Asianet News MalayalamAsianet News Malayalam

Malayalam Short Story : ചുവന്ന വീട്ടിലെ വയലറ്റ് പൂക്കളുടെ മണം, ജയലക്ഷ്മി ജി എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    ജയലക്ഷ്മി ജി എഴുതിയ ചെറുകഥ

chilla malayalam short story by Jayalakshmi G
Author
First Published Oct 2, 2022, 5:19 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Jayalakshmi G

 

മോട്ടു പട്ടിയുടെ അത്യന്തം ദയനീയമായ കരച്ചിലാണ് നാലാമതും അവളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. മുപ്പതാം വയസ്സില്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ലോകത്തിലെ ആദ്യ മനുഷ്യനൊന്നുമല്ല സാറാ എലിസബത്ത് വര്‍ക്കി, പക്ഷേ ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു ചുവന്ന വീട്ടില്‍ താമസിക്കുന്നത് നാട്ടുകാരായ മാന്യന്മാര്‍ക്ക് ഒരു അത്ഭുതമായി തോന്നിയതിനാലും അവളുടെ പുരികങ്ങള്‍ അവരെക്കാണുമ്പോള്‍ പൊങ്ങുന്നതിനാലും തങ്ങളാലാവുംവിധം അവര്‍ മൂന്നാം കണ്ണുകള്‍ തുറന്നുവച്ചിരുന്നു. ഉറക്കം തൂങ്ങിയാടുന്ന കണ്ണുകള്‍ വലിച്ചു തുറന്ന് സങ്കടം സഹിക്കവയ്യാതെ കുരച്ചു കരഞ്ഞു കൊണ്ടിരുന്ന മോട്ടുവിനെ നോക്കി സാറാ ഒന്ന് മുരണ്ടു, ശ്വാനപുത്രന്‍!

സ്ത്രീകള്‍ക്ക് ഭൂമിയോളം ക്ഷമ വേണമെന്ന് നിവേദനം നല്‍കിയ പ്ലാറേമാക്കല്‍ കൊച്ചുത്രേസ്യയെന്ന സ്വന്തം അമ്മയുടെ പരിവേദനങ്ങളെ കാറ്റില്‍ പറത്തി കളയാന്‍ സാറാ എലിസബത്ത് വര്‍ക്കിക്ക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. യാതൊരു ഉറപ്പുമില്ലാതെ തിരിയുന്ന ഭൂമിയുടെ ഏതോ ഒരു കോണില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അടക്കവും ഒതുക്കവും പഠിപ്പിക്കുന്നു എന്നതല്ലാതെ അതിന് പുത്തന്‍ മാനങ്ങള്‍ ഒന്നും തന്നെ ചമയ്‌ക്കേണ്ട എന്ന് മനസ്സിലാക്കാന്‍ സാറായ്ക്ക് ഒരു ഡോക്ടറേറ്റിന്റെ ആവശ്യകത ഇല്ലായിരുന്നു. എങ്കിലും പേരിനു മുന്‍പില്‍ ഡോ. എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ആത്മനിര്‍വൃതിയുടെ വലിപ്പമോര്‍ത്ത് സാറാ അതിനിറങ്ങി പുറപ്പെട്ടു. പെണ്ണുങ്ങളുടെ സ്വപ്നങ്ങള്‍ ഒരേ സമയം വിലക്കാനും വില്‍ക്കാനുമുള്ളതാണെന്ന് പ്ലാറേമാക്കല്‍ ഇട്ടി പറഞ്ഞത് സാറാ തന്റെ വേദ പുസ്തകത്തില്‍ കുറിച്ചിട്ടിരുന്നു

