Asianet News MalayalamAsianet News Malayalam

Malayalam Short Story : വളവ് തിരിയുമ്പോള്‍, ദീപാ റാണി ആര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ദീപാ റാണി ആര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Deepa Rani
Author
First Published Apr 11, 2023, 6:06 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam  short story by Deepa Rani

 
ഓരോ യാത്ര ആരംഭിക്കുമ്പോഴും വിമല ഓര്‍മിപ്പിക്കാറുണ്ട്, വളവുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്. 

വിമലയുടെ മുന്നറിയിപ്പ് കുറച്ച് നേരത്തേയ്ക്ക് മാറ്റി വച്ചാണ് ഇന്ന് എന്റെ യാത്ര. അതിന് തക്കതായ കാരണവും ഉണ്ട്. കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് അമ്മയെ അടുത്തൊരാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന്  ചെല്ലണമെന്നും അനുജന്‍ രാമകൃഷ്ണന്‍ വിളിച്ചു പറഞ്ഞത് വൈകിട്ടാണ്.  
 
പ്രശ്‌നം അതല്ല, രാമകൃഷ്ണന്റെ ഫോണ്‍ വരുമ്പോള്‍ ഞാനെന്റെ സഹപാഠിയായിരുന്ന അരവിന്ദന്റെ വീട്ടിലായിരുന്നു. സ്‌കൂളില്‍ തിരക്കിട്ട ജോലിയിലായിരുന്ന എന്നെ ഉച്ചയ്ക്കാണ് അവന്‍ വിളിച്ചത്. 

'എത്ര നാളായെടാ കണ്ടിട്ട് നമുക്കൊന്ന് കൂടണ്ടേ' എന്ന് അവന്‍ ചോദിച്ചപ്പോള്‍  കേട്ടപാതി കേള്‍ക്കാത്ത പാതി  ജോലിയൊക്കെ ഒതുക്കി തിടുക്കപ്പെട്ടിറങ്ങുകയായിരുന്നു. അവനോടൊപ്പം ഒരു പെഗ് ഒക്കെ കഴിച്ച് കവിതയൊക്കെ ചൊല്ലി, ആദ്യ പ്രണയിനികളെയൊക്കെ മനസില്‍ ആവാഹിച്ചിരുന്നപ്പോഴാണ് രാമകൃഷ്ണന്റെ വിളി വന്നത്. 
 
അരവിന്ദന്‍ എപ്പഴും അങ്ങനെയാണ്. ഗള്‍ഫില്‍ നിന്ന് വരുന്നതും എന്നെ വിളിക്കുന്നതും കൂടേണ്ട സ്ഥലം പറയുന്നതുമെല്ലാം പെട്ടെന്നായിരിക്കും. ഡിഗ്രി കഴിഞ്ഞിട്ട് 25 വര്‍ഷമായെങ്കിലും പല പ്രാവശ്യം പല സ്ഥലത്തുവച്ച് ഞങ്ങളൊത്തു കൂടീട്ടുണ്ട്. അവന്റെ വീട്ടില്‍ ഇതാദ്യമാണ്. 
 
അതുകൊണ്ട് തന്നെ റോഡിന്റെ ഭൂമിശാസ്ത്രം അത്ര തിട്ടമല്ല. മാത്രമല്ല ഇരുള്‍ വീണ് തുടങ്ങിയിരുന്നു. അങ്ങോട്ട് പോയപ്പോള്‍ അരവിന്ദനോട് വാചകമടിച്ചിരുന്നതു കൊണ്ട് ഒന്നും ശ്രദ്ധിച്ചതുമില്ല. 
 
നിറയെ വളവുകളും തിരിവുകളും. എന്നിട്ടും ഞാനല്‍പം വേഗത കൂട്ടി. കാരണം ഞാന്‍ ചെന്നിട്ട് വേണം അമ്മയെ വേറേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണോ എന്ന് തീരുമാനിക്കേണ്ടത്. 
 
റോഡിന്റെ വലതുവശത്ത് വീടുകളൊക്കെ ഉണ്ടെങ്കിലും ഇടതു വശത്ത് നിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല. നല്ല താഴ്ചയുണ്ടെന്ന് തോന്നി. 
 
കയറ്റം കയറിച്ചെന്നപ്പോള്‍ പെട്ടെന്നൊരു വളവ്. വളവ് തിരിഞ്ഞതും ഒരു ബൈക്ക് താഴേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. 
 
എനിക്കൊന്നും മനസിലായില്ല. ബൈക്ക് എങ്ങനെ കുഴിയിലേയ്ക്ക് പോയി എന്റെ വണ്ടിയില്‍ തട്ടിയില്ല എന്ന കാര്യം ഉറപ്പ്. 
 
ഞാന്‍ വണ്ടി സൈഡിലേയ്ക്ക് ഒതുക്കി നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങി സ്ട്രീറ്റ് ലൈറ്റിന്റെയും മൊബൈല്‍ ലൈറ്റിന്റെയും സഹായത്തില്‍ വണ്ടിയുടെ ചുറ്റും നിരീക്ഷിച്ചു. ബൈക്ക് തട്ടിയ ഒരു അടയാളം പോലും കാണാന്‍ കഴിഞ്ഞില്ല. 
 
പിന്നെങ്ങനെ ആ ബൈക്ക് താഴെപ്പോയി? അതിലെത്ര പേരുണ്ടാവും? 
 
അപ്പോഴേയ്ക്കും ശബ്ദം കേട്ട് ചുറ്റുവട്ടത്തുള്ളവര്‍ വരാന്‍ തുടങ്ങി. 
 
'എന്താ  എന്തുപറ്റി ഒരു ശബ്ദം കേട്ടല്ലോ?' 
 
കറുത്ത് തടിച്ച ഒരു കഷണ്ടിത്തലയന്‍ ചോദിച്ചു. 
 
'അത..പിന്നെ.. എന്താ പറ്റിയതെന്ന് അറിയാന്‍ വയ്യ... ഒരു ബൈക്ക് താഴേയ്ക്ക് പോയെന്ന് തോന്നുന്നു.'-ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു. 
 
'ഏതോ ഒരുത്തനെ ഇടിച്ചു കുഴീലിട്ടിട്ടാണോടാ പട്ടീ, നീ നോക്കിക്കൊണ്ട് നില്‍ക്കണത്?' 
 
അയാളുടെ വലതു കരം എന്റെ വലതു കവിളില്‍ പതിച്ചത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. പിന്നെ പലരുടെയും കൈകള്‍ എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പതിച്ചു. 
 
'ദയവു ചെയ്ത് ഞാന്‍ പറേണത് ഒന്ന് കേക്ക്. എന്റെ വണ്ടീല്‍ തട്ടീല്ല... തട്ടിയിരുന്നേ എന്തേലും ഒരടയാളം ഇതില്‍ കാണൂല്ലേ?' 
 
വേദനയും അപമാനവും കടിച്ചമര്‍ത്തി ഞാന്‍ വാദിച്ചു. 
 
'നിങ്ങള് അയാളെ വിട്ടിട്ട് ആ വീണോന്മാര്‍ക്ക് വല്ലോം പറ്റിയോന്ന് നോക്ക്, അല്ല പിന്നെ!' 
 
കൂട്ടത്തില്‍ പ്രായം കൂടുതല്‍ തോന്നിക്കുന്ന ഒരാള്‍ പറഞ്ഞു. 
 
'നിന്നെ പിന്നെടുത്തോളാം'-എന്ന ഭീഷണി എന്റെ നേരെ വലിച്ചെറിഞ്ഞിട്ട് അവര്‍ കല്ലടുക്കിയ 
അതിരിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കറുത്ത തടിയന്‍ അലറി: 'ഇവന്‍, ഈ പട്ടി എറങ്ങി നോക്കട്ടെ. പോയി നോക്കെടാ നായേ...'
 
വാറ്റ് ചാരായം അടിച്ച് പേയിളകി നില്‍ക്കുന്നവരോടു ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് എനിക്ക് മനസിലായി 
 
ഞാന്‍ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റടിച്ച് പതുക്കെ അതിരിറങ്ങി. താഴേയ്ക്ക് നോക്കിയിട്ട് ഒന്നും കാണാന്‍ വയ്യ. ഇരുപതടിയോളം താഴ്ചയുണ്ടെന്ന് എനിക്ക് തോന്നി. ഞാനെവിടെപ്പോയി കണ്ടുപിടിക്കാനാണ്? 
 
തിരികെ കയറാമെന്ന് വിചാരിച്ചാല്‍ അവന്മാര്‍ എന്നെ പൊക്കിയെടുത്ത് കുഴിയിലെറിയും 
 
അതിരിന്റെ താഴെ ചരിഞ്ഞ കുന്നാണെന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്കിടെ മരങ്ങള്‍ നില്‍പ്പുണ്ട്. മരത്തിന്റെ കൊമ്പുകളില്‍ പിടിച്ച് ഞാന്‍ പതുക്കെ കുന്നിറങ്ങാന്‍ തുടങ്ങി. 
 
മൊബൈല്‍ വെളിച്ചത്തില്‍ താഴോട്ടുള്ള കാഴ്ച അസാധ്യമാണ്. ഞാന്‍ വിമലയെയും മക്കളെയും അമ്മയെയും രാമകൃഷ്ണനെയും ഓര്‍ത്തു. ഇതെന്റെ അവസാനരാത്രിയായിരിക്കുമോന്ന് പോലും തോന്നിപ്പോയി.  
 
മരിച്ച പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ച പോലെ ഒരു ഞരക്കം കേട്ട് തൊട്ടടുത്ത മരത്തിന്റെ ചുവട്ടിലേയ്ക്ക് നോക്കിയപ്പോള്‍ ദേഹത്തും മുഖത്തുമൊക്ക ചോരയില്‍ കുളിച്ച് ഒരാള്‍. മരം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതു പോലെ. 

ഞാന്‍ മുകളിലേയ്ക്ക് നോക്കി ഉറച്ച് വിളിച്ചു കൂവി. 'ദേ, ആളിവിടെയുണ്ട്. ആരെങ്കിലുമൊക്കെ സഹായിച്ചാലേ ഇയാളെ മുകളിലെത്തിക്കാന്‍ പറ്റൂ.' 
 
നീ തന്നെ കയറ്റിയാല്‍ മതിയെന്ന് പറയുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ പെട്ടെന്ന് തന്നെ കുറേപ്പേര്‍ കുന്നിറങ്ങി വന്നു. എല്ലാവരും കൂടി വളരെ പണിപ്പെട്ട് രക്തത്തില്‍ കുളിച്ച ആ രൂപത്തെ മുകളിലെത്തിച്ചു. 
 
അതുവഴി പോയ വേറെ വണ്ടികളും അവിടെ നിര്‍ത്തിയിട്ടിരുന്നു. എങ്കിലും എല്ലാവരും കൂടി കൊണ്ടുവന്നയാളെ എന്റെ കാറിന്റെ ബാക്ക് സീറ്റില്‍ കിടത്തി. 
 
'വേഗം വിട്ടോ ആശുപത്രീലേയ്ക്ക്..' 
 
ആരോ കല്പിച്ചു. ഞാന്‍ നിസ്സഹായതയോടെ ചുറ്റിലും നോക്കി. എന്നിട്ട് മടിച്ച് മടിച്ച് പറഞ്ഞു. 
 
'വേറെ ആരുടെയെങ്കിലും കാറില്‍ കൊണ്ട് പോയെങ്കില്‍ ഉപകാരമായേനെ. അല്ലെങ്കില്‍ ആംബുലന്‍സ് വിളിക്കാം. എന്റെ അമ്മ ആശുപത്രീലാണ്. എനിക്ക് എത്രയും പെട്ടെന്ന് നാട്ടിലെത്തണം. പ്ലീസ്, ഒന്ന് സഹായിക്കണം.' 
 
'അത് പറ്റുല്ല. നീ തന്നെ കൊണ്ടുപോണം. നീ ഇടിച്ചിട്ടവന്‍ നാട്ടിലെത്തീല്ലല്ലോ. പിന്നെ നീയും എത്തണ്ട. അവനും കാണൂല്ലോ അമ്മയും അച്ഛനുമൊക്കെ.' 
 
'പക്ഷേ, ഞാന്‍ ഇടിച്ചിട്ടില്ലല്ലോ. എന്റെ വണ്ടിയില്‍ ഇടിച്ചില്ല. അതെനിക്കുറപ്പുണ്ട്.'-ഞാന്‍ പറഞ്ഞു നോക്കി 
 
'പിന്നെങ്ങനെയാടാ പുല്ലേ ഇവന്‍ കുഴീല്‍ പോയത്. വേറെ ഒരു വണ്ടിയും ആ സമയത്ത് വന്നില്ല?' 
 
എന്റെ കഴുത്തിന് കുത്തിപ്പിടിച്ചുകൊണ്ടായായിരുന്നു തടിയന്റെ  ചോദ്യം 
 
ഇനി തര്‍ക്കിക്കുന്നത് പന്തിയല്ല എന്നെനിക്ക് മനസ്സിലായി. തന്നെയുമല്ല, ബൈക്ക് കണ്ടെടുക്കാനും വേറെ ആരെങ്കിലും കൂടി ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതിനും പോലീസ് എത്താറായി എന്ന് ആരോ പറയുന്നത് കേട്ടു. 
 
അല്‍പം കഴിച്ചിരുന്നത് കൊണ്ട് പോലീസെത്തുന്നതിന് മുമ്പ് രംഗം വിടുന്നതാണ് നല്ലതെന്ന് തോന്നി. 
 
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഫ്രണ്ട് സീറ്റില്‍ ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ കൂടി കയറിയത് വല്യ ആശ്വാസമായി . 
 
'എങ്ങട്ടാ സര്‍ കൊണ്ടുപോണേ? മെഡിക്കല്‍ കോളേജാണോ? അവിടെയെങ്ങും ചെന്നാലൊരു അന്തോം ഇല്ല. സാറിനിപ്പഴെങ്ങും നാട്ടില്‍ പോവാനും പറ്റുമെന്ന് തോന്നണില്ല.'-ചെറുപ്പക്കാരന്‍ തുടര്‍ന്നു 
 
'കഴിഞ്ഞാഴ്ച ഒരുത്തന്‍ ഇതേ സ്ഥലത്ത് വീണാരുന്നു. കൈയും കാലുമൊക്കെ ഒടിഞ്ഞു തൂങ്ങിയ അയാളെ മെഡിക്കല്‍ കോളേജിലാ കൊണ്ട്വോയത്. അവിടെച്ചെന്നപ്പോ എത്രയെത്ര ആക്‌സിഡന്റ കേസുകള്‍.  കാഷ്വാലിറ്റീലെ ഒരു തെരക്ക്. അമ്മോ അവിടുത്തെ നെലവിളി കേട്ട് നിക്കത്തില്ല സാറേ. പിന്നെ എല്ലാറ്റിനും നേരം വെളുക്കണോരെ നമ്മള്‍ ഓടേണ്ടിവരും.' 
 
'ഈ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടാ? എന്നിട്ടെന്തേ ആരും ഒന്നും ചെയ്യാത്തേ? ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും അവടെങ്ങും ഇല്ലല്ലോ?' 
 
അയാളത് ശ്രദ്ധിക്കാത്ത മട്ടില്‍ പറഞ്ഞു. 
 
'കണ്ടിട്ട് കാശൊള്ള വീട്ടിലെ ആണെന്ന് തോന്നണു. പ്രൈവറ്റാശുപത്രീലേയ്ക്ക് വിട് സാറേ. വീട്ടുകാരെ വിളിച്ചു വരുത്തി നമുക്ക് സ്ഥലം വിടാം.' 
 
'ഇവന്റെ വീടെവിടെയാണോ? എന്തെങ്കിലും ഫോണ്‍ നമ്പരോ വിലാസമോ ഒണ്ടാന്ന് നോക്കിക്കേ. വിളിച്ചു പറഞ്ഞാ നമ്മളെത്തുമ്പോഴേക്കും അവരുമെത്തിയാല്‍ നമ്മടെ റിസ്‌ക്ക് കുറയും.' 
 
അയാളുടെ ഷര്‍ട്ട് മുഴുവന്‍ രക്തമായതിനാല്‍ ഊരി മാറ്റിയ ശേഷമാണ് വണ്ടിയിയില്‍ കിടത്തിയത്. ജീന്‍സ് പാന്റിന്റെ കീറിപ്പറിഞ്ഞ പോക്കറ്റിലേയ്ക്ക് കുട്ടന്‍ നിരാശയോടെ നോക്കി. 
 
അയാള്‍ അപ്പോഴും ഞരങ്ങുന്നുണ്ടായിരുന്നു . അസഹ്യമായ വേദനയാല്‍ പാതി മയക്കത്തിലായ ഒരാളോട് എങ്ങനെ വിലാസവും ഫോണ്‍ നമ്പരും ചോദിക്കും? 
 
'വിഷമിക്കണ്ട സാറേ, പൊലീസെത്തി പരിശോധിക്കുമ്പോ എന്തേലും തുമ്പ് കിട്ടാതിരിക്കില്ല. അവിടെയുള്ളവര്‍ എന്നെ വിളിച്ച് വിവരം തരും.' 
 
വണ്ടി മുന്നോട്ട് പൊയിക്കൊണ്ടിരുന്നു. രാത്രി ആയതിനാല്‍ റോഡില്‍ തിരക്കില്ലാരുന്നു. 
 
'സാറേ ഇവന്‍ ചത്തെങ്ങാനും പോയാല്‍ നമ്മള് കുടുങ്ങും ഇവന്റെ  വീട്ടുകാരും നട്ടുകാരും നമ്മളെ എടുത്ത് പെരുമാറും.' 
 
കുട്ടന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഒന്നു ഞെട്ടി. ശരീരമാസകലം ഒരു വിറയല്‍ ബാധിച്ചു. 
 
'ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയാണ്ട്  മിണ്ടാതിരുന്നേ' -ഞാന്‍ പിറകിലെ ഞരക്കത്തിനായി 
കാതോര്‍ത്തു. എന്നെ ആശ്വസിപ്പിക്കാനെന്നോണം അവന്‍ ഞരങ്ങിക്കൊണ്ടിരുന്നു. 
 
ആശുപത്രിയിലെത്തിയപ്പോള്‍ 12 മണി കഴിഞ്ഞു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു. 
 
ബ്ലഡ് ടെസ്റ്റ്, എക്‌സ്‌റേ, ഇ.സി.ജി, എം. ആര്‍ ഐ -അങ്ങനെ പല പല പേപ്പറുകള്‍ എന്റെ നേരെ നീണ്ടു വന്നു. കൗണ്ടറില്‍ ക്യാഷ് അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കുട്ടനെ നോക്കി. അവന്‍ എന്നെ നോക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ബില്ലെല്ലാം അടച്ചു 
 
രാവിലെ അകത്ത് കിടക്കുന്നവന്റെ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ, അതുവരെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ അവിടെയൊരു കസേരയില്‍ ഇരുന്ന ഞാന്‍ ഉറക്കത്തിലേയ്ക്ക് പോയത്  ഞാന്‍ പോലും അറിഞ്ഞില്ല. 
 
ഡോക്ടര്‍ വിളിക്കുന്നുവെന്ന് സിസ്റ്റര്‍ തട്ടിവിളിച്ചപ്പോഴാണ് ഉണര്‍ന്നത്. 
 
കണ്ണുകള്‍ തുടച്ച് വായുടെ കോണില്‍ക്കൂടി ഒലിച്ചിറങ്ങിയ ഉമിനീരൊക്കെ കൈകൊണ്ട് തേച്ച് കളഞ്ഞ് സാനിറ്റൈസര്‍ കൈയിലും വായിലുമൊക്കെ സ്‌പ്രേ ചെയ്ത് ഡോക്ടറുടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍, സുന്ദരനും ചെറുപ്പക്കാരനുമായ ഡോക്ടര്‍ സൗമ്യമായി പറഞ്ഞു. 
 
'ഇരിക്കൂ...'  
 
തുടര്‍ന്ന് അദ്ദേഹം ചോദിച്ചു.  
 
'നിങ്ങള്‍ പേഷ്യന്റിന്റെ ആരാ?'  
 
ഞാന്‍ നടന്ന കാര്യങ്ങളൊക്കെ ചുരുക്കിപ്പറഞ്ഞു. 
 
'സീരിയസായ ഒരു പ്രശ്‌നം കാണുന്നില്ല. മുറിവുകളൊന്നും ആഴത്തിലുള്ളവ അല്ല. തലയ്ക്കകത്തും പ്രശ്‌നം ഒന്നുമില്ല. പക്ഷേ കാലിലെ എല്ല് ഒടിഞ്ഞു മാറീട്ടുണ്ട്. എമര്‍ജന്‍സിയായി ഓപ്പറേഷന്‍ വേണം.'
 
'അയാളുടെ വീട്ടില്‍ നിന്നും ആരെങ്കിലും വന്നിട്ട് പോരേ ഡോക്ടര്‍, ഓപ്പറേഷന്‍?'-ഞാന്‍ പെട്ടെന്ന് ഇടയ്ക്കു കയറി ചോദിച്ചു. 
 
'പോരാ'- ഡോക്ടര്‍ തുടര്‍ന്നു. 'എല്ല് പൊട്ടിയതിന്റെ ചുറ്റിലുമുള്ള മസില്‍ ചതഞ്ഞിട്ടുണ്ട്. അകത്ത് മണ്ണിന്റെ അംശവും ഉണ്ടാവും. എത്രയും പെട്ടെന്ന് സര്‍ജറി നടത്തിയില്ലെങ്കില്‍ ഇന്‍ഫക്ഷനാകും.' 
 
ഞാനാകെ തളര്‍ന്നു. ഡോക്ടര്‍ അത് ശ്രദ്ധിക്കാതെ തുടര്‍ന്നു. 
 
'ഒരു ചെറുപ്പക്കാരനല്ലേ? ഇനിയെത്രനാള്‍ ജീവിതം ബാക്കി കിടക്കുന്നു? ഇങ്ങനെയൊക്കെ എന്തെങ്കിലും ചെയ്യുമ്പോഴല്ലേ നമ്മുടെയൊക്കെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത? അതുകൊണ്ട് ആദ്യ പടിയായി ഒന്നര ലക്ഷം രൂപ കൗണ്ടറിലടച്ച് ബില്ല് സെറ്റില്‍ ചെയ്യൂ...'
 
ഞാന്‍ വീണ്ടും തളര്‍ന്നു. വീണു പോകാതിരിക്കാന്‍ കസേരയില്‍ മുറുകെ പിടിച്ചു. ഒന്നര ലക്ഷം രൂപ ഈ വെളുപ്പാന്‍ കാലത്ത് എവിടെ നിന്ന് ഒപ്പിക്കും? 
 
തലകറങ്ങുന്നത് പോലെ തോന്നി. എങ്കിലും എന്റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു. അത് ചോദ്യമായി തന്നെ പുറത്തേയ്ക്കിട്ടു. 
 
'അല്ല ഡോക്ടര്‍, കാലില്‍ പൊട്ടല്‍ മാത്രമേയുള്ളുവെങ്കില്‍ അവനെന്താ ബോധം വരാത്തത്. ഈ അവസ്ഥയില്‍ സര്‍ജറി ചെയ്യാന്‍ കഴിയുമോ?' 
 
ഡോക്ടര്‍ ഒരു നിമിഷം ആലോചിച്ചു. 
 
'അതൊരു പക്ഷേ പേടിച്ചതു കൊണ്ടാവാം. വളരെ കുറഞ്ഞ സമയത്തിനുള്ളി തന്നെ അയാള്‍ നോര്‍മല്‍ ആകും. നിങ്ങള്‍ ബില്ല് അടയ്ക്കാന്‍ നോക്കൂ.' 
 
ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ഞാനാകെ ധര്‍മ്മസങ്കടത്തിലായി. ഇത്രയും തുക പെട്ടെന്നെങ്ങനെ സംഘടിപ്പിക്കും? ഞാനിപ്പോള്‍ കൈയൊഴിഞ്ഞാല്‍ ആ ചെറുപ്പക്കാരന്റെ ഭാവി അവതാളത്തിലാകും. നീണ്ട കൈകാലുകളുള്ള മെലിഞ്ഞ ശരീരമുള്ള  മുടി നീട്ടി വളര്‍ത്തിയ അവന്റെ മുഖം ഓര്‍മയില്‍ നില്‍ക്കുന്നു. 
 
അമ്മയുടെ കാര്യം എന്തായെന്നറിയാനും വയ്യ. പിണങ്ങിയിട്ടാവും രാമകൃഷ്ണന്‍ വിളിക്കാതിരുന്നത്. 
 
'സാറൊരു അധ്യാപകനല്ലേ. സര്‍ വിചാരിച്ചാല്‍ ഇത്രയും തൊക മറിയ്ക്കാനെന്താ ബുദ്ധിമുട്ട്? ആവശ്യത്തിനല്ലേ സാറേ പൈസ?  അവന്റെ വീട്ടുകാര്‍ വരുമ്പോ തിരികെ തരുകേം ചെയ്യും. നമ്മളെ ജീവിതകാലം മുഴുവന്‍ അവര്‍ നന്ദിയോടെ സ്മരിക്കും.'-അധ്യാപകന്റെ സാമൂഹിക ഉത്തരവാദിത്തം കുട്ടന്‍ പറയാതെ പറഞ്ഞില്ലേ എന്നെനിക്ക് തോന്നി. 
 
അപ്പോഴേയ്ക്കും പുറത്ത് വെളിച്ചം വന്നുതുടങ്ങിയിരുന്നു. ഞാന്‍ സുഹൃത്തുക്കളില്‍ കുറെ പേരേ വിളിച്ചു. ബില്ലടയ്ക്കാന്‍ കഴിഞ്ഞു 
 
അപ്പോഴാണ് 'അവന്റെ അമ്മേടെ നമ്പര് കിട്ടി സാറേ'-എന്ന് പറഞ്ഞ് കുട്ടന്‍ ഓടി വന്നത്. 
 
കത്തുന്ന ഹൃദയത്തിലേയ്‌ക്കൊഴുകിയ നീരുറവ ആയിരുന്നു കുട്ടന്റെ വാക്കുകള്‍. 
 
പക്ഷേ പെട്ടെന്നൊരു ടെന്‍ഷന്‍. എന്തു പറയും? അമ്മയല്ലേ? 

ഇന്നലെ മുതല്‍ മകനെ കാണാഞ്ഞിട്ട് വിഷമിച്ചിരിക്കുകയാവും പാവം. അതോ ആരെങ്കിലും വിളിച്ചറിയിച്ചുട്ടുണ്ടാവുമോ? ഇങ്ങോട്ട് തിരിച്ചു കാണുമോ? 
 
ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തു. എന്താ പറയേണ്ടതെന്നറിയില്ല. മടിച്ച് മടിച്ച് ഞാന്‍ പറഞ്ഞു. 
 
'ഞാന്‍ കുറച്ചു ദൂരേന്നാ വിളിക്കുന്നേ? ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം. എനിക്കറിയാം ഇന്നലെ മൊതലേ നിങ്ങള്‍ വെഷമിച്ചിരിക്കുവാണെന്ന്. വെഷമിക്കേണ്ട കാര്യോന്നുമില്ല. മോന്‍ എന്റടുത്തുണ്ട്. ആശുപത്രിയില്‍. ചെറിയ ഒരാക്‌സിഡന്റ. പേടിക്കാനൊന്നും ഇല്ല. നിങ്ങള്‍ പെട്ടെന്ന് തന്നെ സിറ്റീലെ നിര്‍മലാ ഹോസ്പിറ്റലില്‍ വരണം' 
 
ഞാനിത്രയും പറഞ്ഞിട്ടും ഒരു പ്രതികരണവും ഇല്ല. അവര്‍ക്ക് ഇത് ഷോക്കായി കാണുമോന്ന് ഞാന്‍ ഭയന്നു.  

'വിഷമിക്കത്തക്കതായി ഒന്നുമില്ല'-ഞാന്‍ വീണ്ടും പറഞ്ഞു. 
 
'നിങ്ങള്‍ക്കെന്തിന്റെ കേടാരുന്നു? ആ വൃത്തികെട്ടവന്‍ അവടെവിടെയെങ്കിലും കെടന്ന് ചാവട്ടെന്ന് വിചാരിച്ചാല്‍ പോരായിരുന്നാ? ഇവനൊക്കെ ചാവുന്നതാണ് നാടിനും വീട്ടിനും നല്ലത്. ഓരോ രക്ഷകന്മാര് വന്നിരിക്കുന്നു.' 
 
അവര്‍ നീട്ടി തുപ്പിയത് എനിക്ക് കേള്‍ക്കാമായിരുന്നു. 
 
എന്താ ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല. തലയ്ക്കാകെയൊരു പെരുപ്പ്! 
 
'സാറേ വേഗം ഇങ്ങോട്ട് വാ.. ഡോക്ടര്‍ വിളിക്കുന്നു'- കുട്ടനാണ് 
 
ഞാനോടിച്ചെന്നപ്പോള്‍ അവന്‍ അലറുകയാണ് 
 
'എന്റെ സാധനം താ, അതില്ലെങ്കില്‍ ഞാന്‍ തല പൊട്ടിച്ചാവും.' 
 
ഡ്രിപ്പിട്ടിരുന്ന സ്റ്റാന്റും വയറും ബോട്ടിലുമൊക്കെ മുറിയില്‍ ചിതറിക്കിടക്കുന്നു. തലയണ വലിച്ച് കീറി മുറിയാകെ പഞ്ഞിക്കഷണങ്ങള്‍ പറന്നു നടക്കുന്നു. നീട്ടി വളര്‍ത്തിയ അവന്റെ തലമുടി ചിന്നിച്ചിതറിയ അവസ്ഥയിലും മുറിവുകളില്‍ നിന്നൊക്കെ രക്തമൊലിക്കുന്നു. 
 
അടുത്തേയ്ക്ക് ചെന്ന കുട്ടന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചവന്‍ അലറി. 'നീയാണോ എന്നെ ചതിച്ചത്?' 
 
ഞാനന്തം വിട്ടു പോയി. തലയ്ക്കുണ്ടായ മരവിപ്പ് ദേഹമാസകലം വ്യാപിച്ചു. 
 
തലയ്ക്കും മനസിനും തീ പിടിച്ചു നിന്നപ്പോഴാണ്എന്റെ ഫോണ്‍ ബെല്ലടിച്ചത്. ഞാന്‍ വെളിയിലേയ്‌ക്കെത്തപ്പെട്ടു.  
 
രാമകൃഷ്ണനാണ്. 
 
'ചേട്ടനെന്തു പറ്റി? അമ്മയ്ക്ക് കുറച്ച് സീരിയസാണ്. ഏതാശുപത്രിയില്‍ കൊണ്ടു പോകണം?' 
 
എന്റെ മനസ്സിലൂടെ മെഡിസെപ് ആനുകൂല്യമുള്ള ആശുപത്രികളുടെ ലിസ്റ്റ് കടന്നുപോയി. അതിലൊരെണ്ണത്തിന്റെ പേര് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. 
 
ആശുപത്രി മുറിയില്‍നിന്ന് അപ്പോഴും അലര്‍ച്ചയും ബഹളവും കേള്‍ക്കാമായിരുന്നു.  

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios