍ -
നിക്കണ എന്റച്ഛന്റ- 
പേരു ചൊല്ലിക്കെടുത്തുവാരുന്ന്.

എന്നാലും പോട്ടെന്റ കെട്ടിയോനല്ലേന്നോര്‍ത്ത് ഞാന്‍,

അതിയാന്റെ കരിമ്പന്‍ തല്ലിയ 
പോളിസ്റ്റര്‍ കുപ്പായോം -
നീലവരയന്‍ ട്രൗസറും  
അസ്ഥിപഞ്ചരം കണക്കത്തെ -
ആ കറുത്ത കോലത്തേല്‍ 
കേറ്റി കൊടുക്കുമാര്‍ന്ന്.

എന്നാലൊണ്ടല്ലോ -
ഒരീസം കുടിച്ചേച്ച് വന്നേച്ചും
തലേം മൊലേം കൊലച്ച -
മൂത്ത പെണ്ണിന്റെ മുഴുപ്പളക്കാന്‍ -
തിണ്ണമിടുക്ക് കാണിച്ച അന്ന് തൊട്ട്,
ആ പതിവ് ഞാനങ്ങ് നിര്‍ത്തി കേട്ടോ..
ഹ! ഞാന്‍ നിന്നുകൊള്ളണ പതിവേ ..

ഇപ്പം അതിയാന്‍ കുടിച്ചേച്ച് വന്ന് 
എന്റ തല്ലും കൊള്ളും-
കട്ടില്‍പ്പായേന്ന്-
കാലേതൂക്കി താഴേമിടും.

ഹാ, അപ്പഴാ എന്റെ അടിവയറ്റില് 
അതിയാന്റ കാലിലെ ചെളി പറ്റണതേ,
അതിപ്പഴും വലിയ തൊല്ലയാ! 

രണ്ട് നേരം കുളിച്ചാ എനിയ്ക്ക് നീരിറങ്ങും, 
അതിനെക്കൊണ്ട് -
രാത്രിയേ കുളിക്കത്തൊള്ള് . 
അതെനിക്കിപ്പഴൊരു രസാ!