കൂട്ടിച്ചേര്‍ക്കാനാവാത്ത ബന്ധങ്ങള്‍ എത്ര വായിച്ചാലും തലയില്‍ക്കേറാത്ത വിഷയങ്ങള്‍ പോലെയാണെന്ന് റീത്ത കഴിഞ്ഞയാഴ്ച്ച അയച്ച ടെകസ്റ്റ് മെസേജില്‍ പറഞ്ഞിരുന്നതായി സാറാ ഓര്‍ത്തു. മോട്ടുവിന്റെ കുരയും നാട്ടുകാരുടെ കണ്ണുകളും തനിക്ക് ഒരുക്കുന്ന സുരക്ഷിത കവചത്തെയോര്‍ത്ത് അവളൊന്ന് ഊറിച്ചിരിച്ചു. ടൗണിന്റെ ഒരറ്റ് നിന്നും തുടങ്ങുന്ന ടാറിട്ട ഒരിടറോഡ് അവസാനിക്കുന്നത് ഒരു ചെമ്മണ്‍ പാതയിലാണ്. ചെമ്മണ്‍പാത തുടങ്ങുന്നിടത്ത് പൂ വില്‍ക്കുന്ന ചെല്ലമ്മയും അവരുടെ കുട്ടി വൈദേഹിയും ഉണ്ടാവും അവരാണ് സാറയുടെ അടുപ്പക്കാരെന്ന് പറയാവുന്ന മനുഷ്യന്മാര്‍ .

വിവാഹത്തിനോടുള്ള വിരക്തി ജീവിതത്തിനോട് തോന്നാതിരിക്കാന്‍ സാറാ തന്നാലാവും വിധം സ്വയം സ്‌നേഹിക്കാന്‍ തീരുമാനിച്ചു. രണ്ടാമതൊരാള്‍ക്ക് തന്റെ സ്‌നേഹം പങ്കുപറ്റാനുള്ള സാഹചര്യങ്ങളെ അവള്‍ എതിര്‍ത്തു. പ്രണയം തീരെയില്ലാത്ത ചുവന്ന വീട്ടില്‍ അവള്‍ വൈദേഹിയുടെ കയ്യില്‍ നിന്നും വാങ്ങിയ വയലറ്റ് പൂക്കളെ ഓമനിച്ചു, അവര്‍ക്ക് പേരുകളിട്ടു, അവരിലൂടെ ചിരിച്ചു, കരഞ്ഞു, ജീവിക്കാന്‍ കൊതിച്ചു! പക്ഷേ കൂട്ടിച്ചേര്‍ക്കാനാവാത്ത ബന്ധങ്ങള്‍ പാമ്പ് പതുങ്ങിയിരിക്കുന്ന മാതിരി അവളുടെ വഴികളില്‍ വിശ്രമിക്കുകയായിരുന്നു.

'ഹലോ സാറാ, ഞാന്‍ അനിരുദ്ധാണ്. തന്നെ എത്ര കാലമായി ഒന്ന് കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുന്നു!'

ഫോണിനിപ്പുറമിരുന്ന് യാന്ത്രികമായി ഈ സംഭാഷണത്തിന് ചെവിയോര്‍ത്തിരുന്ന സാറാ 'അനിരുദ്ധ് ഞാന്‍ പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ ബെഡിന്റെ തെക്കേത്തലയ്ക്കലേക്ക് എറിഞ്ഞു. അതിന് ശേഷം സാറ അനിരുദ്ധിനെക്കുറിച്ചല്ല ആലോചിച്ചത്. ഗതികിട്ടാതെ അലയുന്ന പ്രേതാത്മാക്കളെപ്പോലെയുള്ള ചില കോണ്‍ടാക്ടുകളെ പറ്റിയായിരുന്നു.

അനിരുദ്ധ് ഗുളിക കഴിക്കുമ്പോലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിളിച്ചുകൊണ്ടേയിരുന്നു. സാറാ ഗുളിക വിഴുങ്ങാനുള്ള മടി കൊണ്ട് രാത്രിയില്‍ ഒരു ഗുഡ് നൈറ്റ് ടെക്‌സ്റ്റ്് അയച്ച് ആ ദിവസത്തിന് കര്‍ട്ടനിട്ടു. അനിരുദ്ധിന് സാറയോട് ദിവ്യപ്രണയമാണോയെന്ന് ഓര്‍ത്ത് വയലറ്റ് പൂക്കള്‍ പരസ്പരം കണ്ണിറുക്കി. അത് കണ്ടില്ലാന്ന് നടിച്ച് സാറാ അവര്‍ക്ക് വെള്ളം കൊടുത്തു കൊണ്ടേയിരുന്നു. 

മെല്ലെപ്പോകുന്ന കടലാസ് തോണിയില്‍ വെള്ളമിരച്ച് കേറുന്ന പോലെ ആ ഫോണ്‍ കോളുകളുടെ എണ്ണം കൂടിവന്നു. പകുതി ചത്ത മീനിന്റെ കണ്ണു പോലെ ഫോണ്‍ മേലെ തൂങ്ങിയാടുന്ന ഫാനിനെ നോക്കിക്കിടന്നു. അങ്ങനെ ചുവന്ന വീടിന്റെ മുറ്റത്ത് ആദ്യമായൊരു വയലറ്റ് പൂവ് വിറങ്ങലിച്ച് വാടി വീണ വൈകുന്നേരം, സാറാ അനിരുദ്ധിന് നമുക്കൊന്ന് കാണാമെന്ന ശബ്ദ സന്ദേശം അയച്ചു

നട്ടുച്ച നേരത്ത് നഗരത്തിലെ മുന്തിയയിനം റസ്റ്റോറന്റില്‍ എ സിക്ക് ചോട്ടില്‍ ഇരുന്നപ്പോഴും സാറാ വിയര്‍പ്പ് ഒപ്പിക്കൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം എ ക്ലാസ്സിന്റെ നിരതെറ്റിയ ഏതോ ഒരു ബെഞ്ചിന്റെ ഓരത്ത് സില്‍വിയ പ്ലാത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായിരുന്ന അനിരുദ്ധിനെ അവള്‍ ഓര്‍ത്തെടുത്തു. 

''സാറായ്ക്ക് കുടിക്കാന്‍ കോഫി അല്ലേ, ഇഷ്ടം?''

കസേര വലിച്ചിട്ടിരിക്കും മുന്‍പേ അനിരുദ്ധ് ആരാഞ്ഞു.

''അല്ല, തല്‍ക്കാലം ഒന്നും വേണ്ട.''

'അല്ലായെന്ന് പറഞ്ഞത് ഒരു കള്ളമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!

''എങ്കില്‍ വിശ്വസിച്ചോളൂ...''

ആവിയകന്നു പോയ ഒരു കാപ്പി കപ്പ് തൊട്ടടുത്ത മേശയില്‍ ഒരു ചുണ്ടിനെക്കാത്ത് കിടന്നു. പറയാനുള്ള കാര്യങ്ങളെക്കുറിച്ച് അനിരുദ്ധ് ഏറെ ബോധവാനായിരുന്നത് കൊണ്ട് സമയം നോക്കി സമയം കളയാന്‍ സാറായ്ക്ക് കഴിഞ്ഞില്ല.

'എനിക്ക് സാറായോട് അന്നും ഇന്നും ബഹുമാനം മാത്രമേ ഉള്ളൂ, പണ്ടെന്നോ ആരോ എനിക്ക് തന്നോട് പ്രേമമാണെന്ന് പടച്ചുവിട്ടത് എന്റെ തെറ്റാണോ? അതിന് വര്‍ഷങ്ങള്‍ക്കുമിപ്പുറം ഇങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കണോ?'

ഒറ്റ ശ്വാസത്തില്‍ ഇത് പറഞ്ഞു നിര്‍ത്തുമ്പോള്‍ അനിരുദ്ധിന്റെ വെളുത്ത മുടിയിഴകള്‍ വെയിലേറ്റ് തിളങ്ങി! ആ തിളക്കം സാറായുടെ കണ്ണുകള്‍ തട്ടി.

'തന്റെ നര ഇത് വരെ മാറിയില്ലേ?'

'നരച്ചു തുടങ്ങിയതല്ലേയുള്ളൂ ഇതിനി നരയ്ക്കാന്‍ എത്രയോ ബാക്കിക്കിടക്കുന്നു!'

അനിരുദ്ധ് ചിരിച്ചു. സാറായ്ക്ക് ചിരി വന്നില്ല. 

കുറച്ച് നേരം കൊണ്ട് രൂപപ്പെട്ട ആ നിശ്ശബ്ദതയെ ഭേദിക്കാന്‍ അവര്‍ക്കിരുവര്‍ക്കും അഭിമുഖമായിരുന്ന പല്ലില്ലാത്ത ഒരു കുഞ്ഞിനായി, വാക്കുകള്‍ അന്തരീക്ഷത്തില്‍ ഒളിച്ചുകളിയവസാനിപ്പിച്ചു.

'എന്താണ് കാര്യം?'
 
കാര്യമാത്രപ്രസക്തമായ ചോദ്യം സാറായില്‍ നിന്ന് ജന്മം കൊണ്ടു.

അനിരുദ്ധിന്റെ മുടിയിഴകള്‍ക്ക് തിളക്കമേറി വരുന്നതായി സാറായ്ക്ക് തോന്നി. അയാളുടെ നുണക്കുഴിയുടെ ആഴത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ സാറാ ശ്രമിച്ചു കൊണ്ടേയിരുന്നു.

'സാറാ, എനിക്കൊരു വിവാഹം കഴിക്കണം!'

'അതിന് താന്‍ എന്തിനാണ് എന്നോട് ചോദിക്കുന്നത്?'

മുഖത്ത് വന്ന ദേഷ്യഭാവത്തെ സാറായ്ക്ക് മറയ്ക്കാന്‍ കഴിഞ്ഞില്ലായെന്ന് മാത്രമല്ല, അത് മറ്റുള്ളവരുടെ തീന്‍മേശകളിലേക്ക് പടരുകയും ചെയ്തു.

'താന്‍ ചൂടാവണ്ട, തന്നെയല്ല ഞാനുദ്ദേശിച്ചത്. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു തീരുമാനം ഉണ്ടാവില്ലെന്ന് കരുതിയതാണ് പക്ഷേ വയലറ്റ് പൂക്കള്‍ എല്ലാം മാറ്റിമറിച്ചു.' 

'വയലറ്റ് പൂക്കളോ?'

സാറാ നെറ്റിചുളിച്ചു കൊണ്ട് ആരാഞ്ഞു 

'അതെ, വയലറ്റ് പൂക്കള്‍ വില്‍ക്കുന്ന തഞ്ചാവൂര്‍കാരി ചെല്ലമ്മ, ചെല്ലമ്മ എന്നത് അവളുടെ പാട്ടി വിളിച്ചിരുന്ന പേരായിരുന്നു. ശരിക്കുമുള്ള പേര് ശിവരജ്ഞിനി എന്നാണ്, പിന്നെ അവള്‍ക്ക് ഒരു കുട്ടിയുണ്ട് -വൈദേഹി അത് എന്നെ അലട്ടുന്ന ഒരു ചിന്തയേ അല്ല!'

'ശിവരജ്ഞിനിയെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. അത് എന്നെ ഒരേ സമയം ശക്തനും  ദൗര്‍ബല്യവുമുള്ളവനാക്കുന്നു! സാറാ നീ എനിക്ക് അവരെ ഒന്ന് പരിചയപ്പെടുത്തി തരൂ. ജീവിക്കാനുള്ള മോഹം കൊണ്ട് മാത്രമാണ് ഈ അപേക്ഷ.' 

ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അനിരുദ്ധ് ഒരു സിഗററ്റിനായി പോക്കറ്റില്‍ തിരഞ്ഞു. സാറായുടെ മുഖത്തെ ചോദ്യശങ്കയ്ക്ക് അനിരുദ്ധ് നീട്ടിവലിച്ച ഒരു സിഗററ്റിന്റെ പുകയ്ക്ക് ഒപ്പം പോകാനേ സാധിച്ചുള്ളൂ.  റസ്റ്ററന്റിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ തനിക്കുമുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ജീവഹര്‍ജിക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ട ജഡ്ജിയായി അനിരുദ്ധ് തന്നെ നിയമിച്ചിരിക്കുകയാണെന്ന് സാറായ്ക്ക് തോന്നി.

ദിവസങ്ങള്‍ അനിരുദ്ധിന്റെ ഫോണ്‍ വിളികള്‍ക്കൊപ്പം നീങ്ങി. രണ്ട് പേരുടെ ലോകമായിരുന്ന ചെല്ലമ്മയുടെ വീട് പൊടിപിടിച്ച് അടഞ്ഞുകിടപ്പായി. ടൗണിലെ ഭീമന്‍ ഫ്‌ളാറ്റിലേക്ക് മാറിത്താമസിക്കുമ്പോള്‍ അനിരുദ്ധ് ചാര്‍ത്തിയ താലിയും വൈദേഹിയേയും മാത്രമേ ചെല്ലമ്മ അടുപ്പിച്ച് പിടിച്ചിരുന്നുള്ളൂ! അമ്മയാവാതെ അമ്മയാവാന്‍ തനിക്ക് കിട്ടിയിരുന്ന അവസരമാണല്ലോ വൈദേഹിയെന്നോര്‍ക്കുന്ന ഓരോ നിമിഷവും സാറായ്ക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നതായി തോന്നി.

വയലറ്റ് പൂക്കളുടെ കണ്ണുകള്‍ കുഴിയാന്‍ തുടങ്ങി, ചിലരാവട്ടെ പ്രയാസപ്പെട്ട് കണ്ണുകള്‍ തുറന്ന് സാറായെ നോക്കി നിന്നു.

സാറായുടെ തീസിസ് പേപ്പര്‍ അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയ ദിവസം, വൈദേഹിയെക്കാണാന്‍ അവള്‍ക്ക് തിടുക്കമായി. അനിരുദ്ധിനെ വിളിച്ച് വിവരം പറയാമെന്ന തോന്നലിനേക്കാളും അപ്രതീക്ഷിതമായി അവിടെ കടന്നു ചെല്ലാനുള്ള വ്യഗ്രത അവളില്‍ ഉടലെടുത്തതിനാല്‍ ചുവന്ന വീട് പൂട്ടി വയലറ്റ് പൂക്കള്‍ക്ക് ഉമ്മയും കൊടുത്ത് അവളിറങ്ങി നടന്നു.

ഫ്‌ളാറ്റിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോള്‍, അനിരുദ്ധിന്റെ വിവാഹശേഷം അവരുടെ ജീവിതം എങ്ങനെ പോകുന്നുവെന്ന് എത്തിനോക്കാതിരുന്നത് ശരിയായിരുന്നില്ല എന്ന് സാറായ്ക്ക് തോന്നി. കോണിപ്പടികള്‍ പിന്നിട്ട് അവരുടെ ഫ്‌ളാറ്റ് നമ്പറിനു മുന്നിലെത്തിയപ്പോള്‍ എന്തെന്നില്ലാത്തൊരു ഭയം അവളെ തഴുകാന്‍ തുടങ്ങി. കോളിംഗ് ബെല്‍ അമര്‍ത്തി വാതിലിനു മുന്നില്‍ ധ്യാനനിരതയായി സാറാ നിന്നു.

വാതില്‍ തുറന്നു. പക്ഷേ തുറന്നത് അവരാരുമായിരുന്നില്ല. 

സാറാ ഒരുപാട് നാളുകള്‍ക്ക് ശേഷം ഈശ്വരനെ വിളിച്ചു. അനിരുദ്ധെന്നത് ഫ്‌ളാറ്റിലെ അന്തേവാസികള്‍ക്ക് ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന സത്യത്തെ സാറാ നെഞ്ചിലേറ്റി.

തിരിച്ചിറങ്ങുമ്പോള്‍ കോണിപ്പടികള്‍ക്ക് താഴെ ഒരു ചെറിയ ശരീരം തന്നെ നോക്കി നില്‍ക്കുന്ന പോലെ ഒരു വെളിപാട് സാറായ്ക്ക് ഉണ്ടായി. മുഖം തെളിഞ്ഞ് തെളിഞ്ഞ് വന്നപ്പോള്‍ ഒരു കണ്ണില്ലാത്ത ബാര്‍ബിപ്പാവയെ പോലെ ഒരു കുട്ടി തന്നെ തുറിച്ചു നോക്കുന്നു.

വൈദേഹി!

സാറായ്ക്ക് നാക്ക് ഇറങ്ങിപ്പോയി.

വൈദേഹിയെ ഒക്കത്തിരുത്തി ചെമ്മണ്‍ പാതയിലൂടെ നടന്ന് ചുവന്ന വീട്ടിലെത്തും വരെ സാറാ ഒന്നുമുരിയാടാതെ ഭൂതകാലത്തെ തന്റെ ഭാവനയില്‍ പുനര്‍നിര്‍മ്മിച്ചു. എന്തിന്? എങ്ങനെ? എന്ന ചോദ്യങ്ങള്‍ക്കെല്ലാം ആര്? എന്ന ചോദ്യം ഉത്തരം നല്‍കി. 

ചുവന്ന വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറുമ്പോള്‍ വൈദേഹിയുടെ ശരീരം വിറയ്ക്കുന്നതായി സാറായ്ക്ക് തോന്നി. അവളെ മാറോടണച്ച് സാറാ ഏറെ നേരം കരഞ്ഞു. മുന്‍പ് ക്രിസ്തുവിന്റെ മുറിവില്‍ തലോടി മറിയം കരഞ്ഞതു പോലെ ആ കണ്ണീര്‍ വൈദേഹിയുടെ കണ്ണില്‍ ഒരു ചെറിയ നദിയുണ്ടാക്കി! 

പെട്ടെന്നുള്ള ഫോണ്‍ കോള്‍ അവരെ ആ കെട്ടിപ്പിടുത്തത്തില്‍ നിന്നും വേര്‍പിരിച്ചു.

'എന്റെ സാറാ, നീ നന്മയുള്ളവളാണ്. അതെനിക്ക് അറിയാവുന്നത് കൊണ്ട് തന്നെയാണ് നിന്നെ തന്നെ സമീപിച്ചതും! ആ ഒറ്റക്കണ്ണി കൊച്ചുപെണ്ണിനെ കിട്ടിയിട്ട് നിനക്ക് എന്തിനാ? സാറാ ബീ പ്രാക്ടിക്കല്‍. ചെല്ലമ്മയെപ്പോലെ നല്ല അനുസരണ കാണിക്കൂ. എന്റെ ആഗ്രഹത്തെ നുള്ളിക്കളയാനാണ് നിന്റെ ഭാവമെങ്കില്‍!'

'അനിരുദ്ധ്, ഇവിടെ വന്ന് കൂട്ടികൊണ്ട് പൊക്കോളൂ!' 

അത്രയും പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ സാറാ തന്റെ തീസിസ് പേപ്പറിനെക്കുറിച്ചോര്‍ത്തു. പിന്നെ എല്ലാം ദ്രുതഗതിയിലായി. 

വൈദേഹിയുടെ ഒരു കണ്ണിന്റെ സ്ഥാനത്ത് വയലറ്റ് പൂവ് സ്ഥാനം പിടിച്ചു. സാറാ പുതിയൊരു സാരിയുടുത്തു. നന്നായി മുഖം ഒരുങ്ങി, തല കോതി വയലറ്റ് പൂ ചൂടി. അവള്‍ ആ വയലറ്റ് പൂക്കളെ ഒന്നൊന്നായി അടര്‍ത്തിമാറ്റിക്കൊണ്ടേയിരുന്നു. 

അനിരുദ്ധിന്റെ ബൈക്ക് വലിയൊരു ശബ്ദത്തോടെ വന്ന് നിന്നു. സാറാ പഴയൊരു വെന്തിങ്ങയെടുത്ത് ശക്തനായ തമ്പുരാനെ ഒന്നോര്‍ത്തു. അതിന് ശേഷം വൈദേഹിയെ എടുത്ത് കൊണ്ട് പോകുന്ന അനിരുദ്ധിന്റെ വലത്തേക്കാലിന്റെ അറ്റത്ത് സാറാ ഒരാണിയടിച്ചു. വായയ്ക്ക് കരയാന്‍ സമയം കൊടുക്കാതെ സാറാ അനിരുദ്ധിനെ കുരിശില്‍ തറച്ചു കൊണ്ടേയിരുന്നു. 

ഒടുവില്‍ സാറായ്ക്ക് തന്നോട് തന്നെ ഒരുപാട് മതിപ്പുണ്ടായി. 'അസാധാരണ കൊലപാതകങ്ങള്‍ പെരുകുന്നതെങ്ങനെ' എന്ന വിഷയത്തില്‍ ഒരു ഡോക്ടറേറ്റെന്നത് ചില്ലറക്കാര്യമല്ലായെന്ന് സാറാ ലോകത്തോട് വിളിച്ചുകൂവി.

ചുവന്ന വീടിന്റെ വാതില്‍ അടച്ച് ചെമ്മണ്‍ പാത താണ്ടി വൈദേഹിയെ ഒക്കത്തിരുത്തി നടന്ന് പോകുമ്പോള്‍ വയലറ്റ് പൂക്കള്‍ ക്രൂശിതനായ സാത്താന്റെ ശരീരത്തെ പൊതിഞ്ഞ് ഉറങ്ങുകയായിരുന്നു.

പിന്നീട് മൂന്നാം കണ്ണുള്ള നാട്ടുകാര്‍ എത്രയാലോചിച്ചിട്ടും ചുവന്ന വീട്ടിലെ വയലറ്റ് പൂക്കളുടെ മണം അവര്‍ക്ക് കണ്ടെത്താന്‍ പറ്റിയില്ലത്രേ !
 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